കെ.ഇ.ആർ ഭേദഗതി വിജ്ഞാപനമിറങ്ങി; സ്​കൂൾ പ്രവേശന തിരിമറിക്ക്​ പൂട്ട്​

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ പ്രവേശനത്തിൽ കള്ളക്കണക്ക് കണ്ടെത്തിയാൽ ക്ലാസ് അധ്യാപകനെയും പ്രധാന അധ്യാപകനെയും ഉത്തരവാദികളാക്കി കേരള വിദ്യാഭ്യാസ ചട്ടങ്ങളിൽ (കെ.ഇ.ആർ) ഭേദഗതി വരുത്തി. വിദ്യാഭ്യാസ വകുപ്പിന്‍റെ പരിശോധനയിൽ വ്യാജ വിദ്യാർഥി പ്രവേശനം നടത്തി തസ്തിക സൃഷ്ടിച്ചെന്ന് കണ്ടെത്തിയാൽ ബന്ധപ്പെട്ട ക്ലാസ് അധ്യാപകനിൽനിന്ന് സർക്കാറിനുണ്ടായ നഷ്ടം തിരിച്ചുപിടിക്കാനും കഴിഞ്ഞ ദിവസം വിജ്ഞാപനം ചെയ്ത ഭേദഗതി വ്യവസ്ഥ ചെയ്യുന്നു.

ഇനി മുതൽ സ്കൂളുകളിൽ അധിക തസ്തിക/ ഡിവിഷൻ സൃഷ്ടിക്കുന്നതിന് സർക്കാറിന്‍റെ മുൻകൂർ അനുമതി വേണം. കുട്ടികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് അധ്യാപക തസ്തിക സൃഷ്ടിക്കുന്ന സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിലാണ് കർശന വ്യവസ്ഥകൾ ഉൾക്കൊള്ളിച്ച ചട്ടഭേദഗതി പുറപ്പെടുവിച്ചത്.

സ്കൂൾ പട്ടികയിലുളള കുട്ടി തുടർച്ചയായി 15 പ്രവൃത്തിദിവസം ഹാജരായില്ലെങ്കിൽ ഇക്കാര്യം ക്ലാസ് അധ്യാപകൻ പ്രഥമ അധ്യാപകന് റിപ്പോർട്ട് ചെയ്യണം എന്ന വ്യവസ്ഥ പുതുതായി ഉൾപ്പെടുത്തി. കുട്ടിയുടെ ഹാജർ രേഖപ്പെടുത്തുന്നതിൽ കൃത്രിമം വരുത്തുകയോ തിരുത്തൽ വരുത്തുകയോ ചെയ്താൽ ക്ലാസ് അധ്യാപകൻ വ്യക്തിപരമായി ഉത്തരവാദിയാകും. അധിക ഡിവിഷൻ/ തസ്തിക ആവശ്യമെങ്കിൽ വിദ്യാഭ്യാസ ഓഫിസർ മുൻകൂട്ടി അറിയിക്കാതെ സന്ദർശനം നടത്തി ഹാജറുള്ളതും ഇല്ലാത്തതുമായ കുട്ടികളുടെ എണ്ണം യു.ഐ.ഡി അധിഷ്ഠിതമായി പരിശോധിച്ച് ഉറപ്പാക്കണം.

അധിക തസ്തിക ആവശ്യമെന്ന് കണ്ടെത്തിയാൽ സർക്കാറിൽനിന്ന് അനുമതിക്കായി ജൂലൈ 15ന് മുമ്പായി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് 'സമന്വയ' പോർട്ടൽ വഴി സമർപ്പിക്കണം. തസ്തികക്കായുള്ള അപേക്ഷ ലഭിച്ചാൽ ഡയറക്ടർ സൂപ്പർ ചെക് ഓഫിസറെയോ സർക്കാർ നിശ്ചയിക്കുന്ന മറ്റ് ഉദ്യോഗസ്ഥനെയോ ഉപയോഗിച്ച് പരിശോധന നടത്തണം. ഡയറക്ടർ പരിശോധന സംബന്ധിച്ച് സത്യവാങ്മൂലവും ശിപാർശയും സഹിതം സർക്കാറിലേക്ക് 'സമന്വയ' വഴി ആഗസ്റ്റ് 31ന് മുമ്പ് റിപ്പോർട്ട് സമർപ്പിക്കണം. ഡയറക്ടറുടെ ശിപാർശയുടെയും സത്യവാങ്മൂലത്തിന്‍റെയും അടിസ്ഥാനത്തിലും തുടർ പരിശോധനയുടെയും അടിസ്ഥാനത്തിൽ സർക്കാർ 'സമന്വയ' പോർട്ടൽ വഴി സെപ്റ്റംബർ 30നകം അധിക ഡിവിഷൻ/ തസ്തിക അനുവദിച്ച് ഉത്തരവിറക്കണം.

ഇതിൽ ആക്ഷേപമുണ്ടെങ്കിൽ 30 ദിവസത്തിനകം മാനേജർക്ക്/ ബാധിക്കുന്നയാൾക്ക് പുനഃപരിശോധന അപേക്ഷ സമർപ്പിക്കാം. അനുവദിച്ച തസ്തികയെ ബാധിക്കുംവിധം ജനുവരി 31ന് മുമ്പ് കുട്ടികളുടെ എണ്ണത്തിൽ കുറവ് സംഭവിച്ചാൽ പ്രധാന അധ്യാപകൻ 'സമന്വയ' വഴി വിദ്യാഭ്യാസ ഓഫിസറെ അറിയിക്കണം. തസ്തിക/ ഡിവിഷൻ കുറക്കാൻ മതിയായ കാരണമുണ്ടെങ്കിൽ പ്രഥമ അധ്യാപകനിൽ നിന്ന് റിപ്പോർട്ട് ലഭിച്ച് 20 ദിവസത്തിനകം വിദ്യാഭ്യാസ ഓഫിസർ തസ്തിക നിർണയം പുതുക്കണം. ഇതിനെതിരെ അപ്പീൽ നൽകാൻ അവസരമുണ്ടാകും. സൂപ്പർ ചെക് ഓഫിസർക്കും ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥനും അധ്യയന വർഷത്തിനിടെ എപ്പോൾ വേണമെങ്കിലും സ്കൂളിൽ പരിശോധന നടത്താം.

Tags:    
News Summary - KER amendment notification issued; School Admission irregularities Locked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.