തിരുവനന്തപുരം: സഭാ ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് പ്രതിപക്ഷത്തെ അവഹേളിക്കുന്ന ചോദ്യം നിയമസഭയിൽ എത്തിയെന്നാരോപിച്ച് ചോദ്യോത്തരവേള പ്രതിപക്ഷം ബഹിഷ്കരിച്ചു. നിപ, ഓഖി, കോവിഡ് തുടങ്ങിയ ദുരന്തങ്ങൾ നേരിടുന്നതിന് സർക്കാർ സ്വീകരിച്ച അതിജീവന നടപടികളെ പ്രതിപക്ഷ കക്ഷികൾ തടസ്സപ്പെടുത്തിയെന്ന നിലയിലുള്ള ചോദ്യം സഭയിൽ എത്തിയതാണ് തർക്കത്തിനിടയാക്കിയത്. ചോദ്യോത്തരവേളയിൽ മൂന്നാമത്തെ ചോദ്യമായിട്ടായിരുന്നു കെ.ഡി. പ്രസേനൻ, ആൻറണി ജോൺ, ജി. സ്റ്റീഫൻ, എം.എസ്. അരുൺകുമാര്‍ എന്നിവരുടെ ചോദ്യം ഉൾപ്പെടുത്തിയത്. ചോദ്യോത്തരവേള ആരംഭിച്ചപ്പോൾതന്നെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ക്രമപ്രശ്നം ഉന്നയിച്ചു. പരിശോധിക്കാമെന്ന് സ്പീക്കർ എം.ബി. രാജേഷ് അറിയിച്ചതിനെതുടർന്നാണ് പ്രതിപക്ഷം ആദ്യഘട്ടത്തിൽ സഭയിൽ തുടർന്നത്.
എന്നാൽ, ആദ്യ രണ്ട് ചോദ്യങ്ങൾക്കുശേഷം സ്പീക്കർ വിവാദ ചോദ്യത്തിലേക്ക് കടന്നതോടെ പ്രതിപക്ഷം പ്രതിഷേധവുമായി എഴുന്നേറ്റു. ഇക്കാര്യത്തിൽ റൂളിങ് വേണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. ഈ ആവശ്യം തള്ളിയ സ്പീക്കർ, ചോദ്യത്തിന് ഉത്തരം നൽകാൻ മുഖ്യമന്ത്രിയെ ക്ഷണിച്ചു. ഇത്തരമൊരു ചോദ്യം സഭയുടെ നടപടിക്രമങ്ങളുടെയും കീഴ്വഴക്കങ്ങളുടെയും ലംഘനമാണെന്നും ചോദ്യം അംഗീകരിച്ചാൽ സ്പീക്കർ പ്രതിപക്ഷത്തെ സംരക്ഷിക്കുന്നില്ലെന്ന് കരുതേണ്ടിവരുമെന്നും വി.ഡി. സതീശൻ പറഞ്ഞു. കൺസ്യൂമർഫെഡിനെ സംബന്ധിച്ച ചോദ്യത്തിന് ഉത്തരം നൽകാൻ സഹകരണമന്ത്രി വി.എൻ. വാസവന് പകരം ഭക്ഷ്യമന്ത്രി ജി.ആർ. അനിലിനെ ചുമതലപ്പെടുത്തിയതിലെ പിഴവും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. എന്നാൽ, ചോദ്യം ഉന്നയിച്ച അംഗം എഴുതിത്തന്നാൽ മാത്രമേ സഭയിലെത്തിയ ചോദ്യം പിൻവലിക്കാൻ കഴിയൂവെന്ന് സ്പീക്കർ അറിയിച്ചതോടെ പ്രതിപക്ഷം ഇറങ്ങിപ്പോകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.