സംഘപരിവാര്‍ കത്തിച്ച ക്രിസ്ത്യന്‍ ദേവാലയങ്ങളിലെ അഗ്നി അടങ്ങിയിട്ടില്ല; ക്രൈസ്തവ -സംഘപരിവാര്‍ ബാന്ധവം രാഷ്ട്രീയ പാപ്പരത്തം -ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍

കൊച്ചി: തലശ്ശേരി ആര്‍ച്ചുബിഷപ്പ് ജോസഫ് പാംബ്ലാനിയുടെ ബി.ജെ.പി അനുകൂല നിലപാടിനു പിന്നാലെ ചില ക്രൈസ്തവ സമുദായ സംഘടനകളും സംഘപരിവാര്‍ ബാന്ധവത്തിന് കച്ചകെട്ടുന്നത് തികഞ്ഞ രാഷ്ട്രീയ പാപ്പരത്തമാണെന്ന് കേരള ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍. ഉത്തരേന്ത്യയിലും കര്‍ണാടകത്തിലും സംഘപരിവാര്‍ ക്രിമിനലുകള്‍ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ കത്തിച്ചതിന്‍റെ അഗ്നി ഇപ്പോഴും കെട്ടടങ്ങിയിട്ടില്ലെന്നും കൊച്ചിയില്‍ ചേര്‍ന്ന സംസ്ഥാന സമിതി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന കെ.എൽ.സി.എ സംസ്ഥാന സമ്മേളനവേദിയില്‍ മെത്രാന്മാരുടെ സാന്നിധ്യത്തില്‍ത്തന്നെ ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രനെ ക്ഷണിച്ചിരുത്തിയതും അയാളെ വംശീയ വിദ്വേഷത്തോടെയുള്ള വര്‍ഗീയത പ്രസംഗിപ്പിച്ചതും ക്രൈസ്തവരെ ഒറ്റുകൊടുക്കുന്ന നടപടിയാണ്​. ഗ്രഹം സ്റ്റെയ്ന്‍സിനെയും സ്റ്റാന്‍ സ്വാമിയെയും ഒറീസയിലും ബീഹാറിലും സംഘപരിവാറുകാര്‍ ചുട്ടെരിച്ച അനേകരെയും മറന്നുകൊണ്ട് അപ്പക്കഷണങ്ങള്‍ തേടിയുള്ള യാത്രയാണ് ഇക്കൂട്ടര്‍ നടത്തുന്നതെന്നും ഈ നീക്കത്തെ സമുദായം ഒറ്റക്കെട്ടായിനിന്ന് ചെറുക്കണമെന്നും കാത്തലിക് കൗണ്‍സില്‍ ആഹ്വാനം ചെയ്തു.

പ്രസിഡന്‍റ് ഇ.ആര്‍ ജോസഫ് അധ്യക്ഷതവഹിച്ചു. ജന. സെക്രട്ടറി വി.ജെ പൈലി, ജെ.സി. ജനറൽ സെക്രട്ടറി ജോസഫ് വെളിവില്‍, സ്റ്റാന്‍ലി പൗലോസ്, സന്തോഷ് ജേക്കബ്, അഡ്വ. എബനേസര്‍ ചുള്ളിക്കാട്ട് പി. മാത്യു, ലോനന്‍ ജോയ്, തോമസ് പ്ലാശ്ശേരി, ബാബു ഈരത്തറ, ജയ്സന്‍ വേലിക്കകത്ത്, ഇഗ്നേഷ്യസ് റോബര്‍ട്ട്, ആന്‍റണി മുക്കത്ത്, ജോസഫ് സയണ്‍, സ്റ്റീഫന്‍ വേവുകാട്ട് തുടങ്ങിയവര്‍ സംസാരിച്ചു.

Tags:    
News Summary - Kerala Latin Catholic Council against Christian -Sang Parivar relations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.