തൃശൂർ: കണക്കിൽ തെല്ലും വ്യത്യാസമില്ല. യു.ഡി.എഫിന് 2016ലെ തെരഞ്ഞെടുപ്പിലേറ്റ ആഘാതത്തിെൻറ തനിയാവർത്തനം. അന്നും ആശ്വസിക്കാൻ ഒരു സീറ്റ്. ഇന്നും അത്രതന്നെ. അന്ന് നേരിയ ഭൂരിപക്ഷത്തിൽ വടക്കാഞ്ചേരിയിൽ അനിൽ അക്കര ആയിരുന്നെങ്കിൽ ഇന്ന് അൽപംകൂടി മെച്ചപ്പെട്ട ഭൂരിപക്ഷത്തിന് ചാലക്കുടിയിൽ സനീഷ് കുമാർ ജോസഫ്. ഇൗ മാറ്റം കഴിഞ്ഞാൽ തൃശൂർ ജില്ല പൂർണമായും എൽ.ഡി.എഫിെൻറ കരങ്ങളിലൊതുങ്ങി.
ചാലക്കുടിയിൽ കോൺഗ്രസുകാരനെ നേരിടാൻ അതേ പാർട്ടിയിൽനിന്ന് ഒരാളെ കളത്തിലിറക്കിയ തന്ത്രം പിഴച്ചതൊഴിച്ചാൽ ജില്ലയിൽ എൽ.ഡി.എഫിെൻറ മറ്റ് കരുനീക്കങ്ങളെല്ലാം ഫലം കണ്ടു. കോൺഗ്രസ് വിട്ടുവന്ന ഡെന്നീസ് ആൻറണി ചാലക്കുടിയിൽ നല്ല പോരാട്ടം കാഴ്ചവെച്ചാണ് സനീഷ് കുമാർ ജോസഫിന് കീഴടങ്ങിയത്. ഒന്നരപ്പതിറ്റാണ്ട് സി.പി.എമ്മിലെ ബി.ഡി. ദേവസി കാത്തുസൂക്ഷിച്ച മണ്ഡലമാണ് എൽ.ഡി.എഫിന് നഷ്ടമായത്.
ഗുരുവായൂരിൽ കെ.എൻ.എ. ഖാദർ എന്ന മുസ്ലിം ലീഗിലെ കരുത്തനെ നേരിടാൻ നാട്ടുകാരനായ എൻ.കെ. അക്ബർ മതിയെന്ന സി.പി.എം തീരുമാനം ഫലിച്ചു. ലൈഫ് മിഷൻ ഫ്ലാറ്റ് അഴിമതി ഉയർത്തി സർക്കാറിനെ വെള്ളം കുടിപ്പിച്ച അനിൽ അക്കരക്ക് വടക്കാഞ്ചേരിയിൽ സേവ്യർ ചിറ്റിലപ്പിള്ളിയോട് തുടക്കം മുതലേ പൊരുതി നിൽക്കാൻ കഴിഞ്ഞില്ല.
അമ്പരപ്പിച്ച ജയം തൃശൂരിൽ സി.പി.ഐയുടെ പി. ബാലചന്ദ്രേൻറതാണ്. ഭൂരിപക്ഷം ആയിരത്തിനടുത്താണെങ്കിലും സുരേഷ് ഗോപി, പത്മജ വേണുഗോപാൽ എന്നീ കരുത്തർക്കിടയിൽ ഞെരുങ്ങിയ 'ബാൽസി'യാണ് നിശ്ശബ്ദമായി ജനമനസ്സിൽ ഇടംനേടിയത്.
കെ. രാധാകൃഷ്ണൻ എന്ന സി.പി.എം നേതാവിനെ ചേലക്കരക്കാർ എന്നും രണ്ടു കൈയും നീട്ടി സ്വീകരിക്കുമെന്ന് ഒരിക്കൽക്കൂടി വ്യക്തമായി. പടുകൂറ്റൻ ഭൂരിപക്ഷവുമായാണ് രാധാകൃഷ്ണൻ ഇടവേളക്ക് ശേഷം സഭയിലേക്ക് പോകുന്നത്. കുന്നംകുളത്ത് മന്ത്രി എ.സി. മൊയ്തീനും ആഴത്തിലിറങ്ങിയുള്ള പ്രവർത്തനം കരുത്തായി.
സി. രവീന്ദ്രനാഥ് വൻ ഭൂരിപക്ഷത്തിന് ജയിച്ചുവന്ന പുതുക്കാട് മണ്ഡലത്തിനെ ഒട്ടും പിന്നിൽ പോകാതെ കെ.കെ. രാമചന്ദ്രൻ എൽ.ഡി.എഫിനൊപ്പം നിർത്തി. ഇരിങ്ങാലക്കുടയിലാകട്ടെ കേരള കോൺഗ്രസ്-ജോസഫ് നേതാവ് തോമസ് ഉണ്ണിയാടന് തുടർച്ചയായ രണ്ടാം തോൽവിയാണ്.
കയ്പമംഗലം, കൊടുങ്ങല്ലൂർ, നാട്ടിക, മണലൂർ, കുന്നംകുളം മണ്ഡലങ്ങൾ ഇളക്കമില്ലാതെ എൽ.ഡി.എഫിനൊപ്പം നിന്നു. നാട്ടികയിൽ സി.പി.ഐയിലെ സ്ഥാനാർഥി മാറ്റത്തെ ചൊല്ലിയുള്ള വിവാദവും കോൺഗ്രസിലെ യുവമുഖം സുനിൽ ലാലൂരിെൻറ ഊർജസ്വലതയും സി.പി.ഐയിലെ സി.സി. മുകുന്ദന് പരീക്ഷണമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.