പോരാട്ടവഴികളിലെ സമരനായകര്‍ക്ക് ആദരം കാസർകോട്: ഗോവ വിമോചന കാലഘട്ടത്തിലെയും പിന്നിട്ട സമരവീഥികളിലെയും ഉജ്ജ്വലമായ ഏടുകള്‍ കെ.വി. നാരായണനും കെ.എം.കെ. നമ്പ്യാരും ഓര്‍ത്തെടുക്കുന്നത് ഇന്നലെ കഴിഞ്ഞതുപോലെയാണ്. പതിറ്റാണ്ടുകള്‍ക്ക് സാക്ഷ്യംവഹിച്ച ഇരുവരിലും അന്നത്തെ ആവേശവും പോരാട്ടവീര്യവും വറ്റിയിട്ടില്ല. രാജ്യം സ്വതന്ത്രമായതിന്റെ 75 വര്‍ഷം പിന്നിട്ടതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ആസാദി കാ അമൃത് മഹോത്സവത്തോടനുബന്ധിച്ചാണ് ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസ്, ജില്ല ഭരണകൂടം എന്നിവരുടെ നേതൃത്വത്തില്‍ ജില്ലയിലെ സ്വാതന്ത്ര്യ സമരസേനാനികളെ ആദരിച്ചത്. സ്മരണകളില്‍ വീണ്ടും സമരാവേശം നിറച്ച് കെ.വി. നാരായണന്‍ കാസർകോട്: 'പുഴ കടന്ന് ഗോവയിലെത്തിയ ഞങ്ങളെ പോര്‍ച്ചുഗീസ് പൊലീസ് വെടിവെച്ച് ഭയപ്പെടുത്തി. അടിച്ചു പരിക്കേല്‍പിച്ചു. കനത്ത മഴയും ഉണ്ടായിരുന്നു. ഞങ്ങള്‍ ഒരു കത്തീഡ്രല്ലിന് മുന്നില്‍ ഒരുമിച്ചു കൂടി. കുടിക്കാന്‍ വെള്ളം പോലും തന്നില്ല. ചോദിച്ചപ്പോള്‍ അടിയായിരുന്നു. കഠിന മര്‍ദനമാണ് ഏല്‍ക്കേണ്ടി വന്നത്'. പറങ്കികളെ തുരത്താന്‍ ഗോവയിലെത്തിയ മലയാളികളില്‍ മുമ്പനായ കെ.വി. നാരായണന്റെ സ്മരണകളില്‍ വീണ്ടും സമരാവേശം നിറഞ്ഞു. 'ആസാദി കാ അമൃത് മഹോത്സ'വത്തിന്റെ ഭാഗമായി ജില്ല ഭരണകൂടവും ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസും നെഹ്‌റു ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളജ് എൻ.എസ്.എസ് യൂനിറ്റിന്റെ സഹകരണത്തോടെ നടത്തിയ സ്വാതന്ത്ര്യ പോരാളികളെ ആദരിക്കല്‍ ചടങ്ങിലാണ് ജ്വലിക്കുന്ന സ്വാതന്ത്ര്യസമര ഓര്‍മകള്‍ അദ്ദേഹം പങ്കുവെച്ചത്. രാജ്യത്തിന്റെ ഒരു തരിമണ്ണുപോലും വിദേശികള്‍ക്ക് വിട്ടുകൊടുക്കില്ലെന്ന പ്രഖ്യാപനമായിരുന്നു ഗോവന്‍ വിമോചന സമരം. ക്രൂര പീഡനത്തിന്റെ കഥയടക്കം അദ്ദേഹം സദസ്സുമായി പങ്കുവെച്ചു. സബ്കലക്ടര്‍ ഡി.ആര്‍. മേഘശ്രീ ചടങ്ങ് ഉദ്ഘാടനം ചെയ്ത് കെ.വി. നാരായണനെ ആദരിച്ചു. നിഷ്ഠൂര മർദനങ്ങളെ അതിജീവിച്ചാണ് നാരായണന്‍ ഉള്‍പ്പെടെയുള്ളവര്‍ ഗോവ വിമോചന സമരം നയിച്ചത്. സ്വാതന്ത്ര്യസമരം നയിച്ച നേതാക്കളുടെയും വിമോചനത്തിനായി വീര ത്യാഗം ചെയ്തവരുടെയും ഉജ്ജ്വല സ്മരണകള്‍ വരും തലമുറകള്‍ക്ക് കരുത്തുപകരാനാകുമെന്നും സബ്കലക്ടര്‍ ഡി.ആര്‍. മേഘശ്രീ പറഞ്ഞു. ചരിത്രകാരന്‍ പ്രഫ. കെ.പി. ജയരാജന്‍ സ്വാതന്ത്ര്യ സമരസേനാനി കെ.വി. നാരായണനെ പരിചയപ്പെടുത്തി. കോളജ് പ്രിന്‍സിപ്പൽ ഡോ. കെ.വി. മുരളി അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസര്‍മാരായ വി. വിജയകുമാര്‍ , എന്‍.ഡി. ബിജു, കോളജ് യൂനിയന്‍ ചെയര്‍മാന്‍ അനന്തു തുടങ്ങിയവര്‍ സംസാരിച്ചു. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ മധുസൂദനന്‍ സ്വാഗതവും എൻ.എസ്.എസ് വളന്‍റിയര്‍ സെക്രട്ടറി നക്ഷത്ര നന്ദിയും പറഞ്ഞു. ഫോട്ടോ- ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ സ്വാതന്ത്ര്യസമര സേനാനി കെ.വി. നാരായണനെ സബ് കലക്ടര്‍ ഡി.ആര്‍. മേഘശ്രീ ആദരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.