കോഴിക്കോട്: കവി കുരീപ്പുഴ ശ്രീകുമാറിന് നേരെ നടന്ന ആർ.എസ്.എസ് ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അഭിപ്രായ സ്വാതന്ത്ര്യത്തിൻമേലുള്ള ആക്രമണങ്ങളെ അതിശക്തമായി സംസ്ഥാന സർക്കാർ അമർച്ച ചെയ്യും. സംഭവങ്ങൾ ആവർത്തിക്കാൻ ആരു ശ്രമിച്ചാലും കർശനമായി നേരിടുമെന്നും പിണറായി ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ ആർ.എസ്.എസ്-ബി.ജെ.പി സംഘം നടത്തിയ ആക്രമണം അപലപനീയമാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിൻമേലുള്ള ആക്രമണങ്ങളെ അതിശക്തമായി സംസ്ഥാന സർക്കാർ അമർച്ച ചെയ്യും. സംഭവങ്ങൾ ആവർത്തിക്കാൻ ആരു ശ്രമിച്ചാലും കർശനമായി നേരിടും. സംഭവവുമായി ബന്ധപ്പെട്ട് പഞ്ചായത്തംഗം ഉൾപ്പെടെ ഉള്ള ആറു ആർ.എസ്.എസ്-ബി.ജെ.പി പ്രവർത്തകരെ അറസ്റ്റു ചെയ്തിട്ടുണ്ട്.
അഭിപ്രായ സ്വാതന്ത്ര്യത്തിനു നേര്‍ക്ക് വർധിച്ച തോതിലുള്ള ആക്രമണങ്ങളാണ് കുറേക്കാലമായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വിയോജനാഭിപ്രായങ്ങളെ ഞെരിച്ചുകൊല്ലുന്ന വിധത്തില്‍ ദേശവ്യാപകമായിത്തന്നെ ആക്രമണങ്ങള്‍ നടക്കുകയാണ്. നരേന്ദ്ര ധബോല്‍ക്കര്‍ക്കും ഗോവിന്ദ് ബന്‍സാരക്കും എം.എം. കല്‍ബുര്‍ഗ്ഗിക്കും ഗൗരി ലങ്കേഷിനുമൊക്കെ ജീവന്‍ തന്നെ നഷ്ടപ്പെട്ടത് ഈ വിധത്തിലുള്ള വര്‍ഗ്ഗീയതയുടെ അസഹിഷ്ണുത നിറഞ്ഞ ആക്രമണത്തിന്‍റെ ഫലമായിട്ടാണ്. കേരളത്തില്‍ എം.ടിക്കും കമലിനും എം.എം.ബഷീറിനും ഒക്കെ നേര്‍ക്ക് ഭീഷണികളുണ്ടായി. ഇത് അനുവദിക്കുന്ന പ്രശ്‌നമില്ല. അഭിപ്രായ സ്വാതന്ത്ര്യത്തിന് സര്‍വ്വ സംരക്ഷണവും നല്‍കും എന്ന കാര്യത്തില്‍ ആരും സംശയിക്കേണ്ടതില്ല.
അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം രാജ്യവ്യാപകമായി നടക്കുമ്പോഴും പച്ചത്തുരുത്തായി കേരളം നിലനില്‍ക്കുന്നുണ്ട്. അത് ഇവിടുത്തെ പുരോഗമന ജനാധിപത്യ പ്രസ്ഥാനങ്ങളുടെ ശക്തികൊണ്ടാണ്. ആ ശക്തിയുടെ തണലില്‍ തന്നെ അഭിപ്രായസ്വാതന്ത്ര്യ സംരക്ഷണത്തിനായി സര്‍ക്കാര്‍ മുന്നോട്ടു പോകും. ജനാധിപത്യത്തെയും മതനിരപേക്ഷതയെയും മാനിക്കുന്ന പ്രബുദ്ധമായ കേരള ജനത സര്‍ക്കാരിനൊപ്പം തന്നെ നില്‍ക്കുമെന്ന കാര്യത്തില്‍ ഉറപ്പുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.