കൊച്ചി: റോബിൻ ബസ് വിവാദത്തില്‍ പ്രതികരിച്ച് കെ.ബി ഗണേഷ്കുമാർ എം.എൽ.എ. നിയമലംഘനമുണ്ടായത് കൊണ്ടാണ് ഫൈൻ ഈടാക്കിയത്. വാഹന ഉടമ കോടതിയിൽ പോയി അനുമതി വാങ്ങുന്നതാണ് ശരിയായ നടപടിയെന്നും ഗണേഷ്കുമാർ മാധ്യമങ്ങളോട് പറഞ്ഞു.
വെറുതെ ബഹളമുണ്ടാക്കിയിട്ട് കാര്യമില്ല. ബസ് ഓടിക്കാൻ കോടതി അനുമതി നൽകിയാൽ പിന്നെ ആരും ചോദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ, തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്ത ബസ് തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് റോബിൻ ബസ് ഉടമ ഇന്ന് കത്ത് നൽകും. പത്തനംതിട്ടയിൽ നിന്നും കോയമ്പത്തൂരിലേക്ക് സര്‍വീസ് നടത്തുന്നതിനിടെ ഇന്നലെ ഉച്ചയോടെയാണ് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് റോബിൻ ബസ് പിടിച്ചെടുത്തത്. പെർമിറ്റ് ലംഘിച്ചതിനാണ് ഗാന്ധിപുരം സെൻട്രൽ ആർ.ടി.ഒ ബസ് കസ്റ്റഡിയിലെടുത്തത്.
അതേസമയം, അന്തർ സംസ്ഥാന പെർമിറ്റുമായി സർവിസ് നടത്തുന്ന റോബിൻ ബസിനെ പൂട്ടാൻ കെ.എസ്.ആർ.ടി.സി പത്തനംതിട്ട-കോയമ്പത്തൂർ സർവിസിന് തുടക്കം കുറിച്ചിട്ടുണ്ട്. ശനിയാഴ്ചത്തെ വിവാദ സർവിസിനിടെ ഇരു സംസ്ഥാനങ്ങളിൽനിന്നും 1.07 ലക്ഷം രൂപ പിഴ ഏറ്റുവാങ്ങി കോയമ്പത്തൂരിൽനിന്ന് തിരിച്ചെത്തിയ റോബിൻ ബസ് ഞായറാഴ്ച പുലർച്ച അഞ്ചിന് പത്തനംതിട്ടയിൽനിന്ന് വീണ്ടും യാത്രക്കാരുമായി കോയമ്പത്തൂരിന് പുറപ്പെട്ടിരുന്നു. ഇതിന് അരമണിക്കൂർ മുമ്പ് കെ.എസ്.ആർ.ടി.സി വോൾവോ എ.സി ബസ് പത്തനംതിട്ടയിൽനിന്ന് കോയമ്പത്തൂരിന് സർവിസ് തുടങ്ങി. പത്തനംതിട്ട ഡിപ്പോയിൽനിന്ന് ബസ് പുറപ്പെടുമ്പോൾ പൂർണമായും കാലിയായിരുന്നു. റോബിന്‍റെ റൂട്ടായ റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, തൊടുപുഴ, മൂവാറ്റുപുഴ, അങ്കമാലി, തൃശൂർ, വടക്കാഞ്ചേരി, പാലക്കാട് വഴിയാണ് കെ.എസ്.ആർ.ടി.സിയും സർവിസ് നടത്തിയത്. വൈകീട്ട് അഞ്ചിന് കോയമ്പത്തൂരിൽനിന്ന് തുടങ്ങി രാത്രി 12 മണിക്ക് പത്തനംതിട്ടയിൽ തിരിച്ചെത്തുന്ന റോബിന് അരമണിക്കൂർ മുമ്പാണ് കെ.എസ്.ആർ.ടി.സിയുടെ ഷെഡ്യൂൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.