കരിപ്പൂർ: റൺവേ നവീകരണഭാഗമായി 2015ൽ കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് നിർത്തലാക്കിയ വലിയ വിമാനങ്ങളുടെ സർവിസ് പുനരാരംഭിക്കാൻ എയർ ഇന്ത്യ, എമിറേറ്റ്സ് കമ്പനികൾ സമർപ്പിച്ച റിപ്പോർട്ട് ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) പരിഗണനയിൽ.
രണ്ട് വിമാന കമ്പനികളുടെയും സുരക്ഷ വിലയിരുത്തൽ, സാധ്യതപഠന റിപ്പോർട്ട് എന്നിവയാണ് അന്തിമ അനുമതിക്കായി ഡി.ജി.സി.എ പരിഗണനയിലുള്ളത്. എയർ ഇന്ത്യ കോഡ് ഇയിലെ കോഡ് ഇ വിഭാഗത്തിൽ ഉൾപ്പെടുന്ന ബി 747-400, ബി 777-300 ഇ.ആർ, ബി 777-200 എൽ.ആർ, ബി 787-8 ഡ്രീംലൈനർ വിമാനങ്ങൾക്കും എമിറേറ്റ്സ് ബി 777-300 ഇ.ആർ, ബി 777-200 എൽ.ആർ എന്നിവ ഉപയോഗിച്ചും സർവിസ് നടത്താനാണ് റിപ്പോർട്ട് സമർപ്പിച്ചത്.
ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ അന്തിമ അനുമതി നീളാനാണ് സാധ്യത. ഉദ്യോഗസ്ഥതലത്തിലാണ് തീരുമാനമെടുക്കേണ്ടതെന്ന് അധികൃതർ വ്യക്തമാക്കുന്നുണ്ടെങ്കിലും പുതിയ സർക്കാർ അധികാരത്തിലേറിയതിന് ശേഷം മാത്രമേ അനുമതി ലഭിക്കൂ. കേരളത്തിൽ നിന്നുള്ള സമ്മർദവും കൂടി പരിഗണിച്ചായിരിക്കും അനുമതി.
എയർ ഇന്ത്യ ജിദ്ദ, റിയാദ് എന്നിവിടങ്ങളിലേക്കും എമിറേറ്റ്സ് ദുബൈയിേലക്കുമാണ് അനുമതി തേടിയത്. അനുമതി ലഭിച്ചാലും ഉഭയകക്ഷി കരാർ പ്രകാരം ദുബൈയിലേക്ക് സീറ്റ് ഇല്ലാത്തത് എമിറേറ്റ്സിന് തിരിച്ചടിയാകും.
എയർ ഇന്ത്യ ഗൾഫ് സെക്ടറിന് പുറത്തേക്ക് സർവിസ് ആരംഭിക്കാനും പദ്ധതിയുണ്ട്.
എയർ ഇന്ത്യ കഴിഞ്ഞ ഡിസംബർ 15നും എമിറേറ്റ്സ് മാർച്ച് അഞ്ചിനുമാണ് സുരക്ഷ വിലയിരുത്തലുകൾക്കായി കരിപ്പൂരിലെത്തിയത്. തുടർന്ന്, വിമാനത്താവള അതോറിറ്റി ഉദ്യോഗസ്ഥരുമായി സഹകരിച്ചാണ് റിപ്പോർട്ടുകൾ തയാറാക്കി ഡി.ജി.സി.എക്ക് സമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.