ചേലക്കര: സുരേഷ് ഗോപിയുടെ പൂരം കലക്കൽ വിവാദവുമായി ബന്ധപ്പെട്ട പ്രസ്‌താവനകൾക്ക് മറുപടി പറയേണ്ടത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹത്തിന് മറുപടിയില്ലേയെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. ഇത്ര പ്രകോപനപരവും അപകീർത്തികരവുമായ പ്രസ്‌താവന ഒരു കേന്ദ്രമന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായിട്ടും ഒരക്ഷരം മിണ്ടാത്തത് പേടിച്ചിട്ടാണോ അതോ ഒത്തുതീർപ്പിന്റെ ഭാഗമായാണോ? ഇത്തരമൊരു പ്രസ്താവന കേന്ദ്രമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലായിരുന്നുവെന്നും വേണുഗോപാൽ പറഞ്ഞു.
പൂരം കലക്കലുമായി ബന്ധപ്പെട്ട് ബി.ജെ.പിക്കും സി.പി.എമ്മിനും ഒരു ഉത്കണ്ഠയുമില്ല. അവർ വിഷയം മാറ്റി ജനശ്രദ്ധ തിരിക്കുകയാണ്. വിശ്വാസികളുടെ മനസ്സിനെ വേദനിപ്പിച്ച ഈ സംഭവത്തിന്റെ ഗുണഭോക്താവ് ബി.ജെ.പിയുടെ എം.പിയാണ്. ഈ നേട്ടമുണ്ടാക്കിക്കൊടുത്തത് മുഖ്യമന്ത്രിയുമാണ്. പൊലീസ് തലത്തിൽ നടക്കുന്ന ത്രിതല അന്വേഷണം നേരായ വഴിക്കല്ല. എല്ലാറ്റിനും അടിസ്ഥാനം ബി.ജെ.പിയും മുഖ്യമന്ത്രിയും തമ്മിലുള്ള ഒത്തുതീർപ്പാണ്.
കോൺഗ്രസിൽ എല്ലാവർക്കും സ്ഥാനാർഥികളെ നിർദേശിക്കാനുള്ള അവകാശമുണ്ട്. എന്നാൽ, പാർട്ടിയൊരു തീരുമാനം എടുത്താൽ അതിനൊപ്പം ഒറ്റക്കെട്ടായി നീങ്ങും. കോൺഗ്രസിനെക്കുറിച്ച് ആരും വേവലാതിപ്പെടേണ്ടതില്ല. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് മണ്ഡലങ്ങളിലും യു.ഡി.എഫ് വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും കെ.സി. വേണുഗോപാൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.