തമിഴ്നാട്ടിൽ ഓർഡിനറി ബസിന്​ മിനിമം ചാർജ് അഞ്ചു രൂപ; കേരളത്തിൽ 10 രൂപയാക്കുന്നു

കോട്ടയം: അടുത്തനാളിലൊന്നും തമിഴ്നാട്ടിൽ ബസ്​ ചാർജ് വർധിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ പ്രഖ്യാപിച്ചിട്ട്​ അധികനാളായിട്ടില്ല. അവിടെ മിനിമം ചാർജായ അഞ്ചു രൂപക്ക്​ രണ്ടു കിലോമീറ്റർ സഞ്ചരിക്കാം. തൊട്ടടുത്ത ടിക്കറ്റ് നാലു കിലോമീറ്ററിന് ആറു രൂപ. ആറു കിലോമീറ്ററിന് എഴു രൂപ. എട്ടു കിലോമീറ്ററിന് എട്ടു രൂപ.

കേരളത്തിൽ നിലവിൽ മിനിമം ടിക്കറ്റ് നിരക്കായ എട്ടു രൂപക്ക്​ പോകാവുന്നത് 2.5 കിലോമീറ്റർ മാ​​ത്രമാണ്​. അഞ്ചു കിലോമീറ്റർ ദൂരമുള്ള രണ്ടാം ഫെയർ സ്റ്റേജ് കടക്കണമെങ്കിൽ 10 രൂപ കൊടുക്കണം. ബസുടമകളുടെ ആവശ്യപ്രകാരം മിനിമം കൂലി കൂട്ടാൻ പോകുന്നത് 2.5 കിലോമീറ്ററിന് 10 രൂപയാണ്​.

ശമ്പളവും വാഹന നികുതിയും വില്പന നികുതിയും ഒഴികെ ഒരുകിലോമീറ്റർ ബസ്​ സർവീസ്​ നടത്തിപ്പിനുള്ള ചെലവ് കേരളത്തിലും തമിഴ്നാട്ടിലും ഒന്നുതന്നെയാണ്. പിന്നെങ്ങനെ തമിഴ്നാടിന്‍റെ ഇരട്ടി മിനിമം ഓർഡിനറി ബസ്​ കൂലി കേരളത്തിൽ ഏർപ്പെടുത്താനാകും.


2021 ഡിസംബർ 24ന്​ കെ.എസ്​.ആർ.ടിസിയുടെ 3480 ബസുകൾ 1169382 കി.മീ. സർവീസ്​ നടത്തി. 1690401 യാത്രക്കാരെ കയറ്റി ഇറക്കി. സ്വകാര്യ ബസുടമകൾ പറയുന്ന കണക്കിൽ കേരളത്തിൽ 15000 സ്വകാര്യ ബസുകളുണ്ട്​. ഇവയിൽ പ്രതിദിനം 90 ലക്ഷം യാത്രക്കാർ സഞ്ചരിക്കുന്നു. അങ്ങനെ എല്ലാം കൂടി ഒരുകോടി ഏഴുലക്ഷം യാത്രക്കാർ കേരളത്തിലുണ്ട്​.

ഈ യാത്രികരിൽ 80 ശതമാനവും ഓർഡിനറി ബസുകളിലെ ആദ്യത്തെ നാലു സ്റ്റേജുകളിൽ (10 കിമീറ്റർ) യാത്ര ചെയ്യുന്നവരാണെന്നാണ് മുൻ ചീഫ് സെക്രട്ടറി രവീന്ദ്രൻ നായർ മുതൽ ഷീലാ തോമസ്​ കമ്മീഷൻ വരെ കണക്കുകളുടെ അടിസ്​ഥാനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്​. കേരള–തമിഴ്നാട് ചാർജു വ്യത്യാസം നോക്കിയാൽ ആദ്യത്തെ നാലു സ്റ്റേജുകളിൽ കേരളത്തിലെ 72 ലക്ഷം യാത്രക്കാർ ദിവസവും മൂന്നു മുതൽ ഏഴു രൂപ വരെ കൂടുതൽ കൊടുക്കുന്നുണ്ട്​. ഇത്​ പ്രതിദിനം 2.16 കോടി രൂപവരും.

കൊറോണക്ക് മുമ്പ് ഏറ്റവും ഒടുവിൽ ഓർഡിനറി ചാർജ് വർധിപ്പിച്ചത് ജി.ഒ (പി) 4/2018 ഉത്തരവിലൂടെ 2018 ഫെബ്രുവരി 26–ാം തീയതിയായിരുന്നു. അഞ്ചു കിലോമീറ്റർ യാത്ര ചെയ്യുന്നതിനുള്ള ഓർഡിനറി മിനിമം ചാർജ് എട്ടു രൂപയും ഓർഡിനറി കിലോമീറ്റർ നിരക്ക് 70 പൈസയുമായിരുന്നു. കൊറോണക്ക് മുമ്പുള്ള ആദ്യത്തെ എട്ടു സ്റ്റേജിലെ (20 കിലോമീറ്റർ) യാത്രക്കൂലി ഇങ്ങനെ-


കിലോമീറ്റർ നിരക്ക് 70 പൈസയാണെന്ന് മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും പറയുമ്പോഴും കിലോമീറ്റർ നിരക്ക് 95 പൈസ മുതൽ 320 പൈസ വരെയാണ്. 10 വർഷം മുമ്പ് യു.ഡി.എഫ് ഭരണകാലത്ത് 2011 ആഗസ്റ്റ്​ എട്ടിനായിരുന്നു മിനിമം ചാർജിന് യാത്ര ചെയ്യാവുന്ന ദൂരം രണ്ടു ഫെയർ സ്റ്റേജായ അഞ്ചു കിലോമീറ്റർ ആക്കിയത്. കൊറോണയുടെ മറവിൽ മറ്റു സംസ്​ഥാനങ്ങളൊന്നും ഓർഡിനറി ബസുകളുടെ യാത്രക്കൂലി കൂട്ടിയില്ല. എന്നാൽ, കേരളത്തിലെ എൽ.ഡി.എഫ് സർക്കാർ 2020 ജൂലൈ രണ്ടിന്​ ഓർഡിനറി കിലോമീറ്റർ യാത്രക്കൂലി 70 പൈസയിൽ നിന്നും 90 പൈസയാക്കി കൂട്ടുകയും മിനിമം ചാർജിൽ യാത്ര ചെയ്യാവുന്ന ദൂരം 5 കിലോമീറ്ററിൽനിന്നും 2.5 കി.മീ. ആക്കി കുറക്കുകയും ചെയ്തു. 60 പേരെ കയറ്റാവുന്ന ഓർഡിനറി ബസിൽ 25 യാത്രക്കാരെ മാത്രം അനുവദിച്ചതിനാലായിരുന്നു ഈ വർധനവ് എന്നായിരുന്നു ന്യായീകരണം.


പിന്നീട് കൊറോണ നിയന്ത്രണങ്ങൾ പൂർണ്ണമായി എടുത്തു കളഞ്ഞിട്ടും കൊറോണക്ക് മുമ്പുള്ള ബസ്​ ചാർജ് പുനഃസ്​ഥാപിച്ചില്ല. കൊറോണ സമയത്ത് യാത്രക്കൂലി കൂട്ടിയതോടെ ഓർഡിനറി ബസ്​ യാത്രക്കൂലി ഇരുചക്ര വാഹനത്തിലെ യാത്രാ ചെലവിന്‍റെ ഇരട്ടിയിലധികമായി. 20 കിലോമീറ്റർ ഇന്ധനക്ഷമതയുള്ള പെട്രോൾ കാറിൽ അഞ്ചു പേർക്ക്​ ഒരു കിലോമീറ്റർ യാത്ര ചെയ്യാൻ ലിറ്ററിന്​ 110 രൂപ നിരക്കിൽ ഇന്ധനം നിറച്ചാലും 550 പൈസയേ വരൂ. 50 കിലോമീറ്റർ ഇന്ധനക്ഷമതയുള്ള സ്കൂട്ടറാണെങ്കിൽ രണ്ട്​ യാത്രികർക്ക്​ കിലോമീറ്റർ ചെലവ്​ ഏകദേശം 220 പൈസയേ ആകൂ. രണ്ട്​ യാത്രികർ സഞ്ചരിക്കുന്ന ഇലക്​ട്രിക്​ ഇരുചക്രവാഹനമാണെങ്കിൽ കിലോമീറ്റർ ചെലവ്​ ഒരാൾക്ക്​ ഏകദേശം പത്തു പൈസയെ വരൂ.

ജസ്റ്റീസ്​ രാമചന്ദ്രൻ നിർദേശിക്കുകയും പിണറായി സർക്കാർ നടപ്പാക്കാനിരിക്കുന്നതുമായ പുതിയ ബസ്​ ചാർജ് വർധനവിൽ കി.മീറ്റർ നിരക്ക്​ 90 പൈസ ആണെന്ന് പറയുന്നെങ്കിലും ഓർഡിനറി ബസിൽ ഒരു കിലോമീറ്റർ യാത്രക്കായി 130 പൈസ മുതൽ 400 പൈസ വരെ ചെലവഴിക്കേണ്ടിവരും.


കഴിഞ്ഞ 11വർഷങ്ങളായി ജസ്റ്റീസ്​ രാമച​ന്ദ്രൻ കമ്മറ്റിയാണ്​ സംസ്ഥാനത്തെ സ്വകാര്യ ബസ്​ നിരക്കും ഓട്ടോ ടാക്സി നിരക്കും നിശ്​ചയിക്കുന്നത്​. പ്രതിമാസം 80000 രൂപ ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമാണ് സർക്കാർ രാമചന്ദ്രന് നൽകുന്നത്​. വി.എസ്​. അച്യുതാനന്ദൻ മുഖ്യമ​ന്ത്രിയായിരിക്കെ, 2010 ആഗസ്റ്റ്​ 18ന്​ ജി.ഒ (എം.എസ്​) 64/2010 ഉത്തരവിലൂടെയാണ്​ ജസ്റ്റീസ്​ രാമചന്ദ്രൻ ചെയർമാനായി ബസ്​ ഫെയർ റിവിഷൻ കമ്മിറ്റി രൂപവത്​കരിച്ചത്​. വിശ്വഹിന്ദു പരിഷിത്തിന്റെ കേരളത്തിലെ മുഖപത്രമായ ഹിന്ദുവിശ്വയുടെ എഡിറ്റോറിയൽ അഡ്വൈസറി ബോർഡ് ചെയർമാനുമായിരുന്നു ജസ്റ്റീസ്​ രാമചന്ദ്രൻ.

2011 ൽ അധികാരത്തിൽ വന്ന യു.ഡി.എഫ് സർക്കാരും 2016 ൽ അധികാരത്തിൽ വന്ന എൽ.ഡി.എഫ് സർക്കാരും 2021 ലെ തുടർ എൽ.ഡി.എഫ്. സർക്കാരും ജസ്റ്റീസ്​ രാമചന്ദ്രനെ നിലനിർത്തി. വൈദ്യുതി നിരക്ക് നിർണ്ണയ കമ്മീഷൻ പോലെ നിയമത്തിന്‍റെ പിൻബലമില്ല ​ഫെയർ റിവിഷൻ കമ്മിറ്റിക്ക്. അതുകൊണ്ടുതന്നെ സംസ്​ഥാന സർക്കാറിന് ആരെ വേണമെങ്കിലും നിയമിക്കാം.

തമിഴ്നാട് ബസ് ടിക്കറ്റുകൾ

ജസ്റ്റീസ്​ രാമചന്ദ്രന്‍റെ നിർദേശപ്രകാരം രണ്ടു കിലോമീറ്റർ ദൂരത്തിലുള്ള ആദ്യത്തെ ഫയർ സ്റ്റേജിലെ ഓർഡിനറി മിനിമം കൂലി 10 രൂപയായിരിക്കും. ഓർഡിനറി കിലോമീറ്റർ യാത്രക്കൂലി 90 പൈസയും. ഈ നിർദേശങ്ങൾ എൽ.ഡി.എഫ് സർക്കാർ അംഗീകരിച്ചാൽ കോവിഡിന് മുമ്പിലുണ്ടായിരുന്ന 10 കി.മീറ്റർ ദൂരത്തിലെ യാത്രാക്കൂലി 12 രൂപയിൽ നിന്നും 17 രൂപയായി ഉയരും.

90 പൈസയാണ് കിലോമീറ്റർ ഓർഡിനറി യാത്രക്കൂലി എന്ന് സർക്കാർ അവകാശപ്പെടുമ്പോഴും ഓർഡിനറി ബസുകളിലെ യാത്രക്കാർ യഥാർഥത്തിൽ നൽകേണ്ടിവരുന്ന കിലോമീറ്റർ യാത്രാക്കൂലി 170 പൈസയാണ്. 2.5 കിലോമീറ്റർ യാത്ര ചെയ്യാൻ 10 രൂപ നൽകുന്നവർ നൽക​കേണ്ടി വരുന്ന യാത്രാക്കൂലി കിലോമീറ്റർ 400 പൈസ അഥവാ നാലു രൂപയായിരിക്കും.

Tags:    
News Summary - Kerala to hike bus fare as double to Tamil Nadu's minimum charge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.