തിരുവനന്തപുരം: കേരളത്തിലെ പാതകളിൽ അപ്രായോഗികമെന്ന് കെ-റെയിൽ ആവർത്തിക്കുന്ന വന്ദേഭാരത് എക്സ്പ്രസുകൾ സംസ്ഥാനത്തിനും വേണമെന്ന ആവശ്യത്തോടെ സർക്കാറിന്റെ ചുവടുമാറ്റം വ്യക്തം. അതിവേഗ റെയിൽ ആവശ്യങ്ങൾക്ക് സിൽവർ ലൈൻ മാത്രമാണ് പരിഹാരമെന്നും വന്ദേഭാരതടക്കം കേരളത്തിലെ പാതകളിൽ ഓടിക്കാനാകില്ലെന്നുമാണ് കെ-റെയിൽ നിലപാട്. എന്നാൽ, ബജറ്റിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ധനമന്ത്രിമാരുടെ യോഗത്തിലാണ് വന്ദേഭാരത് അനുവദിക്കണമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ ആവശ്യപ്പെട്ടത്. വന്ദേഭാരത് എക്സ്പ്രസുകൾ അവതരിപ്പിച്ചതിനെ തുടർന്ന് സിൽവർ ലൈനിന്റെ പ്രസക്തിയെക്കുറിച്ച് ചൂടേറിയ ചർച്ച നടക്കുന്നതിനിടെയാണ് സംസ്ഥാന സർക്കാറിന്റെ ഈ ആവശ്യം. ഇതേ യോഗത്തിൽതന്നെ സിൽവർ ലൈനിന് അനുമതി വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതിപക്ഷനേതാവ് വി.ഡി. സതീശനും ശശി തരൂർ എം.പിയുമടക്കം വന്ദേഭാരത് വരുന്നതോടെ സിൽവർ ലൈനിന്റെ പ്രസക്തി നഷ്ടപ്പെട്ടുവെന്നും സർക്കാർ സിൽവർ ലൈനിൽനിന്ന് പിന്തിരിയണമെന്നും ആവശ്യപ്പെട്ടിരുന്നു. പുതിയ പാളങ്ങൾ നിർമിക്കാതെതന്നെ നിലവിലെ ലൈനുകൾ ശാക്തീകരിച്ച് ഓടിക്കാനാകുമെന്നതാണ് വന്ദേഭാരതിന്റെ പ്രത്യേകത. സ്ഥലമേറ്റെടുക്കൽ, നിർമാണച്ചെലവ്, കുടിയൊഴിപ്പിക്കൽ, പാരിസ്ഥിതികാഘാതം എന്നിങ്ങനെ സിൽവർ ലൈനിന്റെ ബാധ്യതയും ഭാരവുമായി എണ്ണുന്ന ഘടകങ്ങൾ വന്ദേഭാരതിനില്ല. എന്നാൽ, ഈ വാദമുഖങ്ങളെ സർക്കാർ അംഗീകരിച്ചില്ലെന്ന് മാത്രമല്ല, സിൽവർ ലൈൻ മാത്രമാണ് ബദലെന്ന നിലപാടിലുമായിരുന്നു.
വന്ദേഭാരതിന് നിശ്ചയിച്ച വേഗം കേരളത്തിലെ പാളത്തിൽ സാധ്യമല്ലെന്നാണ് കെ-റെയിലും ആവർത്തിക്കുന്നത്. തിരുവനന്തപുരത്തിനും കാസർകോടിനുമിടയിൽ 626 വളവാണുള്ളത്. അതായത് മൊത്തം പാതയുടെ 36 ശതമാനവും വളവുകളാണ്. നിലവിലെ ഗതാഗതം പൂർണമായും നിർത്തിവെച്ചാലും ഈ വളവുകൾ നിവർത്തിയെടുക്കാൻ മൂന്നു നാലു വർഷമെടുക്കും. ട്രെയിനുകൾ ഓടിക്കുന്നതിനൊപ്പമാണ് ജോലിയെങ്കിൽ 10 മുതൽ 20 വർഷമെടുക്കുമെന്നാണ് കെ-റെയിൽ പറയുന്നത്. മൂന്നു വർഷത്തിനുള്ളിൽ 400ഓളം വന്ദേഭാരത് ട്രെയിൻ എന്നാണ് ബജറ്റ് പ്രഖ്യാപനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.