ജീവനക്കാരുടെ സ്വത്തുവിവരം സര്‍വിസ് ബുക്കില്‍ ഉള്‍പ്പെടുത്തും

തിരുവനന്തപുരം: അഴിമതി തടയാന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ ജീവനക്കാരുടെ സ്വത്തുവിവരങ്ങള്‍ സര്‍വിസ് ബുക്കില്‍ രേഖപ്പെടുത്താന്‍ തീരുമാനം. ജീവനക്കാരുടെയും കുടുംബത്തിന്‍െറയും സ്ഥാവര ജംഗമവസ്തുക്കളുടെ മുഴുവന്‍ വിവരങ്ങളും നല്‍കണം. പുതുതായി സര്‍വിസില്‍ പ്രവേശിക്കുന്നവര്‍ നിശ്ചിത ഫോറത്തില്‍ വിവരങ്ങള്‍ പൂരിപ്പിക്കണം. നിലവിലെ ജീവനക്കാരുടെ കാര്യത്തില്‍ ഇവ ഉള്‍പ്പെടുത്തണമോയെന്ന് വ്യക്തമാക്കിയിട്ടില്ല. വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോയുടെ നിര്‍ദേശപ്രകാരമാണ് സര്‍ക്കാര്‍ ഉത്തരവ്.

സര്‍വിസില്‍ പ്രവേശിക്കുമ്പോള്‍ സ്വത്തുവിവരം ലഭിച്ചാല്‍ പിന്നീട് അനധികൃതമായി സ്വത്ത് നേടിയാല്‍ കണ്ടത്തൊന്‍ സഹായകമാകുമെന്നാണ് വിജിലന്‍സ് നിലപാട്. 2012 ജൂലൈ 11നാണ് വിജിലന്‍സ് ഇതുസംബന്ധിച്ച ശിപാര്‍ശ സര്‍ക്കാറിന് നല്‍കിയത്. വെള്ളിയാഴ്ച ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി; പ്രാബല്യത്തില്‍ വരുകയും ചെയ്തു. ഇതിന്‍െറ അടിസ്ഥാനത്തില്‍ കെ.എസ്.ആറിലെ പാര്‍ട്ട് മൂന്നില്‍ ഭേദഗതി വരുത്തും. ഇതിനായി പ്രത്യേക ഉത്തരവിറക്കും.

മൂന്നുപേജുള്ള ഫോറമാണ് പൂരിപ്പിച്ചു നല്‍കേണ്ടത്. ജീവനക്കാരുടെ പദവി, പാന്‍-പെന്‍-പ്രാണ്‍ നമ്പറുകള്‍, സ്ഥിരം മേല്‍വിലാസം, ഇപ്പോഴത്തെ മേല്‍വിലാസം, ഇപ്പോഴത്തെ ഓഫിസ്, പിതാവ്, മാതാവ്, സഹോദരങ്ങള്‍, പങ്കാളി, മക്കള്‍ എന്നിവരുടെ പേരും ജോലിയും, സ്വന്തം പേരിലും പങ്കാളിയുടെ പേരിലുമുള്ള സ്ഥാവര ജംഗമ വസ്തുക്കള്‍, ഇരുവരുടെയും ബാങ്ക് അക്കൗണ്ട് നമ്പറുകള്‍, ഇരുവരും കൈവശംവെച്ചിരിക്കുന്ന ഓഹരികള്‍, കുട്ടികളുടെ പേരിലുള്ള നിക്ഷേപങ്ങള്‍, മറ്റ് നിക്ഷേപങ്ങള്‍, ഇരുവരുടെയും വായ്പ അടക്കമുള്ള ബാധ്യതകള്‍, പങ്കാളിയോ അടുത്ത കുടുംബാംഗങ്ങളോ നടത്തുന്ന ബിസിനസുകള്‍, അവരുടെ വാര്‍ഷിക വിറ്റുവരവ്, ബാധ്യതകള്‍ എന്നിവ നല്‍കണം.

ഇരുവരുടെയും ഭൂമിയുടെ വിവരങ്ങള്‍, ഭൂമിയുടെ സ്വഭാവം, മൂല്യം, കെട്ടിടങ്ങള്‍, സര്‍വേ നമ്പര്‍, വിസ്തീര്‍ണം, അവ സ്ഥിതി ചെയ്യുന്ന സംസ്ഥാനം, ജില്ല, താലൂക്ക്, അതില്‍ നിന്നുള്ള വാര്‍ഷിക വരുമാനം, അവയുടെ ഉടമസ്ഥാവകാശത്തിന്‍െറ സ്വഭാവം എന്നിവയും സമര്‍പ്പിക്കണം.

 

Tags:    
News Summary - kerala govt. employees wealth in service book

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.