കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളം വഴി യാത്രക്കാരുടെ എണ്ണം വർധിക്കുന്നതിനൊപ്പം നഷ്ടവും കൂടുന്നു. മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ 15 ശതമാനം വർധനവാണുണ്ടായത്. അതേസമയം, നഷ്ടം 1.35 കോടിയിൽനിന്ന് 4.6 കോടിയായി വർധിച്ചു. വലിയ വിമാനങ്ങളുടെ സർവിസ് ഇല്ലാതായതോടെയാണ് യാത്രക്കാരുടെ എണ്ണം വർധിച്ചിട്ടും നഷ്ടം കൂടിയത്. 2015^16 സാമ്പത്തികവർഷം കരിപ്പൂരിൽനിന്ന് 121.50 കോടിയാണ് എയർപോർട്ട് അതോറിറ്റിക്ക് ലഭിച്ചത്. ചെലവ് 122.85 കോടിയുമായിരുന്നു. 2016-17 സാമ്പത്തിക വർഷത്തിൽ വരുമാനത്തിൽ വർധന വന്നെങ്കിലും ചെലവുമുയർന്നു. 130.8 കോടി അതോറിറ്റിക്ക് വരുമാനമായി ലഭിച്ചപ്പോൾ ചെലവ് 135.4 കോടിയായി വർധിച്ചു.
വലിയ വിമാനങ്ങളുടെ സർവിസിന് നിയന്ത്രണം ഏർപ്പെടുത്തുന്നതിന് മുമ്പ് ലാഭത്തിലായിരുന്ന സ്ഥിതിയിൽ നിന്നാണ് നഷ്ടം കൂടുന്നത്. 2013-14ൽ 18.67 കോടിയാണ് അതോറിറ്റിക്ക് കരിപ്പൂരിൽനിന്ന് ലാഭമായി ലഭിച്ചത്. അതേസമയം, യാത്രക്കാരുടെ എണ്ണത്തിലും വിമാനങ്ങളുടെ സർവിസിലും മുൻവർഷത്തെക്കാൾ വർധനയാണ് രേഖപ്പെടുത്തിയത്. 2016-17 സാമ്പത്തികവർഷം 26,51,008 പേരാണ് കരിപ്പൂർ വഴി യാത്രയായത്. ഇതിൽ 22,11,108 പേരും അന്താരാഷ്ട്ര യാത്രക്കാരാണ്. 4,39,980 പേരാണ് ആഭ്യന്തര യാത്രക്കാർ. 15-16 ൽ 23.05 ലക്ഷവും 14-15ൽ 25.83 ലക്ഷം യാത്രക്കാരും കരിപ്പൂർ വഴി യാത്ര ചെയ്തു. സർവിസുകൾ 17 ശതമാനം വർധിച്ച് 16,141 ആയി ഉയർന്നു. വലിയ വിമാനങ്ങളുടെ സർവിസില്ലാത്തതിനാൽ ചരക്കുനീക്കത്തിൽ പുരോഗതിയില്ല. 1.7 ശതമാനം വർധന മാത്രമാണ് ചരക്കുനീക്കത്തിലുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.