തിരുവനന്തപുരം: ഫണ്ട് വിനിയോഗ സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തിയതോടെ കോളജുകൾക്കും സർവകലാശാലകൾക്കും കേന്ദ്രസർക്കാർ രാഷ്ട്രീയ ഉച്ചതാർ ശിക്ഷ അഭിയാൻ (റുസ) പദ്ധതിയിൽ അനുവദിച്ച 156.93 കോടി രൂപ നഷ്ടപ്പെടുന്നു. 2021 മാർച്ചിൽ പൂർത്തിയാക്കേണ്ട പദ്ധതിക്കായി അനുവദിച്ച ആദ്യഗഡുവിെൻറ വിനിയോഗം സംസ്ഥാന സർക്കാർ ഫണ്ട് നൽകാത്തതിനെ തുടർന്ന് മുടങ്ങിയതാണ് പ്രശ്നം. ഫണ്ട് വിനിയോഗത്തിലും ശേഷിക്കുന്ന തുക വാങ്ങുന്നതിലും കേരളത്തിെൻറ വീഴ്ച ചൂണ്ടിക്കാട്ടി കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസ വകുപ്പിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കത്തയച്ചെങ്കിലും നടപടി ഇല്ലാതെ വന്നതോടെയാണ് ചീഫ് സെക്രട്ടറിക്ക് നേരിട്ട് കത്തയച്ചത്.
ഇതുവരെ അനുവദിച്ച തുകയുടെ വിനിയോഗ സർട്ടിഫിക്കറ്റ് സമർപ്പിക്കാത്തതാണ് 2021 മാർച്ചിൽ അവസാനിക്കുന്ന പദ്ധതിയുടെ നടത്തിപ്പ് പ്രതിസന്ധിയിലാക്കിയത്. 2015ലും 2018ലുമായി റുസ പദ്ധതികൾക്കായി 340.8 കോടി രൂപയാണ് കേരളത്തിന് അനുവദിച്ചത്. ഇതിൽ 183.86 കോടി രൂപ മാത്രമാണ് നേടിയെടുക്കാനായത്. അനുവദിച്ച തുകയുടെ വിനിയോഗ സർട്ടിഫിക്കറ്റ് സമർപ്പിക്കാത്തതിനെ തുടർന്നാണ് 156 കോടി രൂപ അനുവദിക്കാത്തതെന്ന് ചീഫ് സെക്രട്ടറിക്കുള്ള കത്തിൽ കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി വ്യക്തമാക്കി. ഇതിന് പുറമെ സംസ്ഥാനത്തിന് അനുവദിച്ച മോഡൽ ഡിഗ്രി കോളജിനുള്ള സ്ഥലം ലഭ്യമാക്കാത്തതും ഇതിനുള്ള വിശദ പദ്ധതി റിപ്പോർട്ട് സമർപ്പിക്കാത്തതും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേന്ദ്രം അനുവദിച്ച 60 ശതമാനം തുകയിലേക്ക് സംസ്ഥാന വിഹിതമായ 40 ശതമാനം തുക ചേർത്താണ് സർവകലാശാലകൾക്കും കോളജുകൾക്കും നൽകേണ്ടത്. എന്നാൽ സംസ്ഥാനവിഹിതം നൽകാതിരുന്ന കേരളം, കേന്ദ്രവിഹിതം പൂർണമായി നൽകിയതുമില്ല.
റുസ ഒന്നാം പദ്ധതി പ്രകാരം 2015ൽ 116.4 കോടി രൂപയാണ് കേരളത്തിന് അനുവദിച്ചത്. ഇതിൽ 99.56 കോടി രൂപയാണ് നേടിയെടുക്കാനായത്. രണ്ടാം പദ്ധതിയിൽ അനുവദിച്ച 224.4 കോടിയിൽ 84.36 കോടി മാത്രമാണ് ഇതുവരെ നേടിയെടുത്തത്.
2015ലും 2018ലും അനുവദിച്ച തുക മാസങ്ങളോളം കോളജുകൾക്കും സർവകലാശാലകൾക്കും കൈമാറാതെ സൂക്ഷിക്കുകയായിരുന്നു. പണം അനുവദിക്കാൻ ധനവകുപ്പ് തയാറാകാതിരുന്നതാണ് പ്രശ്നമായതെന്നാണ് റുസ ഡയറക്ടറേറ്റ് അധികൃതർ പറയുന്നത്. എന്നാൽ പദ്ധതി നടത്തിപ്പ് ചുമതലയുള്ള റുസ ഡയറക്ടറേറ്റിനാണ് വീഴ്ച സംഭവിച്ചതെന്നാണ് വിമർശനം.
തിരുവനന്തപുരം: സംസ്ഥാന സർക്കാറിെൻറ പരിപാടികൾക്കും റുസ ഫണ്ട് വിനിയോഗിച്ചതായി വ്യക്തമായി. മുഖ്യമന്ത്രി പിണറായി വിജയനെ പെങ്കടുപ്പിച്ച് തിരുവനന്തപുരത്തും കോഴിക്കോട് ഫാറൂഖ് കോളജിലും നടത്തിയ സ്റ്റുഡൻറ് േകാൺേക്ലവിെൻറ നടത്തിപ്പിനും ഉന്നത വിദ്യാഭ്യാസ വകുപ്പിന് ഡയറി അച്ചടിക്കാനുമാണ് 'റുസ' ഫണ്ട് വിനിയോഗിച്ചത്. റുസ പദ്ധതികളുടെ നടത്തിപ്പിനായി സംസ്ഥാന ഡയറക്ടറേറ്റിന് അനുവദിച്ച പ്രിപ്പറേറ്ററി ഗ്രാൻറിൽ നിന്നാണ് തുക അനുവദിച്ചത്. പ്രിപ്പറേറ്ററി ഗ്രാൻറ് വിനിയോഗത്തിനുള്ള കേന്ദ്രമാർഗനിർദേശം ലംഘിച്ചാണ് സംസ്ഥാന സർക്കാർ പരിപാടികൾക്ക് തുക വിനിയോഗിച്ചതെന്നാണ് ആക്ഷേപം.
സ്റ്റുഡൻറ് കോൺേക്ലവിന് 20 ലക്ഷത്തോളം രൂപയാണ് റുസ ഫണ്ടിൽ നിന്ന് അനുവദിച്ചത്. രണ്ട് വർഷങ്ങളിലായി ഉന്നത വിദ്യാഭ്യാസ വകുപ്പ് 'റുസ' ഡയറക്ടറേറ്റിെൻറ പേരിൽ അച്ചടിച്ച ഡയറിക്കുള്ള 30 ലക്ഷം രൂപയും റുസ ഫണ്ടിൽ നിന്നായിരുന്നു. ഉന്നത വിദ്യാഭ്യാസ കൗൺസിൽ ശക്തിപ്പെടുത്തൽ, റുസ ഡയറക്ടറേറ്റിെൻറ പ്രവർത്തനം, പദ്ധതിയുടെ അവലോകനവും ഒാഡിറ്റിങ്ങും, ടെക്നിക്കൽ സപ്പോർട്ട് ഗ്രൂപ്പിെൻറ പ്രവർത്തനം, എസ്.എൽ.ക്യു.എ.സിയുടെ പ്രവർത്തനം തുടങ്ങിയവക്കായി വിനിയോഗിക്കേണ്ട തുകയാണ് മാർഗനിർദേശം ലംഘിച്ച് വിനിയോഗിച്ചതെന്നാണ് ആക്ഷേപം. എന്നാൽ രണ്ട് ആവശ്യങ്ങൾക്കും റുസ ഫണ്ടിൽ നിന്ന് തുക വിനിയോഗിക്കുന്നതിന് മാർഗനിർദേശപ്രകാരം തടസ്സമില്ലെന്നാണ് ഡയറക്ടറേറ്റ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.