നെടുങ്കയം: രാഹുൽ ഗാന്ധി ആരാണെന്നറിയോ? പ്രധാനമന്ത്രി ആരാ? മത്സരിക്കുന്ന സ്ഥാനാർഥികളാരൊക്കെയാ? ചോദ്യങ്ങൾക്കു മുന്നിൽ ഏഷ്യയിലെ ഏക ഗുഹാവാസികളായ ചോലനായ്ക്കരിൽ പെട്ട അറുപതുകാരനായ പാണപ്പുഴ കരിയൻ നിസഹായനായി. വെറ്റിലക്കറയുള ്ള പല്ലുകൾ കാട്ടി ചിരിച്ചു കൊണ്ട് ആരെയും അറിയില്ലെന്ന് അയാൾ മറുപടി നൽകി. വയനാട് മണ്ഡലത്തിന്റെ ഭാഗമായ നെടുങ്കയ ം വനത്തിൽ ആദിവാസികൾക്ക് മാത്രമായി സജ്ജമാക്കിയ പോളിങ് ബൂത്തിൽ വോട്ടു ചെയ്യാനെത്തിയതായിരുന്നു കരിയനും കുടുംബ വും. കൂടെയുള്ള ചെറുപ്പക്കാരായ കുംഭനും സണിക്കുമൊന്നും രാഹുൽ ഗാന്ധി ആരെന്നോ സ്ഥാനാർഥി ഏതാണെന്നോ ഒരു പിടിയുമില് ല.
വനം വകുപ്പിന്റെ ജീപ്പിൽ സായുധ സേനക്കൊപ്പം വി.ഐ.പികളെ പോലെയാണ് കരിയനും സംഘവുമെത്തിയത്. രാവിലെ തുടങ്ങിയ കാ ത്തിരിപ്പിനൊടുവിൽ ഉച്ചക്ക് 12.30 ഓടെയാണ് ചോലനായ്ക്കരുടെ ആദ്യ സംഘം വോട്ടു ചെയ്യാനെത്തിയത്. നെടുങ്കയത്തെ ബൂത്തിൽ ആകെയുള്ളത് 467 വോട്ടർമാർ. ഇതിൽ 266 പേർ പുരുഷന്മാരും 201 വനിതകളുമാണ്.
വനത്തിനുള്ളിലെ നെടുങ്കയം, മുണ്ടക്കടവ്, മാഞ്ചീരി കോളനികളിലാണ് ആദിവാസികൾ താമസിക്കുന്നത്. ഉൾവനമായ മാഞ്ചീരിയിലും പരിസര പ്രദേശങ്ങളായ മണ്ണള, താളിപ്പുഴ, പാണപ്പുഴ, മീമുട്ടി, നാഗമല, വരിച്ചിൽമല, പൂച്ച പാറ, മഞ്ഞക്കല്ലൻ പുഴ, ചേമ്പ് കല്ല് മല എന്നിവിടങ്ങളിലുമാണ് ചോലനായ്ക്കരുള്ളത്. പാറക്കെട്ടിലും അളകളിലുമായി ജീവിക്കുന്ന ഇവരുടെ ആകെ എണ്ണം 205. ഇതിൽ മാഞ്ചീരി, പാണപ്പുഴ, മീൻമുട്ടി ഭാഗങ്ങളിലുള്ളവർ മാത്രമേ തെരഞ്ഞെടുപ്പിനെ കുറിച്ച് കേട്ടിട്ടു തന്നെയുള്ളൂ. ആകെ 88 വോട്ടർമാരാണുള്ളത്. വണ്ടിയുമായി ചെന്നിട്ടും 25 പേരോളമാണ് വോട്ടു ചെയ്യാൻ വന്നത്.
രാഹുൽ ഗാന്ധിയെന്ന് കേട്ടിരിക്കുന്നവരിലൊരാളാണ് മണ്ണള കരിയൻ. രാഹുൽ ഗാന്ധിയെ അറിയോന്ന് ചോദിച്ചപ്പോൾ മ്മളെ രാജീവ് ഗാന്ധിയുടെ മകനല്ലേയെന്ന് മറു ചോദ്യം. സർക്കാറൊന്നും ഒന്നും ചെയ്യുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ പരിഭവം.
വോട്ടു ചെയ്യാൻ വരുന്ന വരവിൽ വന വിഭവങ്ങളായ തേനും കുന്തിരിക്കവുമായാണ് കുംഭനും സണിയുമെത്തിയിരിക്കുന്നത്. തേൻ കൊടുക്കുമോ എന്ന ചോദ്യത്തിന് ഇല്ലെന്ന് കുംഭൻ തലയാട്ടി. നെടുങ്കയം ചെക് പോസ്റ്റിൽ വനം വകുപ്പിന്റെ വിൽപന കേന്ദ്രത്തിൽ കൊടുക്കാനുള്ളതാണെന്ന് പൊലീസുകാർ പറഞ്ഞു. കാമറക്ക് മുന്നിൽ നിൽക്കാനും സംസാരിക്കാനും ചിലർക്ക് മടി. കൂട്ടത്തിലൊരാൾ ചാനൽ കാമറ തട്ടിമാറ്റി. പോളിങ് ബൂത്തിലെ ആളും ബഹളവും കണ്ടതിന്റ അമ്പരപ്പ് ചിലരുടെ മുഖത്തുണ്ട്.
പൊലീസുകാർക്കൊപ്പം ജീപ്പിൽ നിന്ന് ഇറങ്ങിയതിന് ശേഷവും നിർബന്ധിച്ചാണ് പലരെയും പോളിങ് ബൂത്തിലെത്തിച്ചത്. ഇവരുടെ കൂട്ടത്തിൽ രണ്ടു വർഷം മുമ്പുവരെ വനം വകുപ്പ് ഗാർഡായിരുന്ന ബാലനാണ് വോട്ടെടുപ്പിന് സഹായിക്കുന്നത്. ജോലി എന്തിനാ ജോലി ഉപേക്ഷിച്ചതെന്ന ചോദ്യത്തിന് മാഞ്ചീരിയിൽ കഴിയാനാണിഷ്ടമെന്ന് ബാലൻ. കൂട്ടത്തിൽ എഴുത്തും വായനയും അറിയാവുന്നതും ഈ ചെറുപ്പക്കാരനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.