കൊച്ചി: ഭൂമി തരംമാറ്റൽ അപേക്ഷകൾ കൈകാര്യം ചെയ്യുന്ന റവന്യൂ ഉദ്യോഗസ്ഥർക്ക് കൃത്യമായ ഇടവേളകളിൽ പരിശീലനം നൽകണമെന്ന് ഹൈകോടതി. 2008ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം ലഭിക്കുന്ന അപേക്ഷകൾ ശരിയായി പരിഗണിക്കാൻ ഇത് സഹായകരമാകുമെന്ന് ജസ്റ്റിസ് വിജു എബ്രഹാം വിലയിരുത്തി. റവന്യൂ ഉദ്യോഗസ്ഥർക്ക് ഇത്തരം പരിശീലനം നൽകാൻ കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. എന്നാൽ, അപേക്ഷകരെ ഉദ്യോഗസ്ഥർ വലക്കുന്നത് തുടരുന്നതിനാലാണ് ഇടക്കിടെ പരിശീലനം നിർദേശിച്ചത്. ഓൺലൈനിലും പരിശീലനം സംഘടിപ്പിക്കാം.
ഭൂമി തരംമാറ്റാനുള്ള അപേക്ഷ ആർ.ഡി.ഒ നിഷേധിച്ചതിനെത്തുടർന്ന് തൃശൂർ സ്വദേശിനി കുക്കു ജോയി ആണ് ഹൈകോടതിയെ സമീപിച്ചത്. മുകുന്ദപുരം താലൂക്കിൽ പറപ്പൂക്കര വില്ലേജിൽ 14.16 ആർ സ്ഥലമാണ് ഹരജിക്കാരിയുടെ അടക്കം ഉടമസ്ഥതയിലുള്ളത്. ഇതിൽ കുറച്ചുഭാഗം തെറ്റായി േഡറ്റ ബാങ്കിൽ ഉൾപ്പെട്ടിരുന്നു. ഇത് തരം മാറ്റാൻ അപേക്ഷ നൽകിയെങ്കിലും നടപടി ഉണ്ടാകാത്തതിനാൽ ഹൈകോടതിയെ സമീപിച്ചു.
അനുകൂല ഉത്തരവുണ്ടായിട്ടും ഉദ്യോഗസ്ഥർ തടസ്സം ഉന്നയിച്ചതോടെ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചതിനാലാണ് ഭൂമി േഡറ്റ ബാങ്കിൽനിന്ന് ഒഴിവാക്കിയത്. തുടർന്ന്, ഭൂമി നിലമാണെന്നത് അടിസ്ഥാന ഭൂനികുതി (ബി.ടി.ആർ) രേഖയിൽനിന്ന് മാറ്റാൻ അപേക്ഷ നൽകി. ഈ അപേക്ഷയും റവന്യൂ ഉദ്യോഗസ്ഥർ നിരസിച്ചതിനെത്തുടർന്നാണ് ഇവർ വീണ്ടും കോടതിയെ സമീപിച്ചത്. ഭൂമി േഡറ്റ ബാങ്കിൽ ഉൾപ്പെട്ടതിനാൽ 1967 ജൂലൈ നാലിനുമുമ്പ് തരംമാറ്റപ്പെട്ട ഭൂമിയല്ലെന്ന കാരണമാണ് ആർ.ഡി.ഒ പറഞ്ഞത്. എന്നാൽ, ഹൈകോടതി ഉത്തരവിനെത്തുടർന്ന് േഡറ്റ ബാങ്കിൽനിന്ന് ഒഴിവാക്കിയ ഭൂമിയുടെ കാര്യത്തിൽ ആർ.ഡി.ഒ റാങ്കിലുള്ള ഉദ്യോഗസ്ഥൻ ഇത്തരമൊരു നിലപാട് സ്വീകരിച്ചതിൽ കോടതി ആശ്ചര്യം പ്രകടിപ്പിച്ചു.
ആർ.ഡി.ഒയുടെ ഉത്തരവ് റദ്ദാക്കിയ കോടതി, അപേക്ഷ വീണ്ടും പരിഗണിച്ച് രണ്ട് മാസത്തിനുള്ളിൽ തീരുമാനമെടുക്കാൻ നിർദേശിച്ചു. ഉദ്യോഗസ്ഥന് വലിയ പിഴ ചുമത്തേണ്ട കേസാണിതെന്നും കോടതി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.