മലപ്പുറം: കോഴിക്കോട് വിമാനത്താവളത്തിലെ എയർഇന്ത്യ എക്സ്പ്രസ് അപകടത്തിന്റെ രണ്ടാം വാർഷികത്തിലും നടുക്കുന്ന ഓർമകൾ പങ്കുവെക്കാൻ പരിക്കേറ്റവരും മരണപ്പെട്ടവരുടെ ആശ്രിതരും ഒത്തുചേരും.
ഞായറാഴ്ച രാവിലെ പത്തിന് അപകടമുണ്ടായ അതേ സ്ഥലത്ത് എം.ഡി.എഫ് നേതൃത്വത്തിലാണ് സംഗമം. മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ മലപ്പുറത്ത് വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വിമാനാപകട ആക്ഷൻ ഫോറം ചെയർമാൻ ടി.വി. ഇബ്രാഹിം എം.എൽ.എ അധ്യക്ഷത വഹിക്കും. ചടങ്ങിൽ കരിപ്പൂർ വിമാനാപകട ചാരിറ്റി ഫൗണ്ടേഷൻ ആഭിമുഖ്യത്തിൽ വിമാനാപകടം സംഭവിച്ച സ്ഥലത്തിന് 300 മീറ്റർ അകലെ ചിറയിൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് വിപുലമായ സൗകര്യങ്ങളോടെ കെട്ടിടം പണിയുന്നതിന്റെ ധാരണ പത്രം കൈമാറും.
യാത്രക്കാർക്ക് കിട്ടിയ ഇൻഷുറൻസ് തുകയിൽ നിന്ന് ചെറിയ തുക ശേഖരിച്ചാണ് രാജ്യത്തെ ഏറ്റവും വലിയ എസ്.സി കോളനികളിലൊന്നായ എൻ.എച്ച് കോളനിക്കാർ അടക്കം ആശ്രയിക്കുന്ന ചിറയിൽ ചുങ്കം ആശുപത്രിക്ക് കെട്ടിടം നിർമിക്കാൻ തിരുമാനിച്ചത്. കഴിഞ്ഞ രണ്ട് വർഷമായി യാത്രക്കാരെ ചേർത്ത് പിടിച്ച് ചുരുങ്ങിയ കാലംകൊണ്ട് മുഴുവൻ യാത്രക്കാരുടെയും നഷ്ടപരിഹാര തുക വാങ്ങി നൽകാൻ കഴിഞ്ഞത് വലിയ നേട്ടമാെണന്നും ഇത് കൂട്ടായ്മയുടെ വിജയമാെണന്നും എം.ഡി.എഫ് ജനറൽ സെക്രട്ടറി അബ്ദുറഹിമാൻ ഇടക്കുനി പറഞ്ഞു.
ചടങ്ങിൽ നോർക്ക വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ, പി. അബ്ദുൽ ഹമീദ് എം.എൽ.എ എന്നിവരും സംബന്ധിക്കും. എം.ഡി.എഫ് വൈസ് പ്രസിഡന്റ് അഷറഫ് കളത്തിങ്ങൽപാറ, ചാരിറ്റി ഫൗണ്ടേഷൻ ഭാരവാഹികളായ അഷറഫ് കാപ്പാടൻ, സമീർ വടക്കൻ എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.