കേരളത്തില്‍ തുടര്‍ഭരണം ഉറപ്പെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം)

കോട്ടയം: കേരളത്തില്‍ എല്‍.ഡി.എഫ് തുടര്‍ഭരണം ഉറപ്പെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റി യോഗം വിലയിരുത്തി. ചെയര്‍മാന്‍ ജോസ് കെ.മാണിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായാണ് സ്റ്റിയറിംഗ് കമ്മറ്റി ചേര്‍ന്നത്. പ്രതിസന്ധികളില്‍ കേരളത്തെ സധൈര്യം മുന്നോട്ടു നയിച്ച എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഇച്ഛാശക്തിയും, വികസന ജനക്ഷേമ പ്രവര്‍ത്തനങ്ങളും, നവകേരളസൃഷ്ടിക്കായുള്ള മുഖ്യമന്ത്രിയുടെ കഠിനമായ പരിശ്രമവും, ഉറച്ച മതേതര നിലപാടുകളും സര്‍ക്കാരിന് അനുകൂലമായ വലിയ തരംഗം സൃഷ്ടിച്ചു. കേരളത്തെ സാരമായി ബാധിക്കുന്ന രാഷ്ട്രീയ സാമൂഹിക പ്രശ്‌നങ്ങളൊന്നും ചര്‍ച്ച ചെയ്യാന്‍ യു.ഡി.എഫ് തയ്യാറായില്ല.


സര്‍ക്കാരിനും, എല്‍.ഡി.എഫ് നേതാക്കള്‍ക്കുമെതിരായ അപവാദപ്രചരങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച യു.ഡി.എഫ് നേതൃത്വം കേരളാ കോണ്‍ഗ്രസ്സ് (എം) സ്ഥാനാർഥികള്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരായി തരംതാണ കള്ളപ്രചരണങ്ങളും വ്യക്തിഹത്യയും നടത്തുന്നതാണ് തെരെഞ്ഞെടുപ്പില്‍ ഉടനീളം കണ്ടത്. കേരളാ കോണ്‍ഗ്രസ്സ് (എം) മത്സരിച്ച 12 സീറ്റുകളിലും അഭിമാനകരമായ വിജയം ഉണ്ടാകുമെന്ന് യോഗം വിലയിരുത്തി. കുറ്റ്യാടിയില്‍ മുന്നണിയുടെ ഐക്യവും കെട്ടുറപ്പും കാത്തുസൂക്ഷിക്കാനായി സ്ഥാനാർഥിത്വത്തില്‍ നിന്ന്​ സ്വയം പിന്മാറിയ മുഹമ്മദ് ഇക്ക്ബാലിനെ യോഗം അഭിനന്ദിച്ചു. കേരളാ കോണ്‍ഗ്രസ്സ് (എം) ന് വലിയ പിന്തുണയാണ് ഇടതുപക്ഷജനാധിപത്യമുന്നണിയുടെ എല്ലാ ഘടകകക്ഷികളില്‍ നിന്നും ഉണ്ടായത്.



എല്ലാ പ്രദേശങ്ങളിലും ഇടതുമുന്നണിയിലെ എല്ലാ ഘടകകക്ഷികളും ഒറ്റക്കെട്ടായി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി അണിനിരന്നതായും യോഗം അഭിപ്രായപ്പെട്ടു. തോമസ് ചാഴിക്കാടന്‍ എം.പി, റോഷി അഗസ്റ്റിന്‍ എം.എല്‍.എ, ഡോ.എന്‍.ജയരാജ് എം.എല്‍.എ, ഓഫീസ് ചാര്‍ജ് ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്, പാര്‍ട്ടിയുടെ ജില്ലാ പ്രസിഡന്റുമാര്‍, ഉന്നതാധികാരസമിതി അംഗങ്ങള്‍, ജനറല്‍ സെക്രട്ടറിമാര്‍, പോഷകസംഘടനാ പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.