കരിപ്പൂർ ഭൂമിയേറ്റെടുക്കൽ; നഷ്ടപരിഹാരത്തിൽ വ്യക്തത വരുത്താൻ നിർദേശം

കരിപ്പൂർ: കോഴിക്കോട് വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിന് നഷ്ടപരിഹാരത്തിൽ വ്യക്തത വരുത്താൻ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം. കഴിഞ്ഞദിവസം ചേർന്ന ജില്ല വികസന സമിതി യോഗത്തിൽ വിഷയം ടി.വി. ഇബ്രാഹീം എം.എൽ.എ ഉന്നയിച്ചിരുന്നു. തുടർന്നാണ് ഇതുസംബന്ധിച്ച് വ്യക്തത വരുത്താൻ കലക്ടർ വി.ആർ. പ്രേംകുമാർ നിർദേശിച്ചത്.

കരിപ്പൂരിൽ റൺവേ എൻഡ് സേഫ്റ്റി ഏരിയ (റെസ) നീളം കൂട്ടുന്നതിനായി 18.5 ഏക്കർ ഭൂമിയാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം സംസ്ഥാനത്തോട് ആവശ്യപ്പെട്ടത്. ഇതിന്‍റെ അടിസ്ഥാനത്തിൽ സർക്കാർ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കുന്ന അഞ്ച് കിലോമീറ്റർ ചുറ്റളവിലെ ഏറ്റവും ഉയർന്ന വില കണക്കാക്കി ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുത്ത മാതൃകയിൽ നൽകുമെന്നായിരുന്നു മന്ത്രിയടക്കമുള്ളവർ വ്യക്തമാക്കിയത്.

കൊണ്ടോട്ടി നഗരസഭ, പള്ളിക്കൽ പഞ്ചായത്ത് എന്നിവിടങ്ങളിൽ നിന്നായാണ് ഭൂമി ഏറ്റെടുക്കുന്നത്. നിലവിൽ പള്ളിക്കൽ പഞ്ചായത്ത് പരിധിയിൽ ഏറ്റെടുക്കുന്ന പ്രദേശത്തെ ഉയർന്ന വിലയാണ് പരിഗണനയിലുള്ളത്. ഇതിൽ പ്രാദേശികമായി വ്യാപക പ്രതിഷേധവും നിലനിൽക്കുന്നുണ്ട്. വികസന സമിതി യോഗത്തിൽ വിഷയം എം.എൽ.എ ഉന്നയിച്ചതോടെയാണ് അഞ്ച് കിലോമീറ്റർ പരിധിയിലെ ഉയർന്ന വില സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടത്.

മന്ത്രി വി. അബ്ദുറഹ്മാന്‍റെ അധ്യക്ഷതയിൽ വീണ്ടും യോഗം വിളിക്കുന്നതും പരിഗണനയിലുണ്ട്. ഇതിനകം, നഷ്ടപരിഹാരം സംബന്ധിച്ച് നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം, ഏറ്റെടുക്കാനുദ്ദേശിക്കുന്ന 18.5 ഏക്കർ ഭൂമി ഏതാണെന്നത് സംബന്ധിച്ചുള്ള റിപ്പോർട്ട് ലാൻഡ് അക്വിസിഷൻ വിഭാഗം കലക്ടർക്കും സംസ്ഥാന സർക്കാറിനും സമർപ്പിച്ചിട്ടുണ്ട്. വലിയ വിമാന സർവിസുകൾ പുനഃസ്ഥാപിക്കണമെങ്കിൽ സംസ്ഥാന സർക്കാർ ഭൂമിയേറ്റെടുത്ത് നൽകണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടത്. 90 മീറ്റർ നീളമുള്ള റെസ 240 മീറ്ററായി വർധിപ്പിക്കുന്നതിനാണ് ഭൂമി ഏറ്റെടുക്കുന്നത്.

Tags:    
News Summary - Karipur land acquisition; Suggestion to clarify compensation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.