കേരള കോൺഗ്രസ് ബി പിളർന്നു; ഉഷ മോഹൻദാസ് പുതിയ അധ്യക്ഷ

കൊച്ചി: ആർ. ബാലകൃഷ്ണപിള്ള രൂപം കൊടുത്ത കേരള കോൺഗ്രസ് ബി പിളർന്നു. കെ.ബി. ഗണേഷ് കുമാർ എം.എൽ.എയുടെ സഹോദരി ഉഷ മോഹൻദാസിനെ പിളർന്ന വിഭാഗത്തിന്‍റെ പുതിയ അധ്യക്ഷയായി തെരഞ്ഞെടുത്തു. കൊച്ചിയിൽ ചേർന്ന യോഗത്തിന്‍റേതാണ് തീരുമാനം.

ഏകാധിപതിയെ പോലെയാണ് ഗണേഷ് കുമാർ പ്രവർത്തിക്കുന്നതെന്ന് ഉഷ മോഹൻദാസ് മാധ്യമങ്ങളോട് പറഞ്ഞു. കഴിവുള്ള എം.എൽ.എയാണ് അദ്ദേഹം. എന്നാൽ, ചെയ്യേണ്ട കടമകൾ ഗണേഷ് ചെയ്യുന്നുണ്ടോ എന്ന് സംശയമുണ്ട്.

ഒരു ജനകീയനാകുമ്പോൾ സ്വന്തം ഇഷ്ടപ്രകാരം മുന്നോട്ടു പോകാൻ സാധിക്കില്ല. ജനങ്ങളോടും പാർട്ടി പ്രവർത്തകരോടും സഹകരിച്ചാണ് മുന്നോട്ടു പോകേണ്ടത്. ഭൂരിപക്ഷം സംസ്ഥാന കമ്മിറ്റിയംഗങ്ങളും ജില്ല പ്രസിഡന്‍റുമാരും തങ്ങളോടൊപ്പമാണെന്നും ഉഷ മോഹൻദാസ് വ്യക്തമാക്കി.

ഗണേഷ് കുമാർ പാർട്ടിയുടെ എം.എൽ.എയായി തുടരും. അദ്ദേഹത്തെ പാർട്ടിയിൽ തിരികെ എത്തിക്കാനുള്ള നടപടി സ്വീകരിക്കും. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയാൽ പുറത്താക്കുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും വർക്കിങ് ചെയർമാനും മുൻ എം.എൽ.എയുമായ എം.കെ. മണി വ്യക്തമാക്കി.

14 ജില്ല പ്രസിഡന്‍റുമാരിൽ 10 പേർ കൊച്ചിയിലെ യോഗത്തിൽ പങ്കെടുത്തു. രണ്ട് പേർ നേരത്തെ മരിച്ചിരുന്നു. രണ്ടു പേർ യോഗത്തിൽ എത്തിയില്ലെന്നും പിളർന്ന വിഭാഗം അവകാശപ്പെട്ടു.

1989ൽ പി.ജെ ജോസഫും ബാലകൃഷ്ണപിള്ളയും തമ്മിൽ പിളർന്നതിന് പിന്നാലെയാണ് കേരള കോൺഗ്രസ് ബി എന്ന പുതിയ രാഷ്ട്രീയ പാർട്ടിക്ക് ആർ. ബാലകൃഷ്ണപിള്ള രൂപം നൽകിയത്. 2015 വരെ യു.ഡി.എഫിന്‍റെ ഘടക കക്ഷിയായിരുന്ന കേരള കോൺഗ്രസ് ബി നിലവിൽ എൽ.ഡി.എഫ് ഘടകകക്ഷിയാണ്. പത്തനാപുരം നിയമസഭ മണ്ഡലത്തെ 2001 മുതൽ പ്രതിനിധീകരിക്കുന്ന കെ.ബി. ഗണേഷ് കുമാറാണ് പാർട്ടിയുടെ ഏക എം.എൽ.എ. 

Tags:    
News Summary - Kerala Congress B splits; Balakrishna Pillai Daughter Usha Mohandas is the new president

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.