ന്യൂഡൽഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കൾക്കുള്ള നഷ്ടപരിഹാരം കേരളം ഇതുവരെ വിതരണം ചെയ്തിട്ടില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. സംസ്ഥാനത്തു നിന്ന് 6116 പേർ അപേക്ഷ നൽകിയെങ്കിലും ആശ്രിതരെ സംബന്ധിച്ച വ്യക്തതയില്ലാത്തതുകൊണ്ടാണ് വിതരണം ചെയ്യാത്തതെന്ന് കേരളം അറിയിച്ചതായും കേന്ദ്രം സുപ്രീംകോടതിയിൽ വ്യക്തമാക്കി.
ഈ മാസം 26 വരെ കേരളത്തിൽ 38,737 കോവിഡ് മരണമാണ് ഉണ്ടായിട്ടുള്ളതെന്ന് അറിയിച്ച സർക്കാർ അതിൽനിന്ന് 6116 പേരുടെ ബന്ധുക്കളാണ് സാമ്പത്തിക സഹായത്തിന് അപേക്ഷ നൽകിയതെന്ന് ബോധിപ്പിച്ചിട്ടുണ്ട്. അതേസമയം, ഡൽഹി സർക്കാർ 25,358 അപേക്ഷകളിൽ 19,926 പേർക്കായി 99.63 കോടി രൂപ വിതരണം ചെയ്ത് കഴിഞ്ഞെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. കോവിഡ് നഷ്ടപരിഹാരത്തിനുള്ള എല്ലാ രേഖകളും ഓൺലൈനായി സമർപ്പിക്കുന്ന സംവിധാനമുണ്ടാകണമെന്ന് കോടതി നിർദേശിച്ചു. അപേക്ഷകളുടെ കുറവിൽ കോടതി ആശങ്ക രേഖപ്പെടുത്തി.
ഓൺലൈൻ പോർട്ടൽ വികസിപ്പിക്കുന്നതിന് കേരള മോഡൽ പരിഗണിക്കാമെന്ന് സൂചിപ്പിച്ച സുപ്രീംകോടതിയോട് അതിനേക്കാൾ മികച്ച ഗുജറാത്ത് മോഡൽ പരിഗണിക്കണമന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടു. തിങ്കളാഴ്ചക്കകം പോർട്ടൽ വികസിപ്പിക്കാൻ കോടതി ഗുജറാത്തിന് നിർദേശം നൽകി. അന്നേ ദിവസം ഹരജി വീണ്ടും പരിഗണിക്കും. നഷ്ടപരിഹാര വിതരണത്തിന് രാജ്യവ്യാപകമായി ഏകീകൃത സംവിധാനം വേണമെന്നും കോടതി നിർദേശിച്ചു.
കേരളമടക്കം സംസ്ഥാനങ്ങൾക്ക് സത്യവാങ്മൂലം സമർപ്പിക്കാൻ നോട്ടീസ് അയക്കും. നഷ്ടപരിഹാര വിതരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ സംസ്ഥാനങ്ങൾ കേന്ദ്രത്തിന് കൈമാറണം. നഷ്ടപരിഹാര അപേക്ഷകളുടെ എണ്ണത്തിലെ കുറവിന് കാര്യമായ പ്രചാരണം സംസ്ഥാനങ്ങൾ നടത്താത്തത് ആകാം കാരണമെന്നും കോടതി ചുണ്ടിക്കാട്ടി.
നഷ്ടപരിഹാര വിഷയത്തിൽ അഡ്വ. ഗൗരവ് കുമാർ ബൻസൽ സമർപ്പിച്ച കോടതിയലക്ഷ്യ ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.