കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവം പടിവാതിൽക്കൽ നിൽക്കെ നഗരമെങ്ങും ഒരുക്കത്തിരക്കിൽ. ആശ്രാമം മൈതാനത്ത് പ്രധാന വേദിയുടെ നിർമാണവും ക്രേവൻ സ്കൂളിൽ ഭക്ഷണപ്പന്തൽ നിർമാണവും ദ്രുതഗതിയിൽ മുന്നേറുകയാണ്. മന്ത്രി വി. ശിവൻകുട്ടി കൊല്ലത്ത് ക്യാമ്പ് ചെയ്താണ് ഒരുക്കങ്ങൾക്ക് നേതൃത്വം നൽകുന്നത്.
പ്രധാന വേദിയായ ആശ്രാമം മൈതാനം വൃത്തിയാക്കൽ ക്ലീൻ ഡ്രൈവ് ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശനിയാഴ്ച രാവിലെ നടക്കും. ഇതിന് മുന്നോടിയായി രാവിലെ 8.30ന് ചിന്നക്കട ക്ലോക്ക് ടവറിൽ നിന്ന് വിളംബര റാലി ആരംഭിക്കും. മേയർ പ്രസന്ന ഏണസ്റ്റ് ഫ്ലാഗ് ഓഫ് ചെയ്യും. ആശ്രാമം മൈതാനത്ത് റാലി അവസാനിക്കുന്നതോടെ 2000ത്തോളം പേർ പങ്കെടുക്കുന്ന ക്ലീൻ ഡ്രൈവിന് തുടക്കമാകും. വൃത്തിയാക്കൽ പൂർത്തിയാകുന്നതോടെ മന്ത്രി വി. ശിവൻകുട്ടി മാലിന്യമുക്ത പ്രഖ്യാപനം നടത്തും.
മന്ത്രി പങ്കെടുക്കുന്ന കലോത്സവ അവലോകനയോഗം ശനിയാഴ്ച 11ന് സംഘാടക സമിതി ഓഫിസിൽ നടക്കും. കമീഷണർ, എ.ഡി.എം, ജില്ല മെഡിക്കൽ ഓഫിസർ എന്നിവർ ഉൾപ്പെടുന്ന യോഗവും നടക്കും. വൈകീട്ട് കോർപറേഷൻ കൗൺസിലർമാരുമായും ട്രേഡ് യൂനിയൻ നേതാക്കളുമായും മന്ത്രി കൂടിക്കാഴ്ച നടത്തും.
ഭക്ഷണചുമതല ഏറ്റെടുത്തിരിക്കുന്ന പഴയിടം മോഹനൻ നമ്പൂതിരി ക്രേവൻ സ്കൂളിൽ നിർമിക്കുന്ന ഭക്ഷണപ്പന്തൽ സന്ദർശിച്ച് ഒരുക്കം വിലയിരുത്തി. ഒരേസമയം 2200 പേർക്കുവരെ ഇരുന്ന് കഴിക്കാൻ കഴിയുന്ന തരത്തിൽ 25000 സ്ക്വയർഫീറ്റിലാണ് ഭക്ഷണപ്പന്തൽ ഒരുക്കുന്നത്. 7000 സ്ക്വയർ ഫീറ്റിലാണ് അടുക്കള. ഏറ്റവും നല്ല രീതിയിൽ വിശാലമായി വൃത്തിയായി ഏറ്റവും ഭംഗിയായി ഭക്ഷണം നൽകാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് പഴയിടം പ്രതികരിച്ചു. പാർസൽ സംവിധാനവും കാര്യക്ഷമമായി നടപ്പാക്കും. എല്ലാദിവസവും ഉച്ചക്ക് 11 മുതൽ പാർസൽ നൽകുന്നതിനുള്ള സൗകര്യം പന്തലിൽ ക്രമീകരിക്കും. നൂറോളംപേർ അടങ്ങുന്ന പാചകസംഘമാണ് വിഭവങ്ങൾ തയാറാക്കുന്നത്. അഞ്ച് ദിവസങ്ങളിലായി വ്യത്യസ്തങ്ങളായ അഞ്ചുതരം പായസം ഉൾപ്പെടെയുള്ള ഉച്ചഭക്ഷണമാണ് ഒരുക്കുന്നതെന്നും അറിയിച്ചു.
പന്തൽ നിർമാണം ഞായറാഴ്ചയോടെ പൂർത്തിയായാലേ ഭക്ഷണകമ്മിറ്റിക്ക് പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയൂവെന്ന് കൺവീനർ ബി. ജയചന്ദ്രൻപിള്ള പറഞ്ഞു. ലൈറ്റ് ഉൾപ്പെടെ സൗകര്യങ്ങൾ ഒരുക്കി ഉടൻ തന്നെ പന്തൽ നിർമാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. തുടർന്ന് അടുക്കളക്കുള്ള സൗകര്യങ്ങൾ ഒരുക്കും. ആദ്യദിനംതന്നെ 12000 ഓളം പേരെ പ്രതീക്ഷിക്കുന്നുണ്ട്. തുടർന്നുള്ള ദിവസങ്ങളിൽ കൂടുതൽ പേർ എത്തും. എല്ലാദിവസവും രാവിലെ ഏഴ് മുതൽ ഒമ്പത് വരെയാണ് പ്രഭാതഭക്ഷണം. 11.30 മുതൽ 20.30 വരെയാണ് ഉച്ചഭക്ഷണം. ആദ്യ ദിനത്തിൽ പാലട പ്രഥമൻ ആണ് ഉച്ചയൂണിനൊപ്പം വിളമ്പുന്നത്. വൈകീട്ട് നാലര മുതൽ ചായയും ലഘു പലഹാരവുംനൽകും. കൃത്യമായ നിയന്ത്രണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഭക്ഷണവിതരണം. കൂപ്പൺ ഉള്ളവർക്ക് മാത്രമാണ് ഭക്ഷണം നൽകുക. എല്ലാദിവസവും രാവിലെ ജില്ല കോഓഡിനേറ്റർമാരുടെ കൈയിലാണ് ഭക്ഷണകൂപ്പൺ ഏൽപ്പിക്കുന്നത്. അതത് ദിവസത്തെ രാത്രി വരെയുള്ളതും പിറ്റേദിവസത്തെ പ്രഭാതഭക്ഷണത്തിനും ഉള്ള കൂപ്പൺ ആണ് നൽകുന്നത്. ഭക്ഷണപ്പുര മുഴുവൻ സി.സി.ടി.വി കാമറ നിരീക്ഷണത്തിൽ ആയിരിക്കും. കുട്ടികളെ എത്തിക്കാൻ ട്രാൻസ്പോർട്ട് കമ്മിറ്റി വാഹനസൗകര്യം ഒരുക്കും. ഭക്ഷണത്തിനായി കാത്തുനിൽക്കുന്നവർക്ക് വേണ്ടി പ്രത്യേക കലാപരിപാടികളും നടത്തുമെന്നും കൺവീനർ അറിയിച്ചു.
14000 മത്സരാർഥികൾ എത്തുമെന്ന പ്രതീക്ഷയിൽ സംഘാടകർ. ഇതുവരെ 9600 കുട്ടികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അപ്പീൽ വഴി എത്തുന്നവർ കൂടി ചേരുമ്പോഴാണ് എണ്ണം 14000 എത്തുക. ആകെ 239 ഇനങ്ങളിലാണ് മത്സരം. ജനറൽ വിഭാഗം എച്ച്.എസ് 96, എച്ച്.എസ്.എസ് 105 ഇനങ്ങളും എച്ച്.എസ് സംസ്കൃതോത്സവത്തിലും അറബിക് കലോത്സവത്തിലും 19 വീതവും ഇനങ്ങളാണുള്ളത്.
കലോത്സവ ഭക്ഷണകലവറയുടെ പാലുകാച്ചൽ ജനുവരി മൂന്നിന് രാവിലെ നടക്കും. അന്ന് രാത്രിയിലെ ഭക്ഷണം മുതൽ ആണ് ഭക്ഷണവിതരണം ആരംഭിക്കുന്നത്. നാലിന് രാവിലെ ഇടിയപ്പവും വെജ് സ്റ്റൂവും ചായയും ആണ് പ്രഭാതഭക്ഷണം. ഉച്ചക്ക് 12 വിഭവങ്ങൾ അടങ്ങിയ ഊണ്. വൈകീട്ട് ചായക്കൊപ്പം പരിപ്പുവടയോ ഉഴുന്നുവടയോ ഉണ്ടാവും. രാത്രിയിലും ഊണാണ് നൽകുന്നത്. അഞ്ചിന് രാവിലെ ഇഡലിയും സാമ്പാറും ഉച്ചക്ക് ഗോതമ്പ് പായസം ഉൾപ്പെടെയുള്ള ഊണ്, രാത്രിയിൽ പായസം ഒഴികെയുള്ള ഊണ് എന്നിവയാണ് ഉണ്ടാകുക. ആറിന് രാവിലെ ഉപ്പുമാവും ചെറുപയർ കറിയും ഉച്ചക്ക് ഊണിനൊപ്പം അടപ്രഥമനും ഉണ്ടാകും. ഏഴിന് രാവിലെ പുട്ടും കടലക്കറിയും ഉച്ചക്ക് പരിപ്പ് പ്രഥമനുൾപ്പെടെ ഊണുമാണ്. എട്ടിന് രാവിലെ ദോശയും ചട്നിയും ഉച്ചക്ക് കടലപ്രഥമനുള്ള ഊണുമാണ് നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.