കേരള ഗ്രാമീണ്‍ ബാങ്കിനെ റിസര്‍വ് ബാങ്ക് അവഗണിക്കുന്നു

മലപ്പുറം: ആവശ്യമായ കറന്‍സി നല്‍കാതെ കേരള ഗ്രാമീണ്‍ ബാങ്കിനെ റിസര്‍വ് ബാങ്ക് ബുദ്ധിമുട്ടിക്കുന്നതായി ആക്ഷേപം. മലപ്പുറം ആസ്ഥാനമായ കേരള ഗ്രാമീണ്‍ ബാങ്കിന് സംസ്ഥാനത്ത് 600ലധികം ശാഖകളുണ്ട്. പൊതുമേഖല ബാങ്കുകളില്‍ ശാഖകളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനമാണ്. എന്നാല്‍, ഇത്രയും ശാഖകള്‍ക്കായി ദിവസം ശരാശരി 20 കോടി രൂപ മാത്രമാണ് റിസര്‍വ് ബാങ്ക് അനുവദിക്കുന്നത്- ഒരു ശാഖക്ക് ശരാശരി രണ്ട് ലക്ഷം രൂപ മാത്രം. പിന്‍വലിക്കാനത്തെുന്നവര്‍ക്ക് 2000 മുതല്‍ 4000 രൂപ വരെ മാത്രമാണ് ഒരു ദിവസം നല്‍കാനാവുന്നത്.

24,000 രൂപ ആഴ്ചയില്‍ പിന്‍വലിക്കാമെന്നിരിക്കെയാണിത്. ഗ്രാമീണ മേഖലകളിലെ കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍, ചെറുകിട- ഇടത്തരം കച്ചവടക്കാര്‍, കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങി ഗ്രാമീണ്‍ ബാങ്കിനെ ആശ്രയിക്കുന്നവര്‍ നിരവധിയാണ്. പ്രാഥമിക സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനം സ്തംഭിച്ചതോടെ ഗ്രാമീണ്‍ ബാങ്കുകളെയാണ് ജനം കൂടുതലായി ആശ്രയിക്കുന്നത്.

ഗ്രാമീണ്‍ ബാങ്കിന് സ്വന്തമായി കറന്‍സി ചെസ്റ്റില്ലാത്തതാണ് പ്രതിസന്ധിയുടെ പ്രധാന കാരണം. സൗത് മലബാര്‍ ഗ്രാമീണ ബാങ്കും നോര്‍ത് മലബാര്‍ ഗ്രാമീണ ബാങ്കും ലയിച്ചാണ് കേരള ഗ്രാമീണ്‍ ബാങ്ക് രൂപപ്പെട്ടത്. ലയനത്തിന് മുമ്പേ ജീവനക്കാര്‍ ഉയര്‍ത്തുന്ന ആവശ്യമാണ് സ്വന്തമായി കറന്‍സി ചെസ്റ്റ് അനുവദിക്കുക എന്നത്. എന്നാല്‍, ഇത് റിസര്‍വ് ബാങ്ക് പരിഗണിച്ചില്ല.  പ്രധാനമന്ത്രി ജന്‍ധന്‍ യോജന, അടല്‍ പെന്‍ഷന്‍ യോജന, മുദ്രാ വായ്പ, പ്രധാനമന്ത്രി ആവാസ് യോജന എന്നിവയെല്ലാം നടപ്പാക്കുന്നതില്‍ ഗ്രാമീണ്‍ ബാങ്കുകള്‍ മുന്നിലായിട്ടും റിസര്‍വ് ബാങ്ക് വിവേചനം കാണിക്കുകയാണെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു.

Tags:    
News Summary - kerala gramin bank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.