കോഴിക്കോട്:  സംസ്ഥാന പൊലീസ് കായികമേളക്കായി  ആഡംബര ക്ഷണക്കത്ത് അച്ചടിച്ചതിലും അത് വിതരണം ചെയ്യുന്ന രീതിയിലും അമിതമായ ആഡംബരം കടന്നുകൂടിയെന്ന ആരോപണത്തിന്‍െറ അടിസ്ഥാനത്തില്‍ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. വിജലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതിന്‍െറ അടിസ്ഥാനത്തിലാണ് അന്വേഷണം. കോഴിക്കോട് സിറ്റി ജില്ലയുടെ നേതൃത്വത്തിലാണ് പരിപാടി എന്നതിനാല്‍ രഹസ്യാന്വേഷണ വിഭാഗം അസി. കമീഷണറാണ് പ്രാഥമിക അന്വേഷണം നടത്തുന്നത്. ഒക്ടോബര്‍ 20 മുതല്‍ 22വരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ഗ്രൗണ്ടിലാണ് മേള നടക്കുന്നത്.

പച്ച നിറത്തില്‍ മൂന്ന് പേജോളം വരുന്ന ക്ഷണക്കത്തിന് ഒന്നിന് 50 രൂപയില്‍ കൂടുതല്‍ അച്ചടിച്ചെലവ് വരുമെന്നാണ് പ്രധാന ആരോപണം. ഇത്തരത്തില്‍ ആയിരം കത്താണ് അച്ചടിച്ചത്. കൂടാതെ തെക്കന്‍ ജില്ലകളിലെ സൂപ്രണ്ടുമാരടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെ ക്ഷണിക്കാന്‍ ഡിവൈ.എസ്.പി റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥര്‍ അവധിയെടുത്ത് പോയിട്ടുമുണ്ടത്രെ.

20ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിലേക്കും 22ന് നടക്കുന്ന സമാപന പരിപാടിയിലേക്കും ഡി.ജി.പിയാണ് ക്ഷണിക്കുന്നത്. ഈ രണ്ട് ക്ഷണക്കത്തിനും പുറമെ രാത്രിഭക്ഷണ വിരുന്നിനും സാംസ്കാരിക സായാഹ്നത്തിനും മറ്റൊരു ക്ഷണക്കത്ത് കൂടിയുണ്ട്. ഇങ്ങനെ മൂന്ന് ഭാഗമായി കത്ത് അച്ചടിച്ചതാണ് വിവാദമായത്. ഒരു പേജില്‍ ഉള്‍ക്കൊള്ളിക്കാവുന്ന വിവരങ്ങളാണ് മൂന്ന് കത്തുകളിലായി അച്ചടിച്ചത് എന്നാണ് ആക്ഷേപം.

സേനക്കുള്ളിലെ ആഭ്യന്തര വിവരങ്ങള്‍ കൈമാറുന്നതിന് ഡി.ജി.പി പതിവായി ഉപയോഗിക്കുന്ന സി.ഒ.ബി സന്ദേശം വഴി പരിപാടിക്ക് ക്ഷണിച്ചാല്‍ മതിയായിരുന്നു എന്ന അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. അതുമല്ളെങ്കില്‍ അതത് സ്റ്റേഷനുകളിലേക്ക് ഇ- മെയില്‍ സന്ദേശം അയച്ചാലും മതി. ഇതിന് പകരമാണ് അധിക ചെലവ് വരുന്ന കത്ത് അടിക്കലും പരിപാടിക്ക് ക്ഷണിക്കാന്‍ സിറ്റിയില്‍നിന്ന് ഡിവൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ ടൂര്‍ അവധിയെടുത്ത് തെക്കന്‍ ജില്ലയിലേക്ക് പോയതും. എറണാകുളം റെയ്ഞ്ചിലുള്ള പൊലീസ് സൂപ്രണ്ടുമാരെ ക്ഷണിക്കാന്‍ സിറ്റി ലോക്കല്‍ പൊലീസിലെ ഡിവൈ.എസ്.പിയും തിരുവനന്തപുരം റെയ്ഞ്ചിലുള്ള എസ്.പിമാരെ ക്ഷണിക്കാന്‍ ക്രൈംബ്രാഞ്ചിലെ മറ്റൊരു ഡിവൈ.എസ്.പിയുമാണ് ‘ടൂറി’ലുള്ളത്.

ഇതിനുപുറമെ കോഴിക്കോട് റൂറല്‍ ഉള്‍പ്പെടെ തൊട്ടടുത്ത പൊലീസ് ജില്ലകളിലേക്ക് ക്ഷണക്കത്ത് തപാല്‍ വഴിയും അയച്ചിട്ടുണ്ട്. കായികമേളയുടെ സംഘാടകര്‍ എന്ന നിലയില്‍ കത്ത് തയാറാക്കുന്നതില്‍ അടുത്തിടെ ഭാരവാഹികളായ ഭരണാനുകൂല പൊലീസ് സംഘടനാ തലപ്പത്തുള്ളവര്‍ക്ക് അശ്രദ്ധയും ധാരാളിത്തവുമുണ്ടായി എന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്‍െറ പ്രാഥമിക റിപ്പോര്‍ട്ടെന്നറിയുന്നു.

Tags:    
News Summary - kerala police sports meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.