കാട്ടാക്കട കോളജിലേത് കേരളത്തെ ഞെട്ടിച്ച നാണംകെട്ട സംഭവം: ശക്തമായ നടപടിയില്ലെങ്കിൽ സമരവുമായി മുന്നോട്ടെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളജ് തെരഞ്ഞെടുപ്പ് ആൾമാറാട്ടത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. നടപടി സ്വീകരിച്ചില്ലെങ്കിൽ സമരവുമായി മുന്നോട്ടു പോകും. കേരളത്തെ ഞെട്ടിച്ച നാണംകെട്ട സംഭവമാണിതെന്നും സതീശൻ പറഞ്ഞു.

ക്രിമിനൽ കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്യുകയാണ് വേണ്ടത്. ആൾമാറാട്ട സംഭവത്തിൽ ഒരു വിട്ടുവീഴ്ചക്കും പ്രതിപക്ഷം തയാറാകില്ലെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് വ്യക്തമാക്കി.

കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ജയിച്ചയാളെ വെട്ടി എസ്.എഫ്.ഐ നേതാവിനെ തിരുകികയറ്റിയെന്നായിരുന്നു ആക്ഷേപം. കോളജ് അധികൃതർ യൂണിവേഴ്സിറ്റിക്ക് നൽകിയ ലിസ്റ്റിലാണ് തെരഞ്ഞെടുപ്പിൽ വിജയിച്ച അനഘക്ക് പകരം എ. വിശാഖിന്‍റ പേര് നൽകിയത്.

എസ്.എഫ്.ഐ പാനലിലെ അനഘയാണ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ യു.യു.സിയായി ജയിച്ചത്. എന്നാൽ എസ്.എഫ്.ഐ ഏരിയ സെക്രട്ടറി എ.വിശാഖിന്റെ പേരാണ് കോളജ് യൂണിവേഴ്സിറ്റിയിലേക്ക് നല്‍കിയത്. ഇതേ കോളജിലെ ഒന്നാം വര്‍ഷ ബി.എസ്.സി വിദ്യാര്‍ഥിയാണ് എ. വിശാഖ്.

യു.യു.സിയായി അനഘക്ക് തുടരാൻ താത്പര്യമില്ലാത്തതിനാലാണ് വിശാഖിന്‍റെ പേര് നൽകിയതെന്നാണ് കോളജ് അധികൃതരുടെ വിശദീകരണം. എന്നാൽ അനഘ രാജി സമർപ്പിച്ചിട്ടില്ല. വിശാഖിനെ കേരള യൂണിവേഴ്സിറ്റി ചെയർമാനാക്കാനാണ് ആള്‍മാറാട്ടം നടത്തിയതെന്നാണ് കെ.എസ്.യു ആരോപിക്കുന്നത്. സംഭവത്തിൽ കെ.എസ്.യു ഡി.ജി.പിക്ക് പരാതി നല്‍കിയിട്ടുണ്ട്.

കാട്ടാക്കട ക്രിസ്ത്യൻ കോളജ് തെരഞ്ഞെടുപ്പ് വിവാദത്തെ തുടർന്ന് ഈ മാസം 26ന് നടക്കേണ്ട കേരള യൂനിവേഴ്സിറ്റി തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു. ബുധനാഴ്ചയായിരുന്നു നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി. വി.സിയും രജിസ്ട്രാറും തമ്മിൽ നടത്തിയ ചർച്ചക്കൊടുവിലാണ് തെരഞ്ഞെടുപ്പ് മാറ്റാൻ നിർദേശിച്ചത്.

കാട്ടാക്കട കോളജിലെ തെരഞ്ഞെടുപ്പ് വിവാദം പരിശോധിക്കുമെന്ന് ഗവർണർ ഇന്നലെ വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - Kattakkada College impersonation incident shamed- VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.