സഹകരണ മേഖലയിലെ കേരള മോഡൽ

ചൂഷക വർഗത്തിന്റെ നീരാളിപ്പിടിത്തത്തിൽ നിന്ന് സാധാരണക്കാരന് മോചനമേകാൻ രൂപം കൊണ്ട സഹകരണ പ്രസ്ഥാനം ഇന്ന് ജീവിതത്തിന്റെ വിവിധ മേഖലകളിലും സജീവ സാന്നിധ്യമായി മാറിക്കഴിഞ്ഞു. 1844 ൽ ഇംഗ്ലണ്ടിലെ റോച്ച്ഡേൽ എന്ന പട്ടണത്തിൽ നെയ്ത്ത് മേഖലയിൽ ജോലി ചെയ്തിരുന്ന 28 പേർ ചേർന്ന് 28 പൗണ്ട് മൂലധനവുമായി ലോകത്തിലെ ആദ്യത്തെ സഹകരണ സ്ഥാപനത്തിന് രൂപം നൽകി. ലോകത്തിന് വികസനത്തിൻ്റെയും ജനകീയതയുടേയും സാമ്പത്തിക ശാസ്ത്രം തുറന്നു കൊടുത്ത ചാൾസ് ഹൊവാർത്ത് എന്ന മിൽ തൊഴിലാളി യൂണിയൻ നേതാവും 28 പേരുമാണ് പിൽക്കാലത്ത് റോച്ച്ഡേൽ മാർഗദർശികൾ എന്ന പേരിലറിയപ്പെടുന്നത്. എന്നാൽ സഹകരണ കോളനി രൂപീകരിച്ച് സഹകരണ രംഗത്ത് ഒട്ടേറെ പരീക്ഷണങ്ങൾ നടത്തിയ റോബർട്ട് ഓവൻ ആണ് സഹകരണത്തിൻ്റെ പിതാവായി ഇന്നും അറിയപ്പെടുന്നത്.

19ാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലെ വ്യവസായ വിപ്ലവത്തെത്തുടർന്ന് സാമൂഹ്യ സാമ്പത്തിക രംഗത്തുണ്ടായ മാറ്റങ്ങളാണ് സഹകരണ പ്രസ്ഥാനം ഉടലെടുക്കാൻ കാരണമായത്. യൂറോപ്പിൽ നിന്നും മറ്റ് വൻകരകളിലേക്ക് പടിപടിയായി വ്യാപിച്ച സഹകരണ പ്രസ്ഥാനത്തിൽ ഇന്ന് 105 രാജ്യങ്ങളിലായി 120 കോടി അംഗങ്ങളുണ്ട്. സഹകരണ പ്രസ്ഥാനത്തിൻ്റെ സ്വീകാര്യതയും മേന്മയും കൊണ്ട് തന്നെയാണ് വിവിധ രാഷ്ട്രീയ സാമൂഹ്യ സാമ്പത്തിക വ്യവസ്ഥിതികൾ നിലനിൽക്കുന്ന രാജ്യങ്ങളിൽ ഈ പ്രസ്ഥാനം വ്യാപരിക്കാൻ കാരണമായത്. മുതലാളിത്ത സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥകളുടെ മാധ്യമമായി സഹകരണ പ്രസ്ഥാനത്തിന് മാറാനായത് സഹകരണം അന്തർദേശീയ മാനമുള്ള ഒരു തത്വസംഹിതയായത് കൊണ്ടാണ്. സഹകരണ മേഖലയിലെ വൈവിധ്യത അതിൻ്റെ പ്രായോഗിതയുടെ ഏറ്റവും വലിയ തെളിവാണ്. ഇംഗ്ലണ്ടിലെ ഉപഭോക്തൃ സംഘങ്ങളും ജർമനിയിലെ വായ്പസംഘങ്ങളും റഷ്യയിലെ കൂട്ടുകൃഷി സംഘങ്ങളും ചൈനയിലെ വ്യവസായ സംഘങ്ങളും ഡെൻമാർക്കിലെ ക്ഷീരസംഘങ്ങളും ലോകത്തിന് മാതൃകയാണ്.

വികസിതവും വികസ്വരവും അവികസിതവുമായ എല്ലാ രാഷ്ട്രങ്ങളിലും സഹകരണ പ്രസ്ഥാനത്തിൻ്റെ പ്രഭാവം ദൃശ്യമാണ്. കക്ഷിരാഷ്ട്രീയത്തിന്നതീതമായും സാമൂഹ്യ ഉച്ചനീചത്വങ്ങൾ പരിഗണിക്കാതെയും സഹകരണമൂല്യങ്ങൾക്കും തത്വങ്ങൾക്കും അനുസൃതമായി പ്രവർത്തിക്കുന്നതുകൊണ്ടാണ് പ്രസ്ഥാനത്തിന് മറ്റ് സംഘടന രൂപങ്ങളിൽ നിന്ന് സ്വന്തമായ വ്യക്തിത്വവും ഉൽകർഷവും നിലനിർത്താൻ കഴിയുന്നതെന്ന് ഇൻറർനാഷണൽ ലേബർ ഓർഗനൈസേഷൻ നടത്തിയ പഠനത്തിൽ പറയുന്നു. 2007 മുതൽ തുടർച്ചയായി ഉണ്ടായ സാമ്പത്തിക തകർച്ചയിൽ പല സ്വകാര്യ സ്ഥാപനങ്ങളും ബാങ്കുകളും നിലംപരിശായപ്പോൾ സഹകരണ സംഘങ്ങളേയും ബാങ്കുകളേയും അത് ബാധിക്കാതെ പോയതിനുള്ള കാരണവും അതു തന്നെയെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. സഹകരണ പ്രസ്ഥാനത്തിൻ്റെ വക്താവായി 1895 ലാണ് അന്തർദേശീയ സഹകരണ സഖ്യം രൂപീകൃതമാകുന്നത്. ലോകത്താകമാനമുള്ള സഹകരണ സംഘങ്ങളെ പ്രതിനിധീകരിക്കുകയും അവയെ പരസ്പരം ഐക്യപ്പെടുത്തുകയും സ്വതന്ത്രമായി പ്രവർത്തിക്കുകയും ചെയ്യുന്ന സർക്കാർ ഇതര സംഘടനയായ ഇൻ്റർ നാഷണൽ കോ- ഓപ്പറേറ്റീവ് അലയൻസ് ( ഐ.സി. എ ) സഹകരണ മൂല്യങ്ങളുടേയും തത്വങ്ങളുടേയും കസ്റ്റോഡിയനായി പ്രവർത്തിച്ച് വരുന്നു.

എല്ലാ വർഷവും ജൂലൈ മാസത്തെ ആദ്യ ശനിയാഴ്ച അന്തർദേശീയ സഹകരണദിനമായി ആചരിച്ച് വരുന്നു. ലോകജനതക്ക് സഹകരണ പ്രസ്ഥാനം നൽകിയ സംഭാവനകളെ അംഗീകരിച്ചുകൊണ്ട് 1923 ലാണ് സഹകരണ ദിനാചരണത്തിന് തുടക്കം കുറിക്കുന്നത്. സഹകരണ സ്ഥാപനങ്ങൾ എല്ലാവർക്കും നല്ലൊരു ഭാവി കെട്ടിപ്പടുക്കുന്നു എന്നതാണ് 102 ാമത് ദിനാചരണത്തിൻ്റെ പ്രമേയം .

ഇതര രാജ്യങ്ങളിൽ നിന്നും വ്യത്യസ്ഥമായി ഇന്ത്യയിൽ സഹകരണ പ്രസ്ഥാനം രൂപം കൊള്ളുന്നത് സർക്കാർ സഹായത്തോടെയാണ്. 1904 ൽ സഹകരണ സംഘം നിയമം പ്രാബല്യത്തിൽ വന്നതോടെ സഹകരണ സംഘങ്ങളുടെ രൂപീകരണത്തിന് തുടക്കമായി. തുടർന്ന് വന്ന നിരവധി കമ്മറ്റികളുടേയും കമ്മീഷനുകളുടേയും ശുപാർശകളുടെ അടിസ്ഥാനത്തിൽ ഭരണകൂടം കൈക്കൊണ്ട നടപടികളാണ് പ്രസ്ഥാനത്തിൻ്റെ വളർച്ചക്ക് കാരണമായിത്തീർന്നത്. ഇന്ത്യയിൽ ഇന്ന് 29 വ്യത്യസ്ഥ മേഖലകളിലായി പ്രവർത്തിക്കുന്ന 8 ലക്ഷത്തിൽപരം സംഘങ്ങളിലായി 29 കോടി അംഗങ്ങളുണ്ട്. എൻ.സി.ഡി.സി , നബാർഡ്, എൻ.സി.യു.ഐ, വിവിധ അപെക്സ് സംഘങ്ങൾ, സഹകരണ വിദ്യാഭ്യാസ പരിശീലന സ്ഥാപനങ്ങൾ, എന്നിവയുടെ രൂപീകരണം, സർക്കാർ ഓഹരി പങ്കാളിത്തം, വിളവായ്പ, പ്രഫഷനലിസം, ഘടനാപരമായ മാറ്റങ്ങൾ, നിയമപരിഷ്‍കരണം എന്നിവ വഴി രാജ്യത്ത് സഹകരണ മേഖലയുടെ വളർച്ച ധ്രുതഗതിയിലായിരുന്നു. സഹകാരികളുടെ അശ്രാന്ത പരിശ്രമം കൂടിയായപ്പോൾ അമുൽ, ഇഫ്‌കോ, ക്രിപ്കോ, കാംകോ തുടങ്ങിയ കൂറ്റൻ സഹകരണ സംഘങ്ങൾ പ്രസ്ഥാനത്തിൻ്റെ അഭിമാനസ്തംഭങ്ങളായി മാറി.

കേരളത്തിൽ സഹകരണ പ്രസ്ഥാനത്തിന് തുടക്കം കുറിക്കുന്നത് 1913 ലെ തിരുകൊച്ചി സഹകരണനിയമത്തോടെയാണ്. തുടർന്ന് 1914ൽ തീരുവിതാംകൂർ സഹകരണ നിയമവും 1932 ൽ മദ്രാസ് സഹകരണ നിയമവും നിലവിൽ വന്നു. ഐക്യ കേരള പിറവിക്ക് ശേഷം 1969 ലെ കേരള സഹകരണ സംഘം നിയമം പ്രസ്ഥാനത്തിൻ്റെ വളർച്ചയിൽ മുഖ്യഘടകമായി മാറി. ഇന്ന് കേരളത്തിൽ 1607 പ്രാഥമിക വായ്പ സഹകരണ സംഘങ്ങളും കേരള ബാങ്കും 59 അർബൻ ബാങ്കുകളും സംസ്ഥാന കാർഷിക വികസന ബാങ്കും പ്രാഥമിക കാർഷിക വികസന ബാങ്കുകളും വനിത സഹകരണ സംഘങ്ങളും അർബൻ സഹകരണ സംഘങ്ങളും ജീവനക്കാരുടെ സഹകരണ സംഘങ്ങളുമടക്കം 4147 സ്ഥാപനങ്ങൾ ക്രെഡിറ്റ് മേഖലയിൽ പ്രവർത്തിച്ച് വരുന്നു. കൂടാതെ ഇതര മേഖലകളിലായി ഇരുപതിനായിരത്തിലധികം മറ്റു സംഘങ്ങളും പ്രവർത്തിക്കുന്നു. ഇവയിലെല്ലാം കൂടി 2.73 കോടി പേർ അംഗങ്ങളാണ്. കേരളത്തിലെ സഹകരണമേഖലയിലെ മൊത്തം നിക്ഷേപം 2.5 ലക്ഷം കോടി രൂപയാണ്. വായ്പ ബാക്കി നിൽപ് 1.85 ലക്ഷം കോടി രൂപയും. സർക്കാർ കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും വലിയ തൊഴിൽ ദാതാവായ സഹകരണ പ്രസ്ഥാനത്തിൽ ഇന്ന് ഒരു ലക്ഷത്തിലധികം ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്. കേരളത്തിലെ സഹകരണ വായ്പ മേഖല രാജ്യത്തിന് മാതൃകയാണ്. രാജ്യത്തെ സഹകരണമേഖലയിലെ മൊത്തം നിക്ഷേപത്തിൻ്റെ മൂന്നിൽ രണ്ടും കേരളത്തിൻ്റെ സംഭാവനയാണ്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് അസൂയാവഹമായ വളർച്ചയാണ് കേരളത്തിലെ സഹകരണ മേഖല കൈവരിച്ചിട്ടുളത്. കേരളത്തിലെ അത്രയും വൈവിദ്ധ്യപൂർണമായ സംഘങ്ങൾ മറ്റൊരു സംസ്ഥാനത്തുമില്ല. ഏറെ പരാധീനതകളുള്ള കയർ, കൈത്തറി, പട്ടികജാതി / പട്ടിക വർഗ്ഗം, കൺസ്യൂമർ, മാർക്കറ്റിങ്ങ് തുടങ്ങിയ മേഖലകളിലൊക്കെ പ്രതികൂല കാലാവസ്ഥയിലും പിടിച്ചു നിൽക്കാൻ ഇവിടുത്തെ സഹകരണ സംഘങ്ങൾക്കാവുന്നുണ്ട്. അസംഘടിത മേഖലയിലും സേവനത്തിൻ്റെ കൈത്താങ്ങുമായി സഹകരണ പ്രസ്ഥാനം സജീവമാണ്. വരേണ്യവർഗ്ഗം മാത്രം നടത്തിയിരുന്ന ബാങ്കിടപാടുകളിൽ പൊതു സമൂഹത്തെകൂടി പങ്കാളികളാക്കിയതിൽ 1969 ലെ ബാങ്ക് ദേശസാൽക്കരണത്തിനുള്ള പങ്ക് ആർക്കും വിസ്മരിക്കാനാവില്ല . കേരളത്തിൽ ക്ലാസ്സ് ബാങ്കിങ്ങിൽ നിന്നും മാസ്സ് ബാങ്കിങ്ങിലേക്കുള്ള മാറ്റത്തിൽ സഹകരണ മേഖല നിർണായകമായ പങ്കുവഹിച്ചിട്ടുണ്ട്. പ്രത്യേകിച്ചും പ്രാഥമിക വായ്പ സംഘങ്ങൾ . പൊതുമേഖല, പുതു തലമുറ ബാങ്കുകളിൽ നിന്നും വ്യത്യസ്ഥമായി സഹകരണ ബാങ്കുകൾ നിക്ഷേപം അതാത പ്രദേശത്ത് തന്നെ വായ്പയായി നൽകുന്നു. സഹകരണ ബാങ്കുകളുടെ വായ്പനിക്ഷേപ അനുപാതം 70 ശതമാനത്തിന് മുകളിലാണ്.

നിക്ഷിപ്ത താൽപര്യക്കാരുടെ അനാരോഗ്യകരമായ ഇടപെടലിൻ്റെ ഫലമായി ചൂഷണരഹിത സമ്പദ് വ്യവസ്ഥക്കായി നിലകൊള്ളേണ്ട ഈ മഹൽ പ്രസ്ഥാനത്തിൽ ഇന്ന് നാമമാത്രമാണെങ്കിലും ചില പുഴുക്കുത്തുകൾ കണ്ട് തുടങ്ങിയിരിക്കുന്നു. നിക്ഷേപകർക്ക് തുക മടക്കി നൽകാൻ കഴിയാത്ത സംഘങ്ങളുടെ പട്ടിക നിയമസഭയിലും മറ്റും ചർച്ചയായിരുന്നു . എന്നാൽ അവയിൽ ഭൂരിഭാഗവും പ്രവർത്തനരഹിതമായ സംഘങ്ങളായിരുന്നു എന്ന വസ്തുത ശ്രദ്ധിക്കപ്പെടാതെ പോവുകയും ചെയ്തു. ചില മാധ്യമങ്ങൾ ഇതിന് പൊതുവായ വ്യാഖ്യാനം നൽകുകകൂടി ചെയ്തതോടെ ചില സംഘങ്ങളുടെയെങ്കിലും ദൈനംദിന പ്രവർത്തനങ്ങൾ തടസ്സപ്പെടുന്ന സാഹചര്യവുമുണ്ടായി. കരുവന്നൂർ പോലെയുള്ള അപൂർവം സംഘങ്ങളിൽ നടന്ന വ്യാപകമായ ക്രമക്കേടുകൾ പ്രസ്ഥാനത്തിൻ്റെ സൽപ്പേരിന് മങ്ങലേൽപിച്ചു എന്നതൊരു യാഥാർത്ഥ്യമാണ്. ഏതാണ്ട് 12 വർഷം മുമ്പ് തുടങ്ങിയ വഴിവിട്ട നീക്കങ്ങൾ യഥാസമയം കണ്ടെത്തി മുളയിലേ നുള്ളിയിരുന്നുവെങ്കിൽ സ്ഥാപനത്തിന് പോറലേൽക്കാതെ സംരക്ഷിക്കാമായിരുന്നു.

ഈ പശ്ചാത്തലത്തിലാണ് 57 ഭേദഗതികളോടെ 1969 ലെ കേരള സഹകരണ സംഘം നിയമം ഭേദഗതി ചെയ്തത് . അത് പ്രകാരം ചട്ടത്തിലും ആവശ്യമായ ഭേദഗതികളും തയ്യാറായി വരുന്നുമുണ്ട്. വായ്പ സംഘങ്ങളിൽ തുടർച്ചയായി മൂന്ന് ടേമിൽ കൂടുതൽ ഒരാൾ ഭരണ സമിതി അംഗമാകാൻ പാടില്ലെന്ന ഭേദഗതി ഇതിനകം തന്നെ വിവാദമായിട്ടുണ്ട്. ഇത് സംബന്ധിച്ച 27 ഹരജികളിൽ ഹൈക്കോടതി പ്രാഥമിക വാദം കേൾക്കുകയും നിയമഭേദഗതി റദ്ദാക്കണമെന്ന ഇടക്കാല നിർദേശം നൽകാൻ വിസമ്മതിക്കുകയുമാണുണ്ടായത്. ഒരേ വ്യക്തികൾ അധികകാലം അധികാരസ്ഥാനത്ത് തുടരുന്നത് അധികാര കേന്ദ്രീകരണത്തിനും അഴിമതിക്കും കളമൊരുക്കുമെന്ന സർക്കാർ വാദം അംഗീകരിച്ച കോടതി നിയമ ഭേദഗതിയുടെ ഭരണഘടന സാധുത പിന്നീട് പരിശോധിക്കാമെന്ന് വ്യക്തമാക്കി. ക്രമക്കേടുകൾ അപ്പപ്പോൾ കണ്ടെത്തി ആവശ്യമായ നടപടി സ്വീകരിക്കുവാൻ സഹകരണ സംഘം റജിസ്ട്രാർ, സഹകരണ ഓഡിറ്റ് ഡയറക്ടർ, വിജിലൻസ് ഓഫിസർ, പൊലീസ് എന്നിവർക്ക് വിപുലമായ അധികാരങ്ങളാണ് നിയമഭേദഗതിയിലൂടെ നൽകിയിട്ടുള്ളത്. ഇത് രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുവാനും ഭരണ സമിതിയോടും ജീവനക്കാരോടും പകപോക്കലിനായി ഉപയോഗപ്പെടുത്താനുമുള്ള സാധ്യതയും നിലനിൽക്കുന്നു.

സംഘങ്ങളുടെ ഓഡിറ്റിങ്ങ് കുറ്റമറ്റതാക്കാൻ ടീം ഓഡിറ്റിന് ഭേദഗതി വ്യവസ്ഥ ചെയ്യുന്നു. അക്കൗണ്ട്സ് ഓഡിറ്റും അഡ്മിനിസ്ട്രേറ്റീവ് ഓഡിറ്റും ഇതിൻ്റെ ഭാഗമായിരിക്കും. ഒരു ഓഡിറ്ററോ ഓഡിറ്റിങ്ങ് സ്ഥാപനമോ ഓഡിറ്റ് ടീമോ തുടർച്ചയായി രണ്ടിൽ കൂടുതൽ തവണ ഒരു സംഘത്തിൻ്റെ കണക്കുകൾ ഓഡിറ്റ് ചെയ്യാൻ പാടില്ല. ഇൻഫർമേഷൻ സിസ്റ്റത്തിൻ്റെ ഓഡിറ്റും സോഫ്റ്റ്‌വേർ, ഹാർഡ് വേർ പരിശോധനയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓഡിറ്റ് റിപ്പോർട്ടിൽ ചൂണിക്കാണിക്കുന്ന പോരായ്മകളും ക്രമക്കേടുകളും പരിഹരിക്കുവാൻ കമ്മറ്റി നടപടി കൈക്കൊള്ളേണ്ടതും അടുത്ത പൊതുയോഗം മുമ്പാകെ വെക്കേണ്ടതും എടുത്ത നടപടി പതിനഞ്ച് ദിവസത്തിനകം റജിസ്ട്രാറേയും ഓഡിറ്റ് ഡയറക്ടറേയും അറിയിക്കേണ്ടതുമാണ്. വായ്പ സംഘങ്ങൾ ത്രൈമാസ റിപ്പോർട്ട് റജിസ്ട്രാർക്ക് സമർപ്പിക്കേണ്ടതും വീഴ്ചവരുത്തുന്ന സംഘത്തിൽ നിന്നും പതിനായിരം രൂപവരെയുള്ള ഫൈൻ ഈടാക്കാവുന്നതുമാണ്.

കേരളത്തിലെ ഒട്ടുമിക്ക വായ്പസംഘങ്ങളും നേരത്തെ തന്നെ കംപ്യൂട്ടറൈസേഷൻ പൂർത്തീകരിച്ചിട്ടുണ്ട്. ഇപ്പോൾ ഡിജിറ്റൽ ഇടപാടുകളടക്കം ഭംഗിയായി നടത്തിവരുന്നു മുണ്ട്. കേന്ദ്രത്തിൻ്റെ കോമൺ സോഫ്റ്റ് വേർ പദ്ധതിയോട് മുഖം തിരിച്ച് നിൽക്കുന്ന സംസ്ഥാന സർക്കാർ സ്വന്തമായ കോമൺ സോഫ്റ്റ് വേർ പദ്ധതിയുമായി മുന്നോട്ട് പോവുന്നതിനായി നിയമഭേദഗതിയും കൊണ്ട് വന്നിട്ടുണ്ട്. വ്യത്യസ്ഥ സോഫ്റ്റ് വേർ ഉപയോഗിക്കുമ്പോൾ തന്നെ സ്വിച്ചിങ്ങ് വഴി സംഘങ്ങൾക്ക് പരസ്പരം ഇടപാടുകൾ നടത്താമെന്നിരിക്കെ വൈവിദ്ധ്യമാർന്ന വായ്പ, നിക്ഷേപ പദ്ധതികളും വിവിധങ്ങളായ വായ്പേതര പ്രവർത്തനങ്ങളും സുഗമമായി നടത്താൻ കോമൺ സോഫ്റ്റ് വേർ എത്രത്തോളം പര്യാപ്തമാവുമെന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നു. ഇക്കാര്യത്തിൽ ചില ജില്ലകളിൽ പരീക്ഷിച്ച പൈലറ്റ് പ്രൊജക്ട് പദ്ധതി വിജയകരമായിരുന്നില്ല.

ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലെന്നപോലെ സഹകരണ മേഖലയിലും കേരളം രാജ്യത്തിന് മാതൃകയാണ്. എല്ലാവർക്കും നല്ലൊരു ഭാവി കെട്ടിപ്പടുക്കാനുള്ള യജ്ഞത്തിൽ ഓരോ സഹകാരിയും പ്രതിജ്ഞാബദ്ധരാവേണ്ടതുണ്ട്.

(കോ ഓപറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയാണ് ലേഖകൻ)

Tags:    
News Summary - Kerala model in cooperative sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.