കോഴിക്കോട്: വർഷങ്ങളായി തടവിൽ കഴിയുന്ന മഅ്ദനിയെ മോചിപ്പിക്കാൻ കർണാടക മുഖ്യമന്ത്രി കർണാടക ഗവർണറോട് ആവശ്യപ്പെടണമെന്ന് റിട്ട. ജസ്റ്റിസ് മാർകണ്ഡേയ കട്ജു. ഭരണഘടനയുടെ 161ാം വകുപ്പ് അനുസരിച്ച് നിയമസഭ അഭ്യർഥിക്കുകയാണെങ്കിൽ ഈ അധികാരം ഉപയോഗിച്ച് ഗവർണർക്ക് അബ്ദുന്നാസിർ മഅ്ദനിയെ വിട്ടയക്കാം. കേരള മുഖ്യമന്ത്രി ഇക്കാര്യത്തിൽ കർണാടക സർക്കാറിൽ സമ്മർദം ചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സിറ്റിസൺ ഫോറം ഫോർ മഅ്ദനി സംഘടിപ്പിച്ച ഉത്തരമേഖല ഐക്യദാർഢ്യ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു കട്ജു.
മഅ്ദനിയെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും താൻ കത്തെഴുതിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോയമ്പത്തൂർ സ്ഫോടനക്കേസിൽ ഉൾപ്പെട്ട് മഅ്ദനി ഒൻപത് വർഷം തെറ്റായി പ്രതിചേർക്കപ്പെട്ട് ജയിലിൽ കഴിച്ചുകൂട്ടുകയായിരുന്നു. വീണ്ടും 13 വർഷമായി അദ്ദേഹം തടങ്കലിലാണ്. 2011ൽ മഅ്ദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന രണ്ടംഗ ബെഞ്ചിൽ അംഗമായിരുന്നു താൻ. അന്ന് സഹജഡ്ജ് തയാറാകാതിരുന്നതുകൊണ്ട് മഅ്ദനിക്ക് ജാമ്യം നൽകാൻ കഴിഞ്ഞില്ല. അതിൽ തനിക്ക് അതിയായ ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ നാട്ടിൽ കുറ്റകൃത്യങ്ങൾ തെളിയിക്കുന്നത് ശാസ്ത്രീയ രീതിയിലല്ല. പൊലീസുകാരുടെമേൽ വരുന്ന സമ്മർദങ്ങളുടെ അടിസ്ഥാനത്തിൽ സ്ഫോടനക്കേസുകൾ ആരുടേയെങ്കിലും തലയിൽ കെട്ടിവെക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ അശാസ്ത്രീയമായി കേസ് അന്വേഷണം നടത്തിയതിന്റെ ഇരയാണ് മഅ്ദനി. അദ്ദേഹത്തിന് നഷ്ടപ്പെട്ട വർഷങ്ങൾ ആരാണ് തിരിച്ചുനൽകുകയെന്നും ജസ്റ്റിസ് മാർകണ്ഡേയ കട്ജു ചോദിച്ചു.
കാരാട്ട് അബ്ദൽ റസാഖ് അധ്യക്ഷത വഹിച്ചു.
വർക്കല രാജ്, കാസിം ഇരിക്കൂർ, അഡ്വ. കെ.എ. ഷഫീഖ്, സി.ടി. ശുഹൈബ്, എ.പി. അബ്ദുൽ വഹാബ്, ഷിബു മീരാൻ, നിസാർ മേത്തർ, അഡ്വ. ഡാനിഷ്, ശശികുമാർ വർക്കല, അഡ്വ. ലൈല അഷ്റഫ്, ജാഫർ അത്തോളി, ഫായിസ കരുവാരക്കുണ്ട് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.