കൊച്ചി: കാസര്‍കോടുനിന്ന് 20 പേരെ ദുരൂഹ സാഹചര്യത്തില്‍ കാണാതായതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിക്ക് അഞ്ചുവർഷം കഠിന തടവ്. വയനാട് കൽപറ്റ സ്വദേശി നാഷിദുൽ ഹംസഫറിനെയാണ് (29) എറണാകുളം പ്രത്യേക എൻ.ഐ.എ കോടതി ശിക്ഷിച്ചത്. കുറ്റം ഏറ്റുപറഞ്ഞതോടെ വിചാരണ നടപടികളിലേക്ക് കടക്കാതെ ശിക്ഷ വിധിക്കുകയായിരുന്നു.
വിവിധ വകുപ്പുകൾപ്രകാരം 18 വർഷത്തെ ശിക്ഷ വിധിച്ചെങ്കിലും ശിക്ഷ ഒരുമിച്ച് അഞ്ച് വർഷം അനുഭവിച്ചാൽ മതി. ഇതുവരെ ജയിലിൽ കിടന്ന കാലയളവ് ഇളവ് ചെയ്യാനും കോടതിയുടെ നിർദേശമുണ്ട്. ഇതനുസരിച്ച് 2018 സെപ്റ്റംബറിൽ അറസ്റ്റിലായ പ്രതി ഇനി ഒരു വർഷവും 10 മാസവും ജയിൽശിക്ഷ അനുഭവിക്കണം. ശിക്ഷാവിധിക്കുശേഷം പ്രതിയെ വിയ്യൂരിലെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റി.
ശിക്ഷാവിധിക്ക് മുമ്പ് പ്രത്യേക കോടതി ജഡ്ജി അനിൽ ഭാസ്കർ പ്രതിക്ക് ശോഭനമായ ഭാവിയുണ്ടാവട്ടേയെന്ന് ആശംസിച്ചു. കൂടാതെ, വ്യക്തി വികാസത്തിന് മതം സഹായകമാകുമെന്ന് ജഡ്ജി ഓർമിപ്പിച്ചു. മതം വ്യക്തികൾക്കുള്ളതാണ്, ഏത് വിശ്വാസം പിന്തുടരണമെന്ന് അവർക്ക് തെരഞ്ഞെടുക്കാം. എന്നാൽ, സമൂഹത്തിെൻറ കാര്യം വരുേമ്പാൾ നമ്മുടെ ഭരണഘടനയാണ് മതം. എല്ലാ മതങ്ങളോടും ബഹുമാനമുണ്ടാകണം. നല്ല ഭാവിക്കായി നല്ല ചുവടുവെപ്പുകൾ നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും കോടതി കൂട്ടിച്ചേർത്തു.
നാഷിദിെൻറ പിതാവ് അർബുദത്തെ അതിജീവിച്ച ആളാണെന്നും മാതാവ് കിടപ്പിലാണെന്ന് അറിയാമെന്നും കോടതി പറഞ്ഞു. ചെറുപ്പക്കാരനായ നാഷിദ് വീട്ടിലെ സാഹചര്യങ്ങൾ മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ജഡ്ജി തുറന്ന കോടതിയിൽ പറഞ്ഞു. 2017 ഒക്ടോബറിൽ ബംഗളൂരുവിൽ ജോലി ചെയ്തിരുന്ന നാഷിദ് കാസർകോട് സ്വദേശികൾക്കൊപ്പം ഐ.എസിൽ ചേരാൻ രാജ്യം വിട്ടെന്നാണ് പറയുന്നത്.
വയനാട് സ്വദേശിയായ സുഹൃത്തിനൊപ്പം ഇറാൻ വഴി അഫ്ഗാനിലേക്ക് കടക്കാനായിരുന്നു പദ്ധതി. ഇതിനിടെ, സുഹൃത്ത് മടങ്ങിപ്പോന്നു. യാത്ര തുടർന്ന നാഷിദിനെ അഫ്ഗാൻ പൊലീസ് പിടികൂടി ജയിലിലടച്ചു. 2018 സെപ്റ്റംബറിലാണ് ഇന്ത്യയിലേക്ക് നാടുകടത്തിയത്. ഈ കേസിലെ മറ്റൊരു പ്രതിയായ ബിഹാർ സ്വദേശിനിയെ കോടതി നേരത്തേ ശിക്ഷിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.