തിരുവനന്തപുരം: കിഫ്ബി അടക്കം സ്ഥാപനങ്ങൾ എടുക്കുന്ന കടം സംസ്ഥാന സർക്കാറിന്റെ കടമെടുപ്പ് പരിധിയിൽ ഉൾപ്പെടുത്തിയ കേന്ദ്ര തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെടാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. ഗുരുതര സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തിലാണിത്. ഇക്കൊല്ലത്തെ കടമെടുപ്പ് പരിധി ഏറക്കുറെ കഴിഞ്ഞതിനാൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് സംസ്ഥാനം. പൊതുകണക്ക് ഇനത്തിൽ വരുന്ന എല്ലാ നീക്കിയിരിപ്പുകളും കിഫ്ബി അടക്കം സ്ഥാപനങ്ങളുടെ വായ്പകളും സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ ഉൾപ്പെടുത്തിയ തീരുമാനം പുനഃപരിശോധിച്ച് 2017ന് മുമ്പത്തെ സ്ഥിതി പുനഃസ്ഥാപിക്കണമെന്നാണ് ആവശ്യം. ഇത് കേന്ദ്രം അനുവദിച്ചാൽ കൂടുതൽ കടം എടുക്കാനാകും.
ഇവയടക്കം പ്രധാനപ്പെട്ട കേന്ദ്ര-സംസ്ഥാന സാമ്പത്തിക പ്രശ്നങ്ങളും ഭരണഘടന വ്യവസ്ഥകളില്‍ നിന്നുള്ള വ്യതിയാനങ്ങളും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് നിവേദനം നൽകും. ഫെഡറല്‍ തത്ത്വങ്ങള്‍ക്ക് നിരക്കാത്തതും സംസ്ഥാനം അഭിമുഖീകരിക്കുന്നതുമായ പ്രധാന പ്രശ്നങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തും.
തനി കടമെടുപ്പ് പരിധി കണക്കാക്കുമ്പോള്‍ പൊതു കണക്കിനത്തില്‍ നീക്കിയിരിപ്പായി വരുന്ന തുകയെ സംസ്ഥാനത്തിന്റെ പൊതുകടത്തിൽ ഉള്‍പ്പെടുത്താന്‍ 2017ലാണ് കേന്ദ്രം തീരുമാനിച്ചത്.
ഭരണഘടനയുടെ അനുച്ഛേദം 293(3)നെ തെറ്റായി വ്യാഖ്യാനിച്ചായിരുന്നു നടപടി. സംസ്ഥാന സര്‍ക്കാറിന് കീഴിലെ പൊതുമേഖല സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ഗ്യാരണ്ടികളുടെ പിന്‍ബലത്തില്‍ എടുക്കുന്ന വായ്പകള്‍ സര്‍ക്കാറിന്റെ നേരിട്ടുള്ള ബാധ്യതയല്ലെന്ന് കേന്ദ്രത്തെ അറിയിക്കും. അവയെ സംസ്ഥാനത്തിന്റെ ആകസ്മിക ബാധ്യതയായി മാത്രമേ കണക്കാക്കാനാകൂ. സംസ്ഥാന സര്‍ക്കാറിന് കീഴിലെ കിഫ്ബി, പെൻഷൻ കമ്പനി തുടങ്ങിയവയുടെ എല്ലാ കടമെടുപ്പുകളും സംസ്ഥാന സര്‍ക്കാറിന്റെ പൊതുകടത്തിലാണ് ഇപ്പോള്‍ കേന്ദ്രം ഉള്‍പ്പെടുത്തുന്നത്. അതേസമയം കേന്ദ്രസര്‍ക്കാറാകട്ടെ പൊതുമേഖല സ്ഥാപനങ്ങള്‍, സമാന സ്ഥാപനങ്ങള്‍ എന്നിവ എടുക്കുന്ന വായ്പകള്‍ക്ക് ഇത് ബാധകമാക്കിയിട്ടില്ല. ഫെഡറല്‍ തത്ത്വങ്ങളുടെ ഈ ലംഘനം സംസ്ഥാന വികസനത്തിന് തടസ്സമാണെന്ന് പ്രധാനമന്ത്രിയെ അറിയിക്കാനും മന്ത്രിസഭ തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.