കൊച്ചി: 'പ്രവാസി നാടിന്‍റെ നട്ടെല്ല് ആണെന്ന് പ്രസംഗിക്കും, എന്നിട്ട് ആ നട്ടെല്ല് തകർക്കുന്ന പണി തരികയും ചെയ്യും', 'കിട്ടുന്ന അവസരങ്ങളിലെല്ലാം പ്രവാസികളെ കഴിയുന്നത്ര പിഴിയുന്ന ഈ ഏർപ്പാട് നിർത്തിക്കാൻ ഇനിയും സമയമായിട്ടില്ലേ?'- കഴിഞ്ഞ കുറച്ചു ദിവസമായി സമൂഹ മാധ്യമങ്ങളിൽ ഇത്തരം നിരവധി പോസ്റ്റുകളാണ് പ്രചരിക്കുന്നത്. കേരളത്തിലെ വിമാനത്താവളങ്ങളിൽ റാപിഡ് പി.സി.ആറിന് ഈടാക്കുന്ന അമിത നിരക്കിനെതിരെയുള്ള പ്രവാസികൾക്കിടയിലെ വ്യപാക പ്രതിഷേധമാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നത്. കേരളത്തിൽ നിന്ന് ഏറ്റവുമധികം ആളുകൾ പോകുന്ന യു.എ.ഇയിലേക്കുള്ള യാത്രക്കാരാണ് വിമാനത്താവളത്തിൽ വച്ച് റാപിഡ് പി.സി.ആർ ചെയ്യേണ്ടത്. ഇതിന് ഒരാളിൽ നിന്ന് 2,490 രൂപയാണ് കേരളത്തിലെ വിമാനത്താവളങ്ങളിൽ ഈടാക്കുന്നത്. ഒരുമാസം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മാത്രം ഈയിനത്തിൽ കോടികളാണ് ഈടാക്കുന്നതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ഈ അമിത തുക കുറക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് പ്രവാസികൾ സർക്കാരിനോട് ആവശ്യപ്പെടുന്നത്.
തൊഴിൽ തേടിപ്പോകുന്നവരടക്കം സാമ്പത്തിക പ്രതിസന്ധി നേരിടുന്നവരിൽ നിന്ന് 2,490 രൂപ ഈടാക്കുന്നത് നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പ്രവാസി സംഘടനകളാണ് രംഗത്തെത്തിയിരിക്കുന്നത്. പലതവണ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഈ വിഷയത്തിൽ കേന്ദ്ര -സംസ്ഥാന സർക്കാരുകൾ ഇടപെടുന്നില്ലെന്ന് അവർ കുറ്റപ്പെടുത്തുന്നു. യു.എ.ഇയിലേക്ക് പുറപ്പെടുന്നതിന് ആറ് മണിക്കൂറിനുള്ളിലാണ് റാപിഡ് പി.സി.ആർ എടുക്കേണ്ടത്. യു.എ.ഇയിലെത്തുന്ന യാത്രക്കാർ പുറപ്പെടുന്ന വിമാനത്താവളങ്ങളിൽ നിന്ന് റാപിഡ് പി.സി.ആർ ചെയ്യണമെന്നത് യു.എ.ഇ സർക്കാറിന്‍റെ നിയമമാണെന്നും അരമണിക്കൂറിനുള്ളിൽ ഫലം കിട്ടുന്ന സാങ്കേതികത ആയതിനാലാണ് ഇത്രയധികം ഫീസ് ഈടാക്കുന്നതെന്നുമാണ് വിമാനത്താവളം അധികൃതരുടെ വിശദീകരണം. അന്നം തരുന്ന രാജ്യത്തിന്‍റെ നിയമം അനുസരിക്കാൻ തങ്ങൾ ബാധ്യസ്ഥരാണെന്നും അന്യരാജ്യത്ത് ഉപജീവനമാർഗം തേടി പോകുന്ന സ്വന്തം ജനങ്ങളിൽ നിന്ന് അമിത ഫീസ് ഈടാക്കുന്നത് അവസാനിപ്പിക്കാനുള്ള നടപടികളാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ എടുക്കേണ്ടതെന്നുമാണ് ഇതിന് പ്രവാസികൾ മറുപടി നൽകുന്നത്.
എന്നാൽ, എയർപോർട്ട് അതോറിറ്റി ചുമതലപ്പെടുത്തിയവരാണ് പരിശോധന നടത്തുന്നതെന്നും തങ്ങൾക്കൊന്നും ചെയ്യാനാവില്ലെന്നുമാണ് സംസ്ഥാന സർക്കാറിന്‍റെ വിശദീകരണം. മൂന്ന് ഏജൻസികളെയാണ് റാപിഡ് പി.സി.ആറിനായി നിയോഗിച്ചിരിക്കുന്നത്. സാധാരണ ആർ.ടി.പി.സി.ആറിനെ അപേക്ഷിച്ച് ചെലവേറിയതും വേഗത്തിൽ ഫലം തരുന്നതും ആയ പരിശോധനയായതിനാലാണ് 2,490 രൂപ വാങ്ങേണ്ടി വരുന്നതെന്ന് അവർ വിശദീകരിക്കുന്നു. പുറത്ത് 500 രൂപക്ക് മുതൽ ആർ.ടി.പി.സി.ആർ പരിശോധന നടത്താമെന്നും റാപിഡ് പി.സി.ആറിന്‍റെ പേരിൽ വിമാനത്താവളങ്ങളിൽ അതിന്‍റെ അഞ്ച് മടങ്ങ് ഈടാക്കുന്നത് നീതികരിക്കാനാകില്ലെന്നും പ്രവാസികൾ ഒന്നടങ്കം പറയുന്നു. ലാബുകൾ വൻ തുക മുടക്കിയാണ് റാപിഡ് പി.സി.ആറിനുള്ള ഉപകരണങ്ങൾ സജ്ജമാക്കിയത് എങ്കിൽ അതിന്‍റെ എത്രയോ ഇരട്ടി ലാഭം ഒരാഴ്ചയിൽ നിന്ന് തന്നെ ഉണ്ടാക്കാൻ അവർക്ക് കഴിഞ്ഞിട്ടുണ്ടെന്നും പ്രവാസികൾ ചൂണ്ടിക്കാട്ടുന്നു.
ഉദാഹരണത്തിന്, നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് യു.എ.ഇയിലേക്ക് ആഴ്ചയിൽ 128 സർവീസുകളാണുള്ളത്. ഒരു സർവീസിൽ ശരാശരി 200 യാത്രക്കാർ എന്ന് കണക്കാക്കിയാൽ ഒരുമാസം റാപിഡ് പി.സി.ആർ നടത്തുന്ന ഏജൻസികൾക്ക് കിട്ടുന്നത് 25.49 കോടി രൂപയാണ്. അതായത് ആഴ്ചയിൽ 25,600 യാത്രക്കാരാണ് ഉണ്ടാകുക. അപ്പോൾ ആഴ്ചയിൽ ഇത്രയും യാത്രക്കാരിൽ നിന്നും റാപിഡ് പി.സി.ആർ ഇനത്തിൽ ഈടാക്കുന്നത് 63,744,000 രൂപയാണ്. ഒരുമാസത്തെ കണക്കെടുത്താൽ അത് 254,976,000 രൂപയാകും. നെടുമ്പാശ്ശേരിയിലെ മാത്രം കണക്കാണിതെന്നും കേരളത്തിലെ മറ്റ് വിമാനത്താവളങ്ങളിലെ കണക്ക് കൂടിയെടുത്താൽ ഇതിന്‍റെ ഇരട്ടി വരുമെന്നും പ്രവാസികൾ ചൂണ്ടിക്കാട്ടുന്നു. 48 മണിക്കൂർ മുമ്പ് 500 രൂപ മുടക്കി ആർ.ടി.പി.സി.ആർ എടുത്തവരും രണ്ട് ഡോസ് വാക്സിൻ എടുത്തവരാണ് വിദേശത്തേക്ക് പോകുന്നത് എന്നത് കണക്കിലെടുത്ത് വിമാനത്താവളത്തിൽ വൻതുക റാപിഡ് പി.സി.ആറിന് ഈടാക്കുന്നത് അവസാനിപ്പിക്കണമെന്നാണ് പ്രവാസികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.