ഹരിപ്പാട്: 'കഴിഞ്ഞതിൽനിന്ന് പഠിക്കുക, വർത്തമാനകാലത്തിൽ ജീവിക്കുക, ഭാവിക്കായി പ്രതീക്ഷിക്കുക'-കരുവാറ്റ ബാങ്ക് കവർച്ചക്കേസിൽ പിടിയിലായ തസ്കരവീരൻ ആൽബിൻ രാജിനെ പൊലീസ് മാധ്യമപ്രവർത്തകർക്ക് മുന്നിൽ എത്തിച്ചപ്പോൾ അയാൾ ധരിച്ചിരുന്ന ടി ഷർട്ടിൽ ഇംഗ്ലീഷിൽ ഈ വരികൾ കുറിച്ചിരുന്നു; 'ലേൺ ഫ്രം പാസ്റ്റ് ലിവ് ഫോർ പ്രസൻറ് ഹോപ് ഫോർ ഫ്യൂച്ചർ'.
അക്ഷരാർഥത്തിൽ ഈ വാചകങ്ങളുടെ കൃത്യമായ പ്രയോഗവത്കരണമാണ് ചാൾസ് ശോഭരാജിെനയും ബണ്ടി ചോറിെനയുംപോലെ നാളെ കുപ്രസിദ്ധിയാർജിക്കുമായിരുന്ന ഒരു മോഷ്ടാവായി തീരുമായിരുന്ന ആൽബിൻ രാജ് നടത്താൻ ശ്രമിച്ചതെന്ന കാര്യത്തിൽ അന്വേഷണസംഘത്തിന് സംശയമില്ല.
കരുവാറ്റ ബാങ്ക് കവർച്ചക്കേസ് അന്വേഷിക്കാൻ പ്രത്യേകമായി നിയോഗിക്കപ്പെട്ട ഓപറേഷൻ ഹോളിഡേ ഹണ്ടേഴ്സ് മുഖ്യപ്രതി തിരുവനന്തപുരം കാട്ടാക്കട കട്ടക്കോട് പാറക്കാണി മേക്കുംകരയിൽ ആൽബിൻ രാജിനെ(37) അതിസാഹസികമായാണ് പിടികൂടിയത്. രണ്ടും മൂന്നും പ്രതികളെ പിടികൂടിയ അന്വേഷണസംഘം വെളിയിലുള്ള കവർച്ചയുടെ സൂത്രധാരനായ ഒന്നാം പ്രതി ആൽബിനെ പിടികൂടിയതോടെ പൂർണ വിജയം നേടുകയായിരുന്നു.
ആൽബിെൻറ രണ്ടാമത്തെ ബാങ്ക് കവർച്ചയായിരുന്നു കരുവാറ്റയിലേത്. 2016ൽ നെയ്യാറ്റിൻകര പെരുങ്കടവിള ആങ്കോട് സഹകരണ ബാങ്കിൽ കവർച്ച നടത്താനുള്ള ശ്രമം പൊളിയുകയായിരുന്നു.
ഓണത്തിെൻറ നീണ്ട അവധിക്കാലമായിരുന്നു അന്നും തെരഞ്ഞെടുത്തത്. ബാങ്കിെൻറ ജനൽക്കമ്പി അറുത്ത് നീക്കുകയും 80 കിലോ ഭാരമുള്ള ഓക്സിജൻ സിലിണ്ടർ ഒറ്റക്ക് ചുമന്ന് സമീപത്തെ കുറ്റിക്കാട്ടിൽ ഒളിപ്പിക്കുകയുമായിരുന്നു. എന്നാൽ, പിറ്റേന്ന് യാദൃച്ഛികമായി ബാങ്ക് തുറന്നതിനാൽ കവർച്ചശ്രമം പരാജയപ്പെട്ടു. കമ്പ്യൂട്ടർ ഹാർഡ് ഡിസ്കാണെന്ന് കരുതി കൊണ്ടുപോയത് ഇൻറർനെറ്റ് മോഡവും അനുബന്ധ ഉപകരണങ്ങളുമായിരുന്നു. ഈ പിഴവാണ് ആൽബിനെ കുടുക്കിയത്. സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ച െപാലീസ് കൃത്യമായി ആൽബിനെ വലയിലാക്കുകയായിരുന്നു.
അന്നത്തെ ബാങ്ക് കവർച്ചയിൽനിന്ന് പിഴവുകൾ തിരിച്ചറിഞ്ഞ് പുതിയ പാഠങ്ങൾ അനുവർത്തിച്ചാണ് കരുവാറ്റ ബാങ്ക് കവർച്ച ആസൂത്രണം ചെയ്തത്. അവിടെയാണ് ടി ഷർട്ടിൽ പറയും േപാലെ ഭൂതകാലത്തിൽനിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് ഹാർഡ് ഡിസ്ക് എടുക്കുന്നതിന് പകരം കമ്പ്യൂട്ടർതന്നെ കടത്തിക്കൊണ്ടുപോയി. ആദ്യഭാഗം ശരിയായെങ്കിലും പഴുതുകൾ അടച്ചുള്ള അന്വേഷണം ആൽബിനെ വീഴ്ത്തി.
പൊലീസാകട്ടെ തിരിച്ച് മോഷ്ടാവിെൻറ രീതികൾ പരിശോധിച്ച് സമാനരീതിയിൽ നടന്ന പഴയ കുറ്റകൃത്യങ്ങളിലേക്ക് അന്വേഷണം കൊണ്ടുപോയി. അങ്ങനെയാണ് പരാജയപ്പെട്ട പഴയ കവർച്ചയുടെ വിവരങ്ങൾ കേരള പൊലീസ് ശേഖരിച്ച് പ്രതി ആൽബിനാണെന്ന കണ്ടെത്തലിലെത്തിയത്.
ടി ഷർട്ടിലെ ആപ്തവാക്യത്തിൽ പറയുംപോലെ ഭാവിയിൽ പ്രതീക്ഷയർപ്പിച്ച് നടത്തിയ വർത്തമാനകാലത്തിലെ കവർച്ച പൊലീസ് ഓപറേഷൻ ഹോളിഡേ ഹണ്ടേഴ്സിലൂടെ തകർക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.