റോഡപകടങ്ങള്‍: ബോധവത്കരണം ശക്തിപ്പെടുത്തും -മുഖ്യമന്ത്രി

തിരുവനന്തപുരം: റോഡപകടങ്ങളുടെ എണ്ണത്തിലും മരണപ്പെട്ടവരുടെ എണ്ണത്തിലും 2017-ല്‍ കുറവുണ്ടായിട്ടുണ്ട്. 2016-ല്‍ ആകെ 39,420 റോഡ് അപകടങ്ങളില്‍ 4,287പേര്‍ മരിച്ചു. 2017-ല്‍ റോഡ് അപകടങ്ങള്‍ 38,486 ആയും മരണസംഖ്യ 4,061ആയും കുറഞ്ഞു. സുരക്ഷയ്ക്കുള്ള വിവിധ പദ്ധതികള്‍ നടപ്പിലാക്കുകയും എന്‍ഫോഴ്‌സ്‌മെന്‍റ് കാര്യക്ഷമമാക്കുകയും ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്തതിനാലാണ് ഇതുണ്ടായിട്ടുള്ളത്.

റോഡപകടങ്ങള്‍ വിലയിരുത്തുന്നതിനും അവ നിയന്ത്രിക്കുന്നതിനുമുള്ള നടപടി സ്വീകരിക്കുന്നതിനായി ജില്ലാ തലങ്ങളില്‍ റോഡ് സുരക്ഷാ കമ്മിറ്റികള്‍ക്കും ഹൈവേകളില്‍ ഹൈവേ പൊലീസിന്‍റെ നേതൃത്വത്തില്‍ ഹൈവേ ജാഗ്രതാ സമിതികളും പ്രവര്‍ത്തിച്ചു വരുന്നുണ്ട്. അശാസ്ത്രീയമായി നിര്‍മ്മിച്ചിട്ടുള്ള റോഡുകളുടെ അപാകത പരിഹരിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പിന് നിര്‍ദ്ദേശം നല്‍കിവരുന്നുണ്ട്. പൊതുജനങ്ങള്‍, ഡ്രൈവര്‍മാര്‍, ഇരുചക്ര വാഹകര്‍ എന്നിവര്‍ക്കും വിവിധ പരിശീലന പരിപാടികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിവരുന്നു. സ്‌കൂള്‍ കുട്ടികള്‍ക്കായി പ്രത്യേക ട്രാഫിക് ബോധവത്കരണ പരിപാടികള്‍, കേഡറ്റ് പദ്ധതിയിലൂടെയും മറ്റും നടപ്പിലാക്കിവരുന്നുണ്ട്.

വാഹന അപകടങ്ങള്‍ പരമാവധി കുറച്ച് മെച്ചപ്പെട്ട സുരക്ഷ ഉറപ്പാക്കുന്നത് ലക്ഷ്യം വച്ച് 'ശുഭയാത്ര' എന്ന പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ട്.ഇതിനു പുറമെ, 1. 'തിങ്ക് ട്രാഫിക് ആപ്ലിക്കേഷന്‍' വഴി പൊതുജനങ്ങള്‍ക്ക് ലൈവ് ആക്‌സിഡന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നതിനും കംപ്ലയിന്‍റ് രജിസ്റ്റര്‍ ചെയ്യുന്നതിനുമുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. 2. ട്രാഫിക് ബോധവത്കരണത്തിനായി എല്ലാ മണ്ഡലങ്ങളിലും 'ട്രാഫിക് സ്മാര്‍ട്ട് ക്ലാസ് റൂം' സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിച്ചുവരുന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം റോഡപകടങ്ങള്‍ അവലോകനം ചെയ്യുന്നതിനും തുടര്‍ നടപടികള്‍ക്കുള്ള നിര്‍ദ്ദേശം നല്‍കുന്നതിനുമായി ട്രാഫിക് പൊലീസ് റോഡ് സേഫ്റ്റി സെല്‍ രൂപം നല്‍കിയിട്ടുണ്ട്.

റോഡപകടത്തില്‍പ്പെടുന്നവര്‍ക്ക് എത്രയുംവേഗം പ്രാഥമിക ശുശ്രൂഷ നല്‍കുകയും അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുന്നതിനും സോഫ്റ്റ് (Save Our Fellow Travellers) എന്ന കൂട്ടായ്മ രൂപവത്കരിക്കുന്നതിനുള്ള നടപടികള്‍ പൊലീസ് വകുപ്പ് ആരംഭിച്ചിട്ടുണ്ട്. ഇവര്‍ക്ക് ട്രോമ കെയര്‍ ഉള്‍പ്പെടെ വിദഗ്ദ്ധ പരിശീലനം നല്‍കുകയും ചെയ്തിട്ടുണ്ടെന്നും റോജി. എം. ജോണ്‍ എം.എല്‍.എയുടെ ശ്രദ്ധക്ഷണിക്കലിന് മുഖ്യമന്ത്രിയുടെ മറുപടി.

കാര്‍ ഡ്രൈവര്‍ യൂസഫിനെ പ്രതി ചേര്‍ത്തു
30.12.2017ന് കാസര്‍ഗോഡ് കണ്‍ട്രോള്‍ റൂം പൊലീസ് പാര്‍ട്ടി പതിവനുസരിച്ചുള്ള വാഹനപരിശോധന നടത്തിവരവെ കാസര്‍ഗോഡ് കസബ അണങ്കൂര്‍ ടി.വി സ്റ്റേഷന്‍ റോഡിലൂടെ പുലര്‍ച്ചെ രണ്ടു മണിയോടെ മോട്ടോര്‍ സൈക്കിള്‍ ഓടിച്ചുവന്ന അബ്ദുള്‍ സുഹൈല്‍ എന്നയാളെ, അസമയത്ത് റോഡില്‍ കണ്ട ആള്‍ എന്ന നിലക്ക് പൊലീസ് പരിശോധനക്കായി കൈ കാണിച്ചു നിര്‍ത്തി. ഈ സമയം അതിവേഗത്തില്‍ ഓടിച്ചുവന്ന യൂസഫ് എന്നയാളുടെ കാര്‍ അബ്ദുള്‍ സുഹൈലിന്‍റെ മോട്ടോര്‍ സൈക്കിളിന്‍റെ പിന്‍ഭാഗത്ത് ഇടിച്ച് മോട്ടോര്‍ സൈക്കിളില്‍ നിന്നും റോഡില്‍ തെറിച്ചുവീണു. തലക്ക് ഗുരുതരമായി പരിക്കേറ്റ അബ്ദുള്‍ സുഹൈല്‍ മംഗലാപുരം യൂണിറ്റി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 31.12.2017ന് പുലര്‍ച്ചെ മരണപ്പെടുകയുണ്ടായി. 

ഇക്കാര്യത്തില്‍ കാര്‍ ഡ്രൈവര്‍ യൂസഫിനെ പ്രതി ചേര്‍ത്ത് കാസര്‍ഗോഡ് ട്രാഫിക് പൊലീസ് സ്റ്റേഷനില്‍ ക്രൈം 434/17 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതി യൂസഫിനെ അറസ്റ്റ് ചെയ്ത് നടപടി സ്വീകരിച്ചിട്ടുമുണ്ടെന്നും എന്‍.എ. നെല്ലിക്കുന്നിന്‍റെ സബ്മിഷന് മുഖ്യമന്ത്രി മറുപടി നൽകി

.

Tags:    
News Summary - Kerala CM Submission Replay -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.