തിരുവനന്തപുരം: എച്ച്.െഎ.വി പരിശോധന ഫലങ്ങൾ വെവ്വേറെ ആയതോടെ ആർ.സി.സിയിൽ ചികിത്സയിലുള്ള ബാലികയുടെ എച്ച്.െഎ.വി ബാധക്കുള്ള ചികിത്സ പ്രതിസന്ധിയിലായി.
ഏറ്റവും ഒടുവിൽ കുട്ടിയുടെ രക്തത്തിലുള്ള എച്ച്.െഎ.വി അണുബാധയുടെ ‘വൈറൽലോഡ്’ സംബന്ധിച്ച് ചെന്നൈ ലാബിൽ നടത്തിയ പരിശോധന നെഗറ്റിവ് ആയതാണ് ആശയക്കുഴപ്പം ഉണ്ടാക്കിയത്. ചെെന്നെയിലെ ഫലം അനുസരിച്ചാണെങ്കിൽ നിലവിൽ കുട്ടിക്ക് എച്ച്.െഎ.വി അണുബാധയില്ല. എന്നാൽ, ഇക്കാര്യം അന്തിമമായി സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. അതിനാൽ ചെന്നൈയിലെ പരിശോധന ഫലം ഡൽഹിയിലെ നാഷനൽ എയ്ഡ്സ് കൺട്രോൾ ഒാർഗനൈസേഷനിലേക്ക് (നാകോ) അയച്ചു.
പുതിയ പരിശോധന ഫലം മുൻനിർത്തി കുട്ടിക്ക് എച്ച്.െഎ.വി ബാധക്കുള്ള ആൻറിറിട്രോവൈറൽ ചികിത്സ തൽക്കാലം വേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണ്. ആലപ്പുഴ മെഡിക്കൽ കോളജിൽ രക്താർബുദം സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഒമ്പത് വയസ്സുകാരിയായ ബാലികയെ മാർച്ചിൽ ആർ.സി.സിയിൽ പ്രവേശിപ്പിച്ചത്.
ഇവിടെ കീമോതെറപ്പിക്ക് മുമ്പ് രക്തം പരിശോധിച്ചപ്പോൾ എച്ച്.െഎ.വി കണ്ടെത്തിയിരുന്നില്ല. തുടർന്ന് പലഘട്ടങ്ങളിലായി 49 തവണ കുട്ടിക്ക് പുറത്തുനിന്നുള്ള രക്തം നൽകി. ഇതിനു ശേഷം നടത്തിയ പരിശോധനയിലാണ് എച്ച്.െഎ.വി കണ്ടെത്തിയത്. തുടർന്ന് പരിശോധനകൾ വീണ്ടും നടത്തിയതിലും എച്ച്.െഎ.വി അണുബാധ ഉണ്ടായിരുന്നു. തുടർന്ന് തിരുവനന്തപുരം, മെഡിക്കൽ കോളജിൽ എച്ച്.െഎ.വി ചികിത്സ തുടങ്ങാൻ വൈറൽ ലോഡ് കണക്കാക്കാനാണ് ചെെന്നെയിലേക്ക് ബാലികയെ കൊണ്ടുപോയി പരിശോധിച്ചത്. അതിലാണ് എച്ച്.െഎ.വി സാന്നിധ്യം ഇല്ലെന്ന ഫലം വന്നിരിക്കുന്നത്. എങ്കിലും അന്തിമ തീരുമാനമുണ്ടാകണമെങ്കിൽ നാകോയിൽനിന്നുള്ള സ്ഥിരീകരണം വരണം. രണ്ടാഴ്ചക്കുള്ളിൽ ഇത് അറിയാനാകുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.