സമം പദ്ധതി; ജില്ലതല ആലോചന യോഗം ചേര്‍ന്നു

കാസർകോട്: സ്ത്രീ പുരുഷ സമത്വം എന്ന ആശയം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സാംസ്‌കാരിക വകുപ്പ് ഒരുക്കുന്ന 'സമം' പദ്ധതിയുടെ ജില്ലതല ആലോചന യോഗം ജില്ല പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. സമം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ഒരു വര്‍ഷം നീളുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത് . ഇതിന്റെ ഭാഗമായി ജില്ലയില്‍ ഏപ്രില്‍ ആദ്യവാരം മടിക്കൈ ടി.എസ്. തിരുമുമ്പ് സാംസ്‌കാരിക സമുച്ചയത്തില്‍ മൂന്ന് ദിവസം നീളുന്ന കലാ സാംസ്‌കാരിക പരിപാടികളും സെമിനാറുകളും സംഘടിപ്പിക്കും. സംസ്ഥാന ദേശീയ അന്തര്‍ദേശീയ തലത്തില്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച ജില്ലയിലെ 10 വനിതകളെ പരിപാടിയില്‍ ആദരിക്കും. പരിപാടികളുടെ സംഘാടക സമിതി രൂപവത്​കരണ യോഗം മാര്‍ച്ച് 11ന് വൈകീട്ട്​ നാലിന് മടിക്കൈയില്‍ ചേരും. ജില്ലയിലെ ജനപ്രതിനിധികളെയും വിവിധ വകുപ്പ് പ്രതിനിധികളെയും കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തികളെയും യുവജന സംഘടന പ്രതിനിധികളെയും ഉള്‍പ്പെടുത്തി 51 പേരടങ്ങുന്ന സംഘാടക സമിതി രൂപവത്​കരിക്കും. സമം ജില്ല സമിതി ചെയര്‍മാനും ജില്ല പഞ്ചായത്ത് പ്രസിഡന്‍റുമായ പി. ബേബി ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആലോചന യോഗത്തില്‍ സമം പ്രോഗ്രാം കമ്മിറ്റി അധ്യക്ഷ സുജ സൂസന്‍ ജോര്‍ജ്, കള്‍ച്ചറല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. എം.പി. രാധാമണി എന്നിവര്‍ ഓണ്‍ലൈനിലൂടെ സംസാരിച്ചു. ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ എസ്.എന്‍. സരിത, ജില്ല യൂത്ത് പ്രോഗ്രാം ഓഫിസര്‍ പി.സി. ഷിലാസ് എന്നിവര്‍ പങ്കെടുത്തു. samam സമം പദ്ധതിയുടെ ജില്ലതല ആലോചന യോഗത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റും സമം ജില്ല സമിതിയുടെ ചെയര്‍മാനുമായ പി. ബേബി ബാലകൃഷ്ണന്‍ സംസാരിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.