കൊച്ചി: മെട്രോ അതിന്റെ ജന്മദിനം ആഘോഷിച്ചത് ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും അശരണരായ അമ്മമാര്‍ക്കും ഒപ്പം. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സ്പെഷൽ ട്രെയിന്‍ സര്‍വിസുതന്നെ ഒരുക്കി. ഓടുന്ന ട്രെയിനില്‍ ഇരുന്നു പാടിയും നിന്ന് നൃത്തം ചെയ്തും അവര്‍ മുട്ടം മുതല്‍ തൈക്കൂടം വരെയും തിരിച്ചും യാത്രചെയ്തു. ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ പഠിക്കുന്ന ഭിന്നശേഷിക്കാരായ 250 കുട്ടികളും അവരുടെ മാതാപിതാക്കളും അധ്യാപകരുമാണ് മെട്രോ ജന്മദിന സ്പെഷല്‍ യാത്രയില്‍ പങ്കെടുത്തത്.
സെന്റര്‍ ഫോര്‍ എംപവര്‍മെന്റ് ആൻഡ് എൻറിച്ച്‌മെന്‍റിന്റെ ആഭിമുഖ്യത്തിലാണ് കുട്ടികള്‍ യാത്രക്ക് എത്തിയത്. ഉച്ചക്ക് 2.35ന് മുട്ടം സ്റ്റേഷനില്‍നിന്ന് പുറപ്പെട്ട ട്രെയിനിന് ആദ്യ സ്റ്റോപ് കലൂർ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം സ്റ്റേഷനില്‍. അവിടെ നിന്ന് കെ.എം.ആര്‍.എല്‍ മാനേജിങ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്‌റ, തപോഷ് ബസ്മതാരി ഐ.പി.എസ്, ദേശീയ ഷൂട്ടിങ് താരം എലിസബത്ത് സൂസന്‍ കോശി, മെട്രോ ഡയറക്ടര്‍മാരായ ഡി.കെ. സിന്‍ഹ, ജനറൽ മാനേജര്‍മാരായ മിനി ഛബ്ര, സി. നീരീക്ഷ്, സീനിയര്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സുമി നടരാജന്‍, ചീഫ് സ്‌പോക്‌സ്‌പേഴ്‌സൻ കെ.കെ. ജയകുമാര്‍, സെന്റര്‍ ഫോര്‍ എംപവര്‍മെന്റ് ആൻഡ് എൻറിച്ച്‌മെന്റ് ഫൗണ്ടര്‍ ഡയറക്ടര്‍ മേരി അനിത, അസി. മാനേജര്‍ ആര്‍. രാധിക, പി.ആര്‍.ഒ ഷെറിന്‍ വില്‍സണ്‍ തുടങ്ങിയവര്‍ കുട്ടികള്‍ക്കൊപ്പം ചേര്‍ന്നു. ലോക്‌നാഥ് ബെഹ്‌റയെ കുട്ടികളില്‍ ചിലര്‍ ഹാപ്പി ബെര്‍ത് ഡേ പാട്ടുപാടി വരവേറ്റപ്പൊള്‍ ചില അമ്മമാര്‍ അവരെ തിരുത്തി. ഇന്ന് മെട്രോയുടെ ബെര്‍ത് ഡേയാണ്. എന്നാല്‍, അവര്‍ നിര്‍ത്താതെ പാടി. ഇന്ന് ബഹ്‌റയുടെ ബര്‍ത്ത് ഡേ കൂടിയാണ്. പാട്ടുപാടാന്‍ കൂട്ടുചേര്‍ന്നും കുസൃതിചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞും ബെഹ്‌റയും മറ്റ് ഉദ്യോഗസ്ഥരും ഓരോ കമ്പാര്‍ട്ടുമെന്റിലും എത്തി. അവര്‍ക്കൊപ്പം സെല്‍ഫിയെടുത്തും ആഹ്ലാദം പ്രകടിപ്പിച്ചും കുട്ടികള്‍ സമയം ചെലവഴിച്ചു.
തൈക്കൂടത്ത് എത്തിയ ട്രെയിന്‍ അവിടെ നിന്ന് മുട്ടത്തേക്ക് തിരിച്ചു. ഇടക്ക് കലൂരിലും ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലും സ്റ്റോപ്. കുറച്ചുപേര്‍ അവിടെയിറങ്ങി. 4.15ന് മുട്ടത്ത് എത്തിയ ട്രെയിനില്‍നിന്ന് അവര്‍ ഇറങ്ങിയത് ആദ്യ മെട്രോ യാത്ര അവിസ്മരണീയമായതിന്റെ സന്തോഷത്തില്‍. ജന്മദിനത്തില്‍ ഉച്ചഭക്ഷണം കച്ചേരിപ്പടിയിലെ മേഴ്‌സി ഹോമിലെ അമ്മമാര്‍ക്ക് വിളമ്പിക്കൊടുത്തശേഷമാണ് ലോക്നാഥ് ബെഹ്‌റ ഉദ്യോഗസ്ഥര്‍ക്കൊപ്പം കുട്ടികളുമായി പങ്കുചേരാന്‍ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.