തിരുവനന്തപുരം: കസ്തൂരിരംഗൻ റിപ്പോർട്ടിലെ പരിസ്ഥിതിലോല മേഖല സംബന്ധിച്ച മുൻ സർക്കാറിന്‍റെ നിലപാടിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് മന്ത്രി എ.കെ ബാലൻ. ജനവാസ മേഖലയെ പരിസ്ഥിതിലോല മേഖലയാക്കി സർക്കാർ മാറ്റിയെന്ന പ്രതിപക്ഷ ആരോപണത്തിന് നിയമസഭയിൽ മറുപടി നൽകുകയായിരുന്നു നിയമ മന്ത്രി. വിഷയം നിയമസഭയിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട സണ്ണി ജോസഫ് നൽകിയ അടിയന്തര പ്രമേയത്തിനായിരുന്നു മന്ത്രിയുടെ മറുപടി.
123 വില്ലേജുകൾ പരിസ്ഥിതിലോല പ്രദേശമാണെന്ന സംസ്ഥാന സർക്കാർ സത്യവാങ്മൂലത്തിൽ ജനങ്ങൾക്ക് ആശങ്കയുണ്ടെന്ന് സണ്ണി ജോസഫ് പറഞ്ഞു. കസ്തൂരിരംഗൻ വിജ്ഞാപനം വന്നപ്പോൾ 123 വില്ലേജുകളെ പരിസ്ഥിതിലോലമായി പ്രഖ്യാപിച്ചു. അതിനു ശേഷമാണ് സർക്കാർ ഉമ്മൻ വി. ഉമ്മൻ കമ്മിറ്റിയെ നിയോഗിച്ചത്. വിവിധ പഞ്ചായത്തുകളിൽ നടത്തിയ പഠനത്തിന് ശേഷം ഉമ്മൻ വി. ഉമ്മൻ കമ്മി സമർപ്പിച്ച റിപ്പോർട്ടിന് കേന്ദ്രസർക്കാർ അനുമതി നൽകി.
ജനവാസ മേഖലയെ ഒഴിവാക്കണമെന്ന കേരളത്തിന്‍റെ വാദം അംഗീകരിച്ച യു.പി.എ സർക്കാർ 2014 മാർച്ചിൽ വിജ്ഞാപനമിറക്കി. പിന്നീട് അധികാരത്തിൽ വന്ന എൻ.ഡി.എ സർക്കാറും ഈ നിലപാടിനെ 2015 സെപ്റ്റംബർ നാലിന് അംഗീകരിച്ചു. ഇത്രയും കഠിന പ്രയത്നം ചെയ്ത് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കാൻ ശ്രമിക്കുമ്പോൾ അലംഭാവത്തോടെയുള്ള സത്യവാങ്മൂലം സർക്കാർ ഹൈകോടതിയിൽ സമർപ്പിച്ചത് തെറ്റായി പോയെന്നും സണ്ണി ജോസഫ് കുറ്റപ്പെടുത്തി.
കസ്തൂരിരംഗൻ റിപ്പോർട്ടിന്‍റെ കാര്യത്തിൽ കർഷകർക്ക് ആശങ്ക വേണ്ടെന്ന് എ.കെ ബാലൻ വ്യക്തമാക്കി. കർഷക ദ്രോഹകരമായ ഒരു നടപടിയും സർക്കാർ സ്വീകരിക്കില്ല. മുൻ സർക്കാർ നിലപാട് തന്നെയാണ് എൽ.ഡി.എഫ് സർക്കാറിന്‍റേതെന്നും മന്ത്രി അറിയിച്ചു.
പരിസ്ഥിതിലോല മേഖല സംബന്ധിച്ച അന്തിമ തീരുമാനം കേന്ദ്രസർക്കാരോ ട്രൈബ്യൂണലോ എടുക്കാത്ത സാഹചര്യത്തിൽ ആശങ്കക്ക് വകയില്ലെന്ന് വനം മന്ത്രി കെ. രാജു സഭയിൽ വിശദീകരിച്ചു. ജനവാസ മേഖലയെ ഒഴിവാക്കുമെന്ന നിലപാടിൽ സർക്കാറിന് മാറ്റമില്ലെന്നും മന്ത്രി രാജു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.