കൊച്ചി: രാഷ്ട്രീയ കേരളത്തിൻെറ ആചാര്യന്മാരിൽ അഗ്രഗണ്യനായിരുന്ന കരിങ്ങോഴക്കൽ മാണി മാണിയെന്ന കെ.എം. മാണി (86) അ ന്തരിച്ചു. ശ്വാസകോശസംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളത്തെ ലേക്ഷോർ ആശുപത്രി യിൽ ചികിത്സയിലായിരുന്ന മാണി ചൊവ്വാഴ്ച വൈകീട്ട് 4.57നാണ് മരിച്ചത്. ചൊവ്വാഴ്ച രാവ ിലെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടായെങ്കിലും ഉച്ചയോടെ വഷളായി. മരണസമയത്ത ് ഭാര്യ കുട്ടിയമ്മയും ജോസ് കെ. മാണി എം.പി അടക്കം മക്കളും അടുത്തുണ്ടായിരുന്നു.
ബുധ നാഴ്ച രാവിലെ കോട്ടയത്ത് എത്തിക്കുന്ന ഭൗതികശരീരം 10.30ന് കേരള കോൺഗ്രസ് ആസ്ഥാനത്തും ത ുടർന്ന് തിരുനക്കര മൈതാനത്തും പൊതുദർശനത്തിന് വെക്കും. ഉച്ചക്ക് ഒന്നോടെ പാലായി ലേക്ക് കൊണ്ടുപോകും. പാലായിലെ വസതിയിൽ പൊതുദർശനത്തിന് വെക്കും.
സംസ്കാര ശുശ ്രൂഷ വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് വസതിയിൽ തുടങ്ങും. സംസ്‌കാരം വ്യാഴാഴ്ച പാലാ കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ.
സംസ്ഥാന രാഷ്ട്രീയത്തിൽ ആർക്കും കൈവരിക്കാനാവാത്ത നിരവധി റെക്കോർഡുകൾ അവശേഷ ിപ്പിച്ചാണ് മാണിയുടെ ആറു പതിറ്റാണ്ടോളം നീണ്ട രാഷ്ട്രീയ ജീവിതത്തിന് തിരശ്ശീല വീഴുന്നത്. എന്നും പ്രായോഗിക രാഷ്ട്രീയത്തിന്റെ വക്താവായിരുന്ന മാണിയുടെ വേർപാടോടെ കേരള രാഷ്ട്രീയത്തിലെ ഒരു യുഗത്തിനാണ് അന്ത്യമാവുന്നത്.
54 വർഷം എം.എൽ.എയായിരുന്ന കെ.എം. മാണി ഒരിക്കൽ പോലും പരാജയപ്പെടാതെ തുടർച്ചയായി 13 തെരഞ്ഞെടുപ്പ് വിജയമെന്ന രാജ്യത്തെതന്നെ മറ്റാർക്കും കൈവരിക്കാനാവാത്ത നേട്ടത്തിന് ഉടമയായിരുന്നു. 13 മന്ത്രിസഭകളിൽ അംഗമായിരുന്നു മാണി. കേരളത്തിൽ ഏറ്റവും കൂടുതൽ മന്ത്രിസഭകളിലെ അംഗം, ഒരു മണ്ഡലത്തിൽ നിന്ന് അമ്പതു വർഷത്തിലധികം തുടർച്ചയായി നിയമസഭ അംഗമാവുക എന്നീ റെക്കോർഡുകളും മാണിക്ക് സ്വന്തം. 13 തവണ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതും കേരള രാഷ്ട്രീയത്തിലെ മറ്റൊരു റെക്കോഡാണ്.
1964ൽ കോട്ടയം ഡി.സി.സി സെക്രട്ടറിയായ കെ.എം. മാണി പിന്നീട് കേരള കോൺഗ്രസിലെത്തി ഇതിന്റെ ചെയർമാനായി. അന്ത്യവും സ്വന്തം പേരിലുള്ള പാർട്ടി ചെയർമാനായി തന്നെ. കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ നിരയിലായിരുന്നു കേരള കോൺഗ്രസിന്‍റെ സ്ഥാനം. 'വളരുംതോറും പിളരുകയും പിളരും തോറും വളരുകയും' ചെയ്യുന്ന പാർട്ടിയാണ് കേരള കോൺഗ്രെസന്ന് അദേഹം തന്നെ നൽകിയ നിർവചനം ശരിയെന്നു തെളിയിച്ച് കേരള കോൺഗ്രസുകൾ ഒട്ടേറെ പിറവിയെടുത്തു.
1965ൽ നടന്ന തെരഞ്ഞെടുപ്പിലാണ് മാണിയുടെ കന്നിവിജയമെങ്കിലും ഒരു കക്ഷിക്കും ഭൂരിപക്ഷമില്ലാതിരുന്നതിനാൽ അന്ന് നിയമസഭ വിളിച്ചുചേർക്കാതെ പിരിച്ചുവിട്ടിരുന്നു. 1967ലെ രണ്ടാം വിജയത്തിലായിരുന്നു ആദ്യ സത്യപ്രതിജ്ഞ. തുടർന്ന് ആഭ്യന്തരം, ധനകാര്യം ,റവന്യൂ, നിയമം, ഭവനനിർമാണം തുടങ്ങി വിവിധ വകുപ്പുകളിൽ 25വർഷത്തിലധികം മന്ത്രിയായി.
ധനകാര്യമന്ത്രിയായിരിക്കെ, ബാർ കോഴ ആരോപണത്തെ തുടർന്ന് 2015 നവംബർ 10ന് ഉമ്മൻചാണ്ടി മന്ത്രിസഭയിൽ നിന്ന് രാജിവെച്ചു. ഇതിെൻറ തുടർച്ചയായി 34 വർഷത്തെ യു.ഡി.എഫ് ബന്ധം ഉപേക്ഷിച്ച് സമദൂര രാഷ്ട്രീയ നിലപാട് എടുത്ത മാണി പിണക്കം അവസാനിപ്പിച്ച് കഴിഞ്ഞവർഷം വീണ്ടും യു.ഡി.എഫിൽ തിരികെയെത്തി.
കോട്ടയം മീനച്ചിൽ താലൂക്കിലെ മരങ്ങാട്ടുപള്ളിയിൽ കർഷകദമ്പതികളായിരുന്ന തൊമ്മൻ മാണിയുടെയും ഏലിയാമ്മയുടേയും മകനായി 1930 മേയ് 30നാണ് ജനനം. തൃശ്ശിനാപ്പള്ളി സെന്‍റ് ജോസഫ്‌സ് കോളജിൽ നിന്ന് ബിരുദവും മദ്രാസ് ലോ കോളജിൽ നിന്ന് നിയമ ബിരുദവും നേടിയശേഷം പി. ഗോവിന്ദമേനോന്റെ കീഴിൽ 1955ൽ കോഴിക്കോട് അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. കോഴിക്കോട് നഗരസഭ ചെയർമാനായിരുന്ന ഗോവിന്ദമേനോനൊപ്പം മാണിയും രാഷ്ട്രീയത്തിൽ സജീവമായി.
1959ൽ കെ.പി.സി.സി അംഗം. 64 മുതൽ കേരള കോൺഗ്രസ്സിൽ. 1975 ലെ അച്യുതമേനോൻ മന്ത്രിസഭയിൽ ആദ്യമായി മന്ത്രി (455 ദിവസം), കരുണാകരന്‍റെ നാല് മന്ത്രിസഭകളിലും (3229 ദിവസം), ആന്‍റണിയുടെ മൂന്ന് മന്ത്രിസഭകളിലും (1472 ദിവസം), പി.കെ.വി മന്ത്രിസഭയിലും (270 ദിവസം), നായനാരുടെ മന്ത്രിസഭയിൽ ഒരുവട്ടവും (635 ദിവസം) അദ്ദേഹം അംഗമായിരുന്നു. പിന്നീട് ഉമ്മൻചാണ്ടിയുെട നേതൃത്വത്തിലെ രണ്ട് മന്ത്രിസഭയിലേയും അംഗമായി. 2011ൽ ഉമ്മൻചാണ്ടി മന്ത്രിസഭയിലാണ് അവസാനമായി അംഗമായിരുന്നത്. പിന്നീട് നടന്ന 2016ലെ നിയമസഭ തെരഞ്ഞെടുപ്പിലും പാലായിൽ നിന്ന് 13ാം തവണയും തെരഞ്ഞെടുക്കപ്പെട്ടു.
ധനമന്ത്രിയെന്ന നിലയിൽ 13 തവണ ബജറ്റ് അവതരിപ്പിച്ച റെക്കോർഡും മാണിക്ക് സ്വന്തം. സംഘർഷത്തിന്റെ നടുവിൽനിന്ന് ബജറ്റ് പ്രഖ്യാപിച്ച ചരിത്രവും മാണിക്കുണ്ട്. ബാർ കോഴ ആരോപണത്തെതുടർന്നായിരുന്നു ഇത്. അധ്വാനവർഗ സിദ്ധാന്തത്തിന് രൂപം നൽകിയ കെ.എം മാണി ഒന്നിലധികം പുസ്തത്തിന്റെ രചയിതാവുമായി. സംസ്ഥാന ആസൂത്രണ കമീഷൻ അംഗവും നിയമപരിഷ്കരണ കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: വാഴൂർ ഈറ്റത്തോട് തോമസ്-ക്ലാരമ്മ ദമ്പതികളുടെ മകളും മുൻ ആഭ്യന്തര മന്ത്രി പി.ടി. ചാക്കോയുെട മാതൃസഹോദരീപുത്രിയുമായ അന്നമ്മ (കുട്ടിയമ്മ). മക്കൾ: എത്സമ്മ, സാലി, ആനി, ടെസി, ജോസ് കെ. മാണി എം.പി, സ്മിത. മരുമക്കൾ: ഡോ. തോംസൺ ജേക്കബ് കവലക്കൽ, ചങ്ങനാശ്ശേരി (ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ്, തിരുവല്ല), എം.പി. ജോസഫ് മേനാച്ചേരിൽ, അങ്കമാലി (റിട്ട. ഐ.എ.എസ്), ഡോ. സേവ്യർ മാത്യു ഇടക്കാട്ടുകുടിയിൽ (കോതമംഗലം), നിഷ ജോസ് കെ. മാണി നിരവത്ത് (ആലപ്പുഴ), ഡോ. സുനിൽ ജോർജ് (ബേബി മെമ്മോറിയൽ ആശുപത്രി, കോഴിക്കോട്), രാജേഷ് കുരുവിത്തടം (എറണാകുളം).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.