കോഴിക്കോട്: കരിപ്പൂർ വിമാനദുരന്തം നടന്നത് മുതൽ വീണ്ടും വാർത്തകളിൽ നിറയുകയാണ് ടേബ്ൾടോപ് റൺവേ. പലപ്പോഴും ടേബ്ൾടോപ് റൺവേ പൈലറ്റുമാരുടെയും പേടി സ്വപ്നമാണ്. അനുകൂല-പ്രതികൂല കാലാവസ്ഥയിലും ടേബ്ൾടോപ് റൺവേയിൽ വിമാനം ഇറക്കുക എന്നത് പൈലറ്റുമാരെ സംബന്ധിച്ച് ഏറെ സാഹസകരമാണ്. ഇന്ത്യയിൽ തന്നെ മംഗലാപുരം, കോഴിക്കോട്, മിസ്സോറാമിലെ ലെങ്പൊയി എന്നിവിടങ്ങളിൽ മാത്രമാണ് ഇത്തരത്തിലുള്ള ടേബ്ൾടോപ്പ് വിമാനത്താവളങ്ങളുള്ളത്.
ഇന്ന് നടന്ന വിമാന അപകടത്തിലും വില്ലനായത് ടേബിൾടോപ് റൺവേ ആണെന്ന നിഗമനവും പുറത്തുവരുന്നുണ്ട്. സാധാരണ വിമാനത്താവളങ്ങളിൽ നിന്നും വ്യത്യസ്തമാണ് ഇവ. ടേബിൾടോപ്പ് റൺവേകളിൽ 11,000 അടി ഉയരത്തിൽ പൈലറ്റിന് റൺവേ കാണാനായാൽ മാത്രമാണ് ലാൻഡിങ്ങിന് അനുമതി നൽകുകയുള്ളൂ. ഇത്തം റൺവേയിൽ വിമാനം ലാൻഡ് ചെയ്യിക്കുന്ന സമയത്ത് പൈലറ്റുമാർക്ക് അതീവ ശ്രദ്ധ അത്യാവശ്യമാണ്.
കനത്ത മഴയായതിനാൽ റൺവേയിലേക്ക് കയറിയെന്ന് കരുതി പൈലറ്റ് മുന്നോട്ട് പോകവേ, റൺവേയിൽ നിന്ന് തെന്നിമാറി വിമാനം മതിലിൽ ഇടിച്ച് താഴേക്ക് മറിഞ്ഞ് രണ്ടായി പിളർന്നെന്നാണ് പ്രാഥമിക നിഗമനം. രാത്രിയായതും പ്രതികൂല കാലാവസ്ഥയായതും ദുരന്തത്തിന്‍റെ വ്യാപ്തി കൂട്ടി.
മേശപ്പുറം പോലുള്ള റൺവേകളെ ടേബിൾടോപ് റൺവേ എന്ന് വിളിക്കുന്നത്. കുന്നിൻ ചെരിവില് സ്ഥിതിചെയ്യുന്ന ഇത്തരം റൺവേകൾക്കും ചുറ്റും കൂടുതൽ താഴ്ചയുള്ള സ്ഥലമായിരിക്കും. ദിശ അൽപ്പം തെറ്റിയാൽ മേശപ്പുറത്തുനിന്നു വീഴുന്നതോ പോലെ വിമാനം മൂക്കും കുത്തി താഴേക്ക് പതിക്കും. മംഗലാപുരം വിമാനപകടത്തിനു കാരണമായതിൽ ഒരു ഘടകം ടേബിൾടോപ്പ് റൺവേയാണ് എന്ന് നേരത്തേ വിലയിരുത്തലുണ്ടായിരുന്നു.
അതേസമയം കരിപ്പുര്‍ വിമാനത്താവളത്തില്‍ അപകടത്തില്‍ പെട്ട എയര്‍ ഇന്ത്യ വിമാനം രണ്ടു തവണ ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചതായി സൂചന. ആദ്യ ലാന്‍ഡിങ് പരാജയപ്പെട്ടതിനെ തുടര്‍ന്നാവാം രണ്ടാമത്തെ ശ്രമമെന്നാണ് പ്രാഥമിക നിഗമനം. സ്വീഡിഷ് കമ്പനിയായ ഫ്‌ളൈറ്റ് റഡാര്‍ 24 നല്‍കുന്ന മാപ്പ് അനുസരിച്ച് ടേബ്ൾടോപ് റൺവേയിൽ വിമാനം രണ്ടുതവണയാണ് ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചെന്ന് സൂചിപ്പിക്കുന്നു.
ദുരന്തത്തിൽ മരിച്ച ക്യാപ്റ്റൻ ദീപക് വസന്ത് സാത്തേ മുൻ വ്യോമസേന പൈലറ്റായിരുന്നു. വിമാനം പറത്തി 30 വർഷത്തെ പരിചയ സമ്പത്ത് ഇദ്ദേഹത്തിനുണ്ട്. എയർ ഇന്ത്യയിൽ ജോലിയിൽ പ്രവേശിക്കുന്നതിന് മുമ്പ് വ്യോമസേന കമാൻഡറായിരുന്ന സാത്തേ നിരവധി തവണ സൈനിക വിമാനങ്ങൾ പറത്തി അനുഭവ സമ്പത്തുള്ളയാളാണ്. ബോയിങ് 737 വിമാനങ്ങൾ വരെ പറത്തി പരിചയമുള്ള സാത്തേ മികവിനുള്ള പുരസ്കാരവും നേടിയിട്ടുണ്ട്. വ്യോമസേനയില്‍ 12 വര്‍ഷത്തെ സേവനത്തിന് ശേഷം വളണ്ടറി റിട്ടയര്‍മെന്റ് എടുത്താണ് ക്യാപ്റ്റന്‍ ദീപക് വി സാത്തേ എയര്‍ ഇന്ത്യയില്‍ പ്രവേശിച്ചത്. വ്യോമസേനക്ക് വേണ്ടി എയർബസ് 310എയും സാത്തേ പറത്തിയിട്ടുണ്ട്. എയർഫോഴ്സ് അക്കാദമിയിൽ നിന്ന് മികവിനുള്ള സ്വോഡ് ഓഫ് ഹോണർ ബഹുമതിയും ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.