തിരുവനന്തപുരം: മുഖ്യമന്ത്രി ബഹുരാഷ്ട്ര കുത്തക കമ്പനിയുടെ വക്താവായി മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം കേരളത്തിലെ പൊതുസമൂഹം പരിശോധിക്കണമെന്നും ചെന്നിത്തല പറഞ്ഞു. ഇന്ത്യയിൽ ഏതാണ്ട് ഒമ്പത് വലിയ കേസുകളിൽ പ്രതിസ്ഥാനത്തു നിൽക്കുന്ന പി.ഡബ്ല്യു.സിയെ വെള്ളപൂശാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തിയതെന്ന് ചെന്നിത്തല ആരോപിച്ചു.
പ്രൈസ് വാട്ടർ കൂപ്പർ ഹൗസിന് ഇ മൊബിലിറ്റി പദ്ധതിയുടെ ഭാഗമായ ഇ-ബസ് പദ്ധതിയുടെ കൺസൾട്ടൻസി നൽകിയതിനെ ന്യായീകരിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞ വാദങ്ങൾ നില നിൽക്കുന്നതല്ല. സെബി നിരോധിച്ച കമ്പനിയും കൺസൾട്ടൻസി നൽകിയ കമ്പനിയും തമ്മിൽ ഒരു ബന്ധവുമില്ലെന്ന മുഖ്യമന്ത്രിയുടെ വാദം പച്ചക്കള്ളമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
പ്രൈസ് വാട്ടർ ഹൗസ് ഇന്ത്യയെന്നത് പ്രൈസ് വാട്ടർ കൂപ്പറിൻെറ ഇന്ത്യയിലെ കമ്പനിയാണ്. ഈ കമ്പനി പല പേരുകളിലായി പ്രവർത്തിക്കുന്നുണ്ടെന്ന് സെബി കണ്ടെത്തിയിട്ടുണ്ട്. സെബിയുടെ ഉത്തരവ് വായിച്ചുനോക്കാതെ മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കത്തക്കവിധമാണ് കാര്യങ്ങൾ പറഞ്ഞതെന്നും ചെന്നിത്തല ആരോപിച്ചു.
നിക്സി(എൻ.ഐ.സി.എസ്.ഐ) എംപാനൽ കമ്പനിയായതിനാലാണ് ടെൻഡർ ഇല്ലാതെ നൽകിയതെന്നാണ് മുഖ്യമന്ത്രിയുടെ വാദം. ഇത് ശരിയായ നടപടിയല്ല. എൻ.ഐ.സി.എസ്.ഐയുടെ ചുരുക്കപട്ടികയിൽ ഇടം നേടിയ കമ്പനികളിൽ നിന്ന് ഏതെങ്കിലും ഒരു കമ്പനിയെ കൺസൾട്ടൻറായി തെരഞ്ഞെടുക്കൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അക്കാര്യം എൻ.ഐ.സി.എസ്.ഐ അറിയിക്കണമെന്നാണ് ചട്ടം. തുടർന്ന് അവരാണ് കമ്പനിയുമായി കരാറിലേർപ്പെടുകയെന്ന് എൻ.ഐ.സി.എസ്.ഐ 2013ൽ പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്നുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.