കേരള വർമയില്‍ നടന്നത് ഇരുട്ടിന്റെ മറവിലെ വിപ്ലവ പ്രവര്‍ത്തനം -കെ.സി.വേണുഗോപാല്‍

തൃശൂർ: കേരളവർമ കോളജിലെ കെ.എസ്‌.യു സ്ഥാനാർഥി ശ്രീക്കുട്ടന്റെ വിജയം അട്ടിമറിച്ച എസ്.എഫ്.ഐയുടെ ജനാധിപത്യവിരുദ്ധ നടപടി ഇരുട്ടിന്റെ മറവിലെ വിപ്ലവ പ്രവര്‍ത്തനമാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. ഫെയ്‌സ്ബുക്ക് പേജിലൂടെ ആയിരുന്നു വിമർശനം.

കേരളവർമ കോളജിന്റെ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് ജനാധിപത്യപരമായി വിജയിച്ചത് കെ.എസ്.യു സ്ഥാനാർഥി ശ്രീക്കുട്ടനാണ്. വിധ്വംസക പ്രവര്‍ത്തനങ്ങള്‍ വഴി ജനാധിപത്യത്തെ അട്ടിമറിച്ച് നേടുന്ന വിജയങ്ങളല്ല അംഗീകരിക്കപ്പെടേണ്ടത്. വിജയം അംഗീകരിക്കാത്തവര്‍ തിരഞ്ഞെടുപ്പില്‍ റീ കൗണ്ടിങ് ആവശ്യപ്പെടുന്നത് സാധാരണ കാഴ്ചയാണെങ്കിലും കേരളവർമയില്‍ സംഭവിച്ചത് ജനാധിപത്യ അട്ടിമറിക്കുന്ന നടപടിയാണ്. ഉന്നതരുടെ ഒത്താശയോടെ എസ്.എഫ്.ഐ നടത്തിയ ഫാസിസ്റ്റ് പ്രവര്‍ത്തനത്തിന് കോളേജില്‍ നിന്നും ഔദ്യോഗികമായ പിന്തുണ ലഭിച്ചു എന്ന ആരോപണം ഗൗരവതരമാണെന്നും വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.

റീ കൗണ്ടിങ്ങിനിടെ നടന്നത് അസ്വഭാവിക സംവങ്ങളാണ്. ശ്രീക്കുട്ടന്റെ ഒരു വോട്ടിനുള്ള വിജയം അംഗീകരിക്കാതിരുന്ന എസ്.എഫ്.ഐ റീ കൗണ്ടിങ് ആവശ്യപ്പെടുന്നു. ശേഷം റീ കൗണ്ടിംഗ് സമയത്ത് രണ്ട് തവണ വൈദ്യുതി നിലയ്ക്കുന്നു. ആ സമയം കൊണ്ട് കെ.എസ്.യു വോട്ടുകള്‍ അസാധുവാകയും എസ്.എഫ്.ഐ വോട്ടുകള്‍ സാധുവാകും ചെയ്യുന്നു. ഈ മറിമായത്തെയാണ് സി.പി.എമ്മിന്റെയും എസ്.എഫ്.ഐയുടെയും ഇരുട്ടിന്റെ മറവില്‍ നടന്ന 'വിപ്ലവപ്രവര്‍ത്തനം' എന്ന് വിശേഷിപ്പിക്കേണ്ടതെന്നും വേണുഗോപാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഒട്ടേറെ പരിമിതികളില്‍ നിന്നാണ് ശ്രീക്കുട്ടന്‍ തന്റെ പഠനം പൂര്‍ത്തീകരിക്കുന്നതും സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതും. ശ്രീക്കുട്ടന്റെ കണ്ണില്‍ മാത്രമാണ് വിധി നല്‍കിയ ഇരുട്ട്. മനസ്സില്‍ നിറയെ വെളിച്ചമുള്ള പ്രിയപ്പെട്ടവനാണ് ആ ചെറുപ്പക്കാരന്‍. ശ്രീക്കുട്ടന്‍ തന്നെയാണ് കോളജ് യൂണിയനെ നയിക്കേണ്ടതെന്നും വേണുഗോപാൽ വ്യക്തമാക്കി.

Tags:    
News Summary - K.C.Venugopal against issues in Kerala Varma college

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.