‘സ്വർണക്കടത്ത് പണം നിരോധിത സംഘടനകൾ ഉപയോ​ഗിക്കുന്നതായി പറഞ്ഞിട്ടില്ല’; ഗവർണറുടെ പരാമർശം തള്ളി പൊലീസ്

തിരുവനന്തപുരം: സ്വർണക്കടത്ത് പണം നിരോധിത സംഘടനകൾ ഉപയോ​ഗിക്കുന്നതായി പൊലീസ് വെബ്സൈറ്റിൽ രേഖപ്പെടുത്തിയതായുള്ള ഗവർണറുടെ പരാമർശം തള്ളി പൊലീസ്. അത്തരമൊരു പരാമർശം ഔദ്യോഗിക വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് പൊലീസ് ആസ്ഥാനത്തുനിന്ന് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

പിടിച്ചെടുത്ത സ്വർണത്തിന്‍റെയും ഹവാല പണത്തിന്റെയും വിവരങ്ങളാണ് വെബ്സൈറ്റിൽ നൽകിയിട്ടുള്ളത്. ഏതെങ്കിലും ഒരു വ്യക്തിയോ സംഘടനയോ ഇത്തരത്തിൽ ലഭിക്കുന്ന പണം ഉപയോഗിക്കുന്നതായി പരാമർശമില്ല. പണം രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നുവെന്നും പരാമർശമില്ല. കഴിഞ്ഞ ദിവസമായിരുന്നു മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം ഉയർത്തിപ്പിടിച്ച് ഗവർണർ വൻ വിമർശനവുമായി രംഗത്ത് വന്നത്.

സാധാരണയായി ഗവര്‍ണര്‍ പറയുന്ന കാര്യങ്ങള്‍ക്കു കേരളാ പൊലീസ് ഇത്തരത്തില്‍ വാര്‍ത്താക്കുറിപ്പ് ഇറക്കി മറുപടി നല്‍കാറില്ല. എന്തെങ്കിലും വിശദീകരണം നല്‍കണമെങ്കില്‍ ആഭ്യന്തര സെക്രട്ടറി വഴി ചീഫ് സെക്രട്ടറിയാണു മറുപടി നല്‍കേണ്ടത്. എന്നാല്‍ ഇത്തവണ പൊലീസ് നേരിട്ടു തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഗവര്‍ണര്‍ പറഞ്ഞതായി ഇലക്‌ട്രോണിക് മാധ്യമത്തില്‍ വന്ന പ്രസ്താവനയ്ക്കുള്ള വിശദീകരണം എന്ന നിലയിലാണ് വാര്‍ത്താക്കുറിപ്പ്.

മലപ്പുറം കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്ത് ഹവാല ഇടപാടുകൾ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണെങ്കിൽ എന്തുകൊണ്ട് മുഖ്യമന്ത്രി ഇക്കാര്യം തന്നെ അറിയിച്ചില്ലെന്ന് ഗവർണർ ബുധനാഴ്ട ചോദിച്ചിരുന്നു. തന്‍റെ കത്തിനു മറുപടി തരാൻ 20ലേറെ ദിവസം മുഖ്യമന്ത്രി എടുത്തെന്നും അത് എന്തോ ഒളിക്കാനുള്ളത് കൊണ്ടാണെന്നും ഗവർണർ വിമർശിച്ചു.

മുഖ്യമന്ത്രിയെയാണോ ദ ഹിന്ദു ദിനപത്രത്തെയാണോ ആരെയാണ് പി.ആർ വിവാദത്തിൽ വിശ്വസിക്കേണ്ടത്? ഹിന്ദുവാണ് കള്ളം പറയുന്നതെങ്കിൽ അവർക്കെതിരെ മുഖ്യമന്ത്രി എന്തുകൊണ്ട് കേസെടുത്തില്ല? തനിക്ക് വിശദീകരണം നൽകാൻ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്. രാഷ്ട്രപതിയെ വിവരങ്ങൾ അറിയിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണ്. തനിക്ക് അധികാരം ഉണ്ടോ ഇല്ലയോ എന്ന് ഉടൻ അറിയും. രാജ്ഭവൻ ആസ്വദിക്കാൻ അല്ല താൻ ഇരിക്കുന്നതെന്നും ഗവർണർ പറഞ്ഞു.

Tags:    
News Summary - Kerala Police rejected governor's claim on gold smuggling statement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.