അവധിയെടുക്കാമെന്ന് ലക്ഷ്മിനായർ; രാജിയിലുറച്ച് വിദ്യാർഥികൾ

തിരുവനന്തപുരം: ലോ അക്കാദമി ലോ കോളജിലെ വിദ്യാര്‍ഥിസമരം പരിഹരിക്കാന്‍ മാനേജ്മെന്‍റ് വിളിച്ച രണ്ട് ചര്‍ച്ചയും പരാജയപ്പെട്ടു. ലക്ഷ്മി നായര്‍ ഈ അധ്യയനവര്‍ഷം പ്രിന്‍സിപ്പല്‍സ്ഥാനത്തുനിന്ന് മാറിനില്‍ക്കാമെന്നും അധ്യാപികയായി തുടരുമെന്നുമുള്ള മാനേജ്മെന്‍റ് നിര്‍ദേശം വിദ്യാര്‍ഥികള്‍ തള്ളി. ആദ്യഘട്ട ചര്‍ച്ച പൊളിഞ്ഞ് മിനിറ്റുകള്‍ക്കകം വീണ്ടും വിദ്യാര്‍ഥികളെ ചര്‍ച്ചക്ക് വിളിച്ചെങ്കിലും പരിഹാരമുണ്ടായില്ല. 

ലക്ഷ്മി നായര്‍ പ്രിന്‍സിപ്പല്‍സ്ഥാനത്ത് നിന്നടക്കം പൂര്‍ണമായി രാജിവെക്കാതെ ഒരു ഒത്തുതീര്‍പ്പിനും തയാറല്ളെന്ന നിലപാടില്‍ വിദ്യാര്‍ഥി പ്രതിനിധികള്‍ ഉറച്ചുനിന്നു. ഇതോടെ ചര്‍ച്ച വഴിമുട്ടുകയും എസ്.എഫ്.ഐ ഒഴികെയുള്ള സംഘടനകള്‍ യോഗം ബഹിഷ്കരിക്കുകയുമായിരുന്നു. പ്രിന്‍സിപ്പലിനെ മാറ്റിനിര്‍ത്തുന്നത് എത്ര കാലത്തേക്കാണെന്ന വിദ്യാര്‍ഥികളുടെ ചോദ്യത്തിന് മാനേജ്മെന്‍റിന് കൃത്യമായ മറുപടിയുണ്ടായിരുന്നില്ല. മറ്റ് ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന് മാനേജ്മെന്‍റ് വ്യക്തമാക്കിയെങ്കിലും തങ്ങളുടെ ഒന്നാമത്തെ ആവശ്യം ലക്ഷ്മി നായരുടെ രാജിയാണെന്നും അത് പരിഗണിച്ച ശേഷമേ മറ്റ് വിഷയങ്ങളിലേക്ക് കടക്കാനാകൂവെന്നുമായിരുന്നു വിദ്യാര്‍ഥികളുടെ നിലപാട്. പ്രിന്‍സിപ്പലിനെ അധ്യാപികയായി നിലനിര്‍ത്താനുള്ള ശ്രമങ്ങളിലായിരുന്നു മാനേജ്മെന്‍റ്. ഇതാണ് ചര്‍ച്ച പരാജയപ്പെടാന്‍ ഇടയാക്കിയത്. 

അധ്യാപികയായി ലക്ഷ്മി നായര്‍ തുടര്‍ന്നാലും പ്രിന്‍സിപ്പലിന്‍െറ റോള്‍ തന്നെയായിരിക്കും അവര്‍ വഹിക്കുകയെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. രണ്ടാംവട്ട ചര്‍ച്ചയില്‍ വിദ്യാര്‍ഥി പ്രതിനിധികളുടെ ആവശ്യങ്ങള്‍    വെള്ളപ്പേപ്പറില്‍ എഴുതി വാങ്ങുക മാത്രമേ ചെയ്തുള്ളൂ. ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് വീണ്ടും യോഗം ചേര്‍ന്ന് തീരുമാനം ചൊവ്വാഴ്ച അറിയിക്കാമെന്നും പറഞ്ഞെങ്കിലും അതും വിദ്യാര്‍ഥികള്‍ സമ്മതിച്ചില്ല. മറ്റ് സംഘടനകള്‍ ബഹിഷ്കരിച്ചശേഷവും എസ്.എഫ്.ഐ ചര്‍ച്ച തുടരുകയായിരുന്നു.

സര്‍ക്കാര്‍ ശക്തമായ നിലപാടെടുത്തതോടെ തിങ്കളാഴ്ചതന്നെ പ്രശ്നത്തില്‍ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ലക്ഷ്മി നായരെ മാറ്റുന്ന കാര്യം ആലോചനയിലുണ്ടെന്ന് പിതാവും കോളജ് ഡയറക്ടറുമായ നാരായണന്‍ നായരും അറിയിച്ചിരുന്നു. 20 ദിവസമായി തുടരുന്ന സമരം ശക്തിപ്രാപിച്ചതോടെയാണ് മാനേജ്മെന്‍റ് ചര്‍ച്ചക്ക് തയാറായത്. സര്‍ക്കാര്‍ നിലപാടും ഇതിന് വഴിയൊരുക്കി. അനുവദിച്ച ഭൂമി തിരിച്ചുപിടിക്കണമെന്ന നിലപാടുമായി വി.എസ്. അച്യുതാനന്ദന്‍ റവന്യൂ മന്ത്രിക്ക് കത്ത് നല്‍കിയത് സര്‍ക്കാറിനും കടുത്ത പ്രതിസന്ധിയായി. സമരത്തിന് കോണ്‍ഗ്രസ് പിന്തുണ അറിയിച്ചതിന് പിന്നാലെ സ്ഥലം എം.എല്‍.എ കെ. മുരളീധരന്‍ നിരാഹര സമരവും പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച  ചര്‍ച്ച തുടങ്ങുന്നതിനുമുമ്പ് ബി.ജെ.പി പ്രവര്‍ത്തകര്‍ പേരൂര്‍ക്കടയില്‍ റോഡ് ഉപരോധിക്കുകയും ചെയ്തു.

വൈകീട്ട് ആറരക്ക് മാനേജ്മെന്‍റ് കമ്മിറ്റിക്കുശേഷം എട്ടോടെയാണ് വിദ്യാര്‍ഥികളുമായി ചര്‍ച്ചക്ക് തയാറായത്. എസ്.എഫ്.ഐ, കെ.എസ്.യു, എം.എസ്.എഫ്, എ.ബി.വി.പി, എ.ഐ.എസ്.എഫ് എന്നീ സംഘടനകളില്‍ നിന്ന് മൂന്നുവീതം പ്രതിനിധികളാണ് പങ്കെടുത്തത്.

Tags:    
News Summary - Kerala Law Academy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.