തൃശൂര്‍: മലയാള മാസം ഒന്നാം തീയതി വെളുക്കുമ്പോള്‍ ആരും വിളിക്കാതെ ‘പത്രക്കാര്‍’ തൃശൂര്‍ രാമനിലയത്തിലത്തെിയ കാലം. പതിവ് ദര്‍ശനം കഴിഞ്ഞ് ഗുരുവായൂരില്‍നിന്ന് മിന്നല്‍പിണര്‍ പോലെ കുതിച്ചത്തെി പഴയ ബ്ളോക്കിലെ ഒന്നാം നമ്പര്‍ മുറിയിലെ ചാരുകസേരയില്‍ അനുയായികളാലും ആശ്രിതരാലും പൊതിഞ്ഞ് ആസനസ്ഥനായ തേജോരൂപം അവരെ അങ്ങോട്ട് വലിച്ചത്തെിക്കുകയാണ്. വാര്‍ത്താസമ്മേളനമൊന്നുമല്ല; ഒരു വെടിവട്ടം. ഓരോന്ന് ചോദിക്കും, ലീഡര്‍ സൗകര്യം പോലെ മറുപടി പറയും.
ചിലതിനുത്തരം ഒരു കണ്ണിറുക്കലാവും. മറ്റു ചിലതിന് പല്ലുകള്‍ ഉരസി വാചാലമായ ചിരി. വേറെ ചിലപ്പോള്‍ ആരുടെയെങ്കിലും നെഞ്ച് പിളര്‍ക്കുന്ന കമന്‍റ്. ഒരുകാലത്ത് കേരള രാഷ്ട്രീയത്തെ സജീവമാക്കി നിര്‍ത്തിയത് ഈ ‘രാമനിലയം മാധ്യമ സദസ്സ് ആയിരുന്നു. അതിന്‍െറ കേന്ദ്രകഥാപാത്രമായ ലീഡര്‍ കെ. കരുണാകരന്‍െറ വേര്‍പാടിന് ഇന്ന് ആറുവര്‍ഷം.
കണ്ണൂരില്‍നിന്ന് ചിത്രംവര പഠിക്കാന്‍ തൃശൂരിലത്തെിയതും തൊഴിലാളി സംഘടനാ പ്രവര്‍ത്തകനായി തുടങ്ങിയതുമൊക്കെ എല്ലാവര്‍ക്കുമറിയുന്ന ചരിത്രം. തുടര്‍ച്ചയായി തെരഞ്ഞെടുക്കപ്പെട്ട മാള മണ്ഡലത്തിന്‍െറ മാണിക്യമെന്ന് വിശേഷണം. ഭരിച്ചും പ്രതിപക്ഷത്തിരുന്നും തലസ്ഥാനത്ത് 24 മണിക്കൂര്‍ സാന്നിധ്യമറിയിച്ച നേതൃത്വം. തട്ടകമെന്ന് വിശേഷണമുള്ള തൃശൂരിന്‍െറ ഹൃദയമിടിപ്പ് ഒരുകാലത്ത് നിയന്ത്രിച്ചത് കരുണാകരനായിരുന്നു. വെടിച്ചില്ലുപോലെ ഗുരുവായൂരിലേക്കുള്ള യാത്ര, തിരിച്ച് രാമനിലയത്തില്‍ എത്തുമ്പോള്‍ ‘ദര്‍ശനം’ കാത്ത് കുറേപേര്‍. അവരെയെല്ലാം പരിഗണിച്ച നേതാവ്. തൃശൂരില്‍ ലീഡറുടെ മറ്റൊരു താവളം പൂങ്കുന്നത്തെ മുരളീമന്ദിരമായിരുന്നു. മകന്‍ മുരളീധരന്‍െറ പേരിട്ട ആ വീട്ടില്‍ ഇപ്പോള്‍ മകള്‍ പത്മജ വേണുഗോപാലാണ് താമസം.
ആഴ്ചയില്‍ നാലുദിവസം മുരളീമന്ദിരത്തിലും ശേഷിക്കുന്ന ദിനങ്ങളില്‍ തിരുവനന്തപുരത്തും എറണാകുളത്തുമായി അവരുണ്ടാകും. മുരളീമന്ദിരത്തില്‍ ഭാര്യ കല്യാണിക്കുട്ടിയമ്മയുടെ സമാധിക്കടുത്താണ് കരുണാകരന്‍ ‘ഉറങ്ങുന്നത്’. ആറാം വാര്‍ഷിക ദിനമായ ഇന്ന് അവിടം സജീവമാകും.‘വര്‍ഷങ്ങള്‍ കഴിയുന്തോറും അച്ഛന്‍ കൂടുതല്‍ പ്രശസ്തനാവുകയല്ളേ’ -പത്മജ ചോദിക്കുന്നു. തുറന്ന് അഭിപ്രായം പറയുമ്പോള്‍ ശത്രുപക്ഷത്ത് ആള്‍ബലം കൂടുന്നതില്‍ അദ്ദേഹം പരിഭ്രമിച്ചില്ല. ആര്‍ക്കെങ്കിലും ഇഷ്ടമാകില്ളെന്നുകരുതി ഉള്ളത് പറയാതിരുന്നില്ല.
ഇങ്ങനെ വെട്ടിത്തുറന്ന് പറയണോ എന്ന് ചോദിച്ചാല്‍ എനിക്കുവേണ്ടിയല്ല, പാര്‍ട്ടിയുടെ കാര്യമാണ് പറയുന്നത് എന്നായിരിക്കും മറുപടി. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പ്രതിപക്ഷത്തുപോലും ആത്മാര്‍ഥ സുഹൃത്തുക്കള്‍ ഉണ്ടായത് ഈ സമീപനം കാരണമായിരുന്നു’ -അവര്‍ ഓര്‍ക്കുന്നു. കരുണാകരന്‍െറ കയറ്റം കണ്ട തൃശൂര്‍ അദ്ദേഹത്തിന്‍െറ കിതപ്പിനും സാക്ഷിയായി. ലോക്സഭയിലേക്ക് മത്സരിച്ചപ്പോള്‍ ദയനീയ പരാജയം, മകന്‍ മുരളീധരന് വടക്കാഞ്ചേരി മണ്ഡലത്തിലേറ്റ തോല്‍വി... എല്ലാം കാണേണ്ടിവന്നു.
തൃശൂര്‍ ഇത്തരത്തില്‍ പ്രതികരിക്കുമെന്ന് സ്വപ്നത്തില്‍പോലും കരുതാതിരുന്നതുകൊണ്ടാവാം ‘മുന്നില്‍നിന്നും പിന്നില്‍നിന്നും കുത്തി’യെന്ന് തുറന്നുപറഞ്ഞത്. കൂടെനടന്ന് ഓരോന്ന് നേടിയവരിലെ നെല്ലും പതിരും അദ്ദേഹം തിരിച്ചറിഞ്ഞ കാലമാണത്. കോണ്‍ഗ്രസിനെ ഉപേക്ഷിച്ച് ‘ഡെമോക്രാറ്റിക് ഇന്ദിര കോണ്‍ഗ്രസ്’ എന്ന പാര്‍ട്ടി രൂപവത്കരിച്ചതും തൃശൂരില്‍ത്തന്നെ. എന്നിട്ടും കോണ്‍ഗ്രസ് അദ്ദേഹത്തെ പുറത്താക്കിയില്ല. ഡി.ഐ.സിയുടെ പ്രവര്‍ത്തനം അവസാനിപ്പിച്ച് അദ്ദേഹം മടങ്ങിയത്തെുമ്പോള്‍ കോണ്‍ഗ്രസിന്‍െറ വാതിലുകള്‍ തുറന്നുകിടന്നു.
അത് കരുണാകരന്‍െറ സംഭാവനകള്‍ തിരിച്ചറിഞ്ഞതുകൊണ്ടാകാം. അദ്ദേഹം വിവാദങ്ങളില്‍ സ്വയം ചാടിയതോ, അതോ ചാടിച്ചതോ എന്ന കാര്യംപോലും തര്‍ക്കവിഷയമാണിന്ന്. പക്ഷേ, തര്‍ക്കമില്ലാത്ത ഒന്നുണ്ട്; മതേതരത്വത്തെ കോണ്‍ഗ്രസിന്‍െറ ജീവശ്വാസമായി കൊണ്ടുനടന്ന മുഖമായിരുന്നു കെ. കരുണാകരന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.