കരിപ്പൂർ പാർക്കിങ് കൊള്ള: മാധ്യമപ്രവർത്തകന്‍റെ പരാതിയിൽ അമിത ഫീസ് തിരിച്ചു നൽകി

കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പാർക്കിങ്ങിന്‍റെ പേരിൽ അനധികൃതമായി ഈടാക്കിയ ഫീസ് പരാതിയെത്തുടർന്ന് എയർപോർട്ട് അതോറിറ്റി തിരിച്ചുനൽകി. മാധ്യമപ്രവർത്തകനായ സുബൈർ പി. ഖാദറിൽ നിന്ന് ഈടാക്കിയ തുകയാണ് പരാതിയെത്തുടർന്ന് തിരിച്ചു നൽകിയത്.

മാർച്ച് 23ന് ഖത്തറിൽനിന്നും വന്ന ബന്ധുവിനെ സ്വീകരിക്കാൻ രാവിലെ എട്ടു മണിയോടെയാണ് സുബൈർ വിമാനത്താവളത്തിലെത്തിയത്. വിമാനത്താവളത്തിൽ നിന്ന് യാത്രക്കാരെ ഡ്രോപ്പ് ചെയ്യാനും പിക്ക് ചെയ്യാനും എയർപോർട്ട് അതോറിറ്റി നിശ്ചയിച്ച സമയപരിധിക്കുള്ളിൽ തന്നെ ബന്ധുവിനെ പിക്ക് ചെയ്തിരുന്നു.

വിമാനത്താവളത്തിലെ പാർക്കിങ് ഫീസ് 

എന്നാൽ പാർക് ചെയ്യാത്ത കാറിന് ഗേറ്റ് ഫീസ് എന്ന പേരിൽ അധികൃതർ 60 രൂപ വേണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. നൽകാൻ വിസമ്മതിച്ചപ്പോൾ വാഹനം ലോക്ക് ചെയ്യാൻ അധികൃതർ തുനിഞ്ഞതോടെ പണം അടച്ച് ബില്ല് വാങ്ങുകയായിരുന്നു. പിന്നാലെ എയർപോർട്ട് അതോറിറ്റിക്ക് ഇമെയിൽ വഴി പരാതിയും നൽകി.

തെറ്റുപറ്റിയതിൽ ക്ഷമ ചോദിച്ച് പണം യു.പി.ഐ വഴി റീഫണ്ട് ചെയ്യുകയായിരുന്നു. അറൈവൽ ഗേറ്റിലേക്കുള്ള വഴി ബ്ലോക്ക് ചെയ്ത് പാര്‍കിങ് ഏരിയയിലൂടെ വാഹനങ്ങള്‍ കയറ്റി വിട്ടാണ് അന്യായമായി അധികൃതർ പണം ഈടാക്കുന്നത്. ഇതിനെതിരെ പ്രതിഷേധം വ്യാപകമാണെങ്കിലും പലർക്കും പരാതി നൽകുന്നതിനെ കുറിച്ച് ധാരണയില്ലാത്തതിനാൽ പിൻമാറുകയാണ് പതിവ്.

അനധികൃത ഫീസ് ഈടാക്കിയാൽ എങ്ങനെ പരാതിപ്പെടാം ?

പണം നൽകി ബില്ല് വാങ്ങി സൂക്ഷിക്കുക. ഇ മെയിൽ വഴി apd_calicut@aai.aero, itm.cl@aai.aero എന്ന അഡ്രസ്സിലേക്ക് കൃത്യമായ പരാതി സമയം, തീയതി വെച്ച് അയക്കുക. പരാതിക്കൊപ്പം ഫീസ് ഈടാക്കിയ ബില്ലിന്‍റെ പകർപ്പും അറ്റാച്ച് ചെയ്യുക. മലയാളത്തിലോ ഇംഗ്ലീഷിലോ പരാതി അയക്കാവുന്നതാണ്. പരാതി ലഭ്യമായാൽ അതേ മെയിലിലേക്ക് മറുപടി ലഭിക്കും.

Tags:    
News Summary - Karipur parking Excess fee refunded on the complaint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.