മലപ്പുറം: ഉരുൾപൊട്ടലിൽ മലപ്പുറം കവളപ്പാറയിലും വയനാട് പുത്തുമലയിലും കാണാതായവർ മരിച്ചതായി കണക്കാക്കി അവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകും. ഇതുസംബന്ധിച്ച് വ്യാഴാഴ്ച സർക്കാർ ഉത്തരവിറക്കി. കാണാതായവരുടെ ആശ്രിതരിൽനിന്ന് അപേക്ഷ സ്വീകരിച്ച് അേന്വഷണം നടത്തി അർഹത ഉറപ്പുവരുത്തിയ ശേഷമായിരിക്കും നഷ്ടപരിഹാരം വിതരണം ചെയ്യുക. ഇതോടെ ദുരന്തത്തിൽ മരിച്ചവർക്ക് വിതരണം ചെയ്ത നഷ്ടപരിഹാര തുക ഇവർക്കും ലഭ്യമാകും. മലപ്പുറം, വയനാട് ജില്ല കലക്ടർമാരെയാണ് ഇതിനായി ചുമതലപ്പെടുത്തിയത്.
കവളപ്പാറയിൽ 11 പേരെയും പുത്തുമലയിൽ അഞ്ചു പേരെയുമാണ് കണ്ടെത്താനുള്ളത്. ഇവർക്കായുള്ള തിരച്ചിൽ ജൂലൈ 27ന് അവസാനിപ്പിച്ചിരുന്നു. കാണാതായവർകൂടി മരിച്ചതായി കണക്കാക്കി, പ്രകൃതിക്ഷോഭത്തിൽ മരിച്ചവർക്കുള്ള ധനസഹായം ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം, വയനാട് ജില്ല കലക്ടർമാർ സർക്കാറിന് കത്ത് നൽകിയിരുന്നു.
കവളപ്പാറയിൽനിന്ന് കാണാതായവർ: ഒടുക്കൻ കുട്ടി (50), കവളപ്പാറ കോളനി കാർത്തിക് (19), കവളപ്പാറ കോളനി ശ്യാംരാജ് (20), പിലാത്തോടൻ സുബ്രഹ്മണ്യൻ (31), പിലാത്തോടൻ ഇമ്പിപാലൻ, വാളകത്ത് വീട് സുനിത (17), വാളകത്ത് വീട് വിജയലക്ഷ്മി (19), കവളപ്പാറ കോളനി പെരകൻ (65), കവളപ്പാറ കോളനി സുജിത് (15), സൂത്രത്തിൽ വീട് ജിഷ്ണ (20), കവളപ്പാറ കോളനി കമൽ (13). പുത്തുമലയിൽ കാണാതായവർ: കണ്ണൻകാടൻ അബൂബക്കർ (62), നാച്ചി വീട്ടിൽ അവറാൻ (67), അണ്ണയ്യൻ (55), പൂത്രത്തൊടുവിൽ ഹംസ (63), എടക്കണ്ടത്തിൽ നബീസ (65).
സാധാരണഗതിയിൽ ഏഴു വർഷത്തിനു ശേഷമാണ് മരിച്ചവരായി കണക്കാക്കുന്നത്. പ്രത്യേക സാഹചര്യത്തിലാണ് ഈ വ്യവസ്ഥയിൽ ഇളവ് നൽകാറുള്ളത്. സർക്കാർ ഉത്തരവിറങ്ങിയതോടെ മരിച്ചവരുടെ പേരിലുള്ള നഷ്ടപരിഹാരമായ നാലുലക്ഷം രൂപ കാണാതായവരുടെ ആശ്രിതർക്കുകൂടി ലഭിക്കും.
കവളപ്പാറ: 60 ദുരിതബാധിതർക്ക് പീപ്ൾസ് ഫൗണ്ടേഷനും ഇംപെക്സും വീടൊരുക്കുന്നു
മലപ്പുറം: പോത്തുകല്ല് കവളപ്പാറയിൽ ഉരുൾപൊട്ടലിൽ വീടും സ്ഥലവും പൂർണമായി നഷ്ടമായ 60 കുടുംബങ്ങൾക്ക് വീടൊരുക്കുന്നു. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ പീപ്ൾസ് ഫൗണ്ടേഷനും വ്യവസായ ഗ്രൂപ്പായ ഇംപെക്സും ചേർന്നാണ് വീട് നിർമിച്ചുനൽകുന്നത്. പി.വി. അബ്ദുൽ വഹാബ് എം.പി മുഖ്യരക്ഷാധികാരിയും പി.വി. അൻവർ എം.എൽ.എ ചെയർമാനുമായ റീബിൽഡ് നിലമ്പൂരുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
വീട് നിർമാണത്തിനാവശ്യമായ സ്ഥലം റീബിൽഡ് നിലമ്പൂർ സർക്കാറുമായി സഹകരിച്ച് കണ്ടെത്തി നൽകുമെന്ന് പി.വി. അൻവർ എം.എൽ.എ മലപ്പുറത്ത് വാർത്തസമ്മേളനത്തിൽ പറഞ്ഞു. നാലുകോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. രണ്ടരക്കോടി പീപ്ൾസ് ഫൗണ്ടേഷനും ഒന്നരക്കോടി ഇംപെക്സും വഹിക്കും. 500 ചതുരശ്ര അടി വിസ്തീർണമുള്ള വീടുകളാണ് നിർമിക്കുക. ഒരു വീടിന് ആറരലക്ഷം രൂപയാണ് ചെലവ് കണക്കാക്കുന്നത്. സ്ഥലം ലഭ്യമായാൽ പത്തുമാസത്തിനകം പൂർത്തിയാക്കാനാണ് ശ്രമമെന്ന് പീപ്ൾസ് ഫൗണ്ടേഷൻ സെക്രട്ടറി എം. അബ്ദുൽ മജീദ് പറഞ്ഞു. നിർമാണ മേഖലയിൽ പ്രവർത്തിക്കുന്ന ഏജൻസികളുടെ സഹായവും ലഭിക്കാൻ ശ്രമിക്കും. വാർത്തസമ്മേളനത്തിൽ ഇംപെക്സ് മാനേജിങ് ഡയറക്ടർ സി. നുവൈസ്, ജനറൽ മാനേജർ പി. ഉമർ, ഡയറക്ടർ മുഹമ്മദലി പനച്ചിക്കൽ എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.