പാലക്കാട്: കർണാടകയിൽ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പോസ്റ്ററിൽ കേരളത്തിലെ ജെ.ഡി-എസ് നേതാക്കൾ ഉൾപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി മന്ത്രി കെ. കൃഷ്ണൻകുട്ടിയും മാത്യു ടി. തോമസും. പോസ്റ്റർ വ്യാജമായി നിർമിച്ചതാണെന്ന് മുതിർന്ന നേതാവും മന്ത്രിയുമായ കെ. കൃഷ്ണൻകുട്ടി പ്രതികരിച്ചു.
വ്യാജ പോസ്റ്റർ ഇറക്കിയതിനെതിരെ നിയമനടപടി സ്വീകരിക്കും. ഇന്ന് തന്നെ ഡി.ജി.പിക്ക് പരാതി നൽകും. കോൺഗ്രസിന്‍റെ ആരോപണത്തിന് മറുപടി അർഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എൽ.ഡി.എഫിൽ ഉറച്ചു നിൽക്കുമെന്ന് ജെ.ഡി-എസ് നേതാവും മുൻ മന്ത്രിയുമായി മാത്യു ടി. തോമസ് പ്രതികരിച്ചു. തന്‍റെയും കൃഷ്ണൻകുട്ടിയുടെയും ചിത്രം വച്ച് അടിച്ചാൻ അവിടെ വോട്ട് കിട്ടുമെന്ന് കരുതുന്നില്ല. പിന്നിൽ രാഷ്ട്രീയ എതിരാളികളാണെന്നും അദ്ദേഹം വ്യക്തമാക്കി.
കർണാടകയിൽ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പോസ്റ്ററിലാണ് കേരളത്തിലെ ജെ.ഡി-എസ് നേതാക്കളുടെ ചിത്രങ്ങൾ വന്നത്. ബംഗളൂരു റൂറൽ മണ്ഡലത്തിൽ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാർഥിയും ഹൃദ്രോഗ വിദഗ്ധനുമായ ഡോ. സി.എൻ. മഞ്ജുനാഥിന് വോട്ടഭ്യർഥിക്കുന്ന പോസ്റ്ററിലാണ് ജെ.ഡി-എസ് ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡക്കും നരേന്ദ്ര മോദിക്കും ഒപ്പം കേരളത്തിലെ ജെ.ഡി-എസ് മന്ത്രി കെ. കൃഷ്ണൻകുട്ടിയെയും പാർട്ടി കേരള അധ്യക്ഷനായിരുന്ന മാത്യു ടി. തോമസിനെയും ഉൾപ്പെടുത്തിയത്. ഇരുവരും നിലവിൽ ജെ.ഡി-എസ് ദേശീയ നിർവാഹക സമിതി അംഗങ്ങളാണ്.
ബി.ജെ.പിയുമായി സഖ്യം ചേരാനുള്ള ദേവഗൗഡയുടെ ഏകപക്ഷീയ തീരുമാനത്തിൽ പ്രതിഷേധിച്ച് ജെ.ഡി-എസ് കേരള ഘടകം ദേശീയ കമ്മിറ്റിയിൽ നിന്ന് അകന്നുനിന്നിരുന്നു. ദേശീയ ജനറൽ സെക്രട്ടറി സി.കെ. നാണുവിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം സമാന്തര നീക്കവും നടത്തി. സി.കെ. നാണു അടക്കമുള്ളവരെ പുറത്താക്കിയ ദേവഗൗഡ, മാത്യു ടി. തോമസും കൃഷ്ണൻകുട്ടിയുമടങ്ങുന്ന കേരളഘടകത്തെ പാർട്ടിയുടെ ഭാഗമായിത്തന്നെ കണ്ടു. കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിധിയിൽ പെടാതിരിക്കാൻ കൃഷ്ണൻകുട്ടി ഇടതു മന്ത്രിസഭയിൽ നിന്ന് രാജിവെച്ചതുമില്ല.
ജെ.ഡി-എസ് ദേശീയ നേതൃത്വവുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ച് കേരള ഘടകം സ്വതന്ത്രമായി നിൽക്കാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ദേശീയതലത്തിലെ ഭാരവാഹിത്വം കേരള അംഗങ്ങൾ രാജിവെക്കാൻ തീരുമാനിച്ചപ്പോഴും മാത്യു ടി. തോമസും കൃഷ്ണൻകുട്ടിയും ദേശീയ ഭാരവാഹിത്വത്തിൽതന്നെ തുടർന്നു. ഈ സാങ്കേതികത്വമാണ് ബി.ജെ.പിയുടെ പ്രചാരണ പോസ്റ്റിലേക്ക് ഇരുവരെയും എഴുന്നള്ളിച്ചത്.
കേരളത്തിലെ ഇടതുപക്ഷ സർക്കാറിനുള്ള ബി.ജെ.പിയുടെ പ്രഹരമായാണ് വിവാദ പോസ്റ്ററിനെ നിരീക്ഷകർ വിലയിരുത്തുന്നത്. ബി.ജെ.പി-ജെ.ഡി-എസ് സഖ്യ സ്ഥാനാർഥി ഡോ. സി.എൻ. മഞ്ജുനാഥ് എച്ച്.ഡി. ദേവഗൗഡയുടെ മരുമകൻ കൂടിയാണ്. കർണാടക കോൺഗ്രസ് അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാറിന്റെ സഹോദരൻ ഡി.കെ. സുരേഷാണ് ബംഗളൂരു റൂറലിൽ കോൺഗ്രസ് സ്ഥാനാർഥി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.