ന്യൂഡൽഹി: കേരള കോൺഗ്രസിെൻറ അന്തരിച്ച നേതാവ് കെ.എം മാണി അഴിമതിക്കാരനായിരുന്നെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സ്വീകരിച്ച നിലപാടിനെതിെര കേരള കോൺഗ്രസ് (എം). രണ്ടു തവണ വിജിലന്‍സ് കോടതിയും ഹൈക്കോടതിയും കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയ മാണിയെക്കുറിച്ച് നിരുത്തരവാദപരമായ സമീപനമാണ് സർക്കാർ അഭിഭാഷകൻ സ്വീകരിച്ചതെന്ന് കേരള കോൺഗ്രസ് പറഞ്ഞു. അഭിഭാഷകനോട് അടിയന്തരമായി വിശദീകരണം തേടണമെന്നും കേരള കോണ്‍ഗ്രസ് എം. ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് ആവശ്യപ്പെട്ടു. നാളെ കോട്ടയത്ത് പാര്‍ട്ടിയുടെ നിര്‍ണായകമായ സ്റ്റിയറിങ് കമ്മിറ്റി യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു.
നിയമസഭയിൽ അക്രമം നടത്തിയ എം.എൽ.എമാർക്കെതിരായ ക്രിമിനൽ കേസ് ഒഴിവാക്കി കിട്ടുന്നതിനുള്ള വാദത്തിനിടെയാണ് എൽ.ഡി.എഫ് ഘടകകക്ഷിയായ കേരള കോൺഗ്രസ് (എം) ന്‍റെ സമ്മുന്നത നേതാവ് കെ.എം. മാണി അഴിമതിക്കാരനായിരുന്നെന്ന് സർക്കാർ കോടതിയിൽ വാദിച്ചത്.
മുൻ ധനമന്ത്രി കെ.എം മാണി അഴിമതിക്കാരനായിരുന്നുവെന്നും അദ്ദേഹത്തെ രക്ഷിക്കാൻ നോക്കിയത് കൊണ്ടാണ് അക്രമമുണ്ടായതെന്നും സംസ്ഥാന സർക്കാറിന് വേണ്ടി ഹാജരായ അഡ്വ. രഞ്ജിത് കുമാർ വാദിച്ചു. ധനമന്ത്രിയുടെ സ്വഭാവം എന്തായിരുന്നാലും പ്രതിപക്ഷ എം.എൽ.എമാരുെട പെരുമാറ്റം പൊറുക്കാനാവാത്തതാണെന്ന് സുപ്രീംകോടതി ഇൗ വാദത്തോട് പ്രതികരിച്ചു.
ധനമന്ത്രിയുടെ വ്യക്തിത്വമല്ല വിഷയം. ബിൽ പാസാക്കുക എന്നതാണ് പ്രധാനം. കേസ് പിൻവലിക്കണമോയെന്ന് സംസ്ഥാന സർക്കാരിന് തീരുമാനിക്കാനാകില്ലെന്നും കോടതി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട എല്ലാ കേസുകളും രേഖകളും സമർപ്പിക്കാൻ ആവശ്യപ്പെട്ട സുപ്രീംകോടതി ബുധനാഴ്ചയിലേക്ക് കേസ് നീട്ടിവെക്കുകയാണെന്നും വിഷയം പഠിക്കാൻ തങ്ങൾക്ക് ഒരാഴ്ച ലഭിക്കുമെന്നും പറഞ്ഞു.
എന്നാൽ സംസ്ഥാന സർക്കാർ കേസ് പിൻവലിക്കാനുള്ള ഹരജി സമർപ്പിച്ചത് നിയമത്തിെൻറ സ്വഭാവിക നടപടിക്രമം പാലിച്ചല്ലെന്ന് അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് വേണ്ടി ഹാജരായ അഡ്വ. മഹേഷ് ജത്മലാനി ആരോപിച്ചു. ഇൗ വിഷയത്തിൽ തനിക്കേറെ ബോധിപ്പിക്കാനുണ്ടെന്നും ജത്മലാനി പറഞ്ഞു. വാദത്തിനിടെ ജത്മലാനിക്കെതിരെ മോശമായ അഭിപ്രായപ്രകടനം നടത്തിയതിന് അഡ്വ. രഞജിത് കുമാറിനെ സുപ്രീംകോടതി വിമർശിച്ചു
നേരത്തെ കെ.എം മാണി യു.ഡി.എഫിന്‍റെ ഭാഗമായിരിക്കുന്ന സമയത്ത് അദ്ദേഹത്തിനെതിരായ പ്രതിഷേധമായാണ് നിയമസഭയിൽ അക്രമ സംഭവങ്ങൾ അരങ്ങേറിയത്. എന്നാൽ, കെ.എം. മാണിയുടെ മരണ ശേഷം, അദ്ദേഹത്തിന്‍റെ കേരള കോൺഗ്രസ് എൽ.ഡി.എഫിലെത്തി. ഇപ്പോൾ കേരള കോൺഗ്രസ് മാണി വിഭാഗം എൽ.ഡി.എഫിന്‍റെ ഭാഗമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.