കേരള സർവകലാശാല തെരഞ്ഞെടുപ്പ്​; നാമനിർദ്ദേശപത്രിക അകാരണമായി തള്ളിയതായി പരാതി

തിരുവനന്തപുരം: കേരള സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ നോമിനേഷൻ തള്ളിയതായി പരാതി. എസ്.എഫ് ഐ യുടെ എതിരില്ലാത്ത വിജയം ഉറപ്പാക്കാൻ ഫ്രറ്റേണിറ്റി മൂവ്മെന്റ സ്ഥാനാർഥി നൂഹ ബത്തൂലിന്റെ പത്രിക തള്ളിയതായാണ് ആരോപണം. യു.യു.സി സ്ഥാനത്തേക്കുള്ള നോമിനേഷനാണ് തളളിയത്.


ഇസ്ലാമിക് ഹിസ്റ്ററിയിൽ രണ്ടാം വർഷ വിദ്യാർഥിനിയാണ് നൂഹ. സൂക്ഷ്മപരിശോധനയിൽ റിട്ടേണിങ്ങ് ഓഫീസർ നോമിനേഷൻ സ്വീകരിക്കുകയും സ്ഥാനാർഥിയുടെ അഭാവത്തിൽ എസ്.എഫ്.ഐ പ്രതിനിധികൾ പ്രശ്നമുണ്ടാക്കുകയും റിട്ടേണിങ്ങ് ഓഫിസർ ഏകപക്ഷീയമായി അവരുടെ വാദം അംഗീകരിക്കുകയുമായിരുന്നെന്നാണ് ആക്ഷേപം. എസ്.എഫ്.ഐ ക്കെതിരായ ഏക സ്ഥാനാർഥിയായിരുന്നു നൂഹ. നൂഹയുടെ നോമിനേഷൻ തള്ളിയതോടെ ആ സീറ്റിൽ എസ്.എഫ്.ഐ എതിരില്ലാതെ വിജയിക്കും.


നോമിനേഷൻ തള്ളിയത് സംബന്ധിച്ച വിശദീകരണം ആവശ്യപ്പെട്ടിട്ടും റിട്ടേണിങ്​ ഓഫീസർ നൽകാൻ തയ്യാറായിരുന്നില്ല. നാമനിർദേശപത്രിക സംബന്ധിച്ച് ഗ്രീവൻസ് സെല്ലിൽ പരാതി നൽകുന്നതിനുവേണ്ടി കോളേജിലെ അധികൃതരെ സമീപിച്ചപ്പോൾ അത്തരത്തിലുള്ള ഒരു ബോഡിയും കോളേജിൽ പ്രവർത്തിക്കുന്നില്ല എന്നാണ് മറുപടി ലഭിച്ചത്. പ്രസ്തുത വിഷയം ഉന്നയിച്ചുകൊണ്ട് യൂണിവേഴ്സിറ്റി ഗ്രീവൻ സെല്ലിൽ ഫ്രറ്റേണിറ്റി മൂവ്മെൻറ് പരാതി നൽകിയിട്ടുണ്ട്.


സാങ്കേതിക കാരണങ്ങൾ ആരോപിച്ചുകൊണ്ട് നാമനിർദ്ദേശ പത്രിക തള്ളിയതിനെതിരെ കോടതിയിൽ കേസ് നൽകുമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ നേതാക്കൾ പറഞ്ഞു.പത്രിക തള്ളാൻ ആധാരമായി ചൂണ്ടിക്കാട്ടിയ കാരണങ്ങൾ വസ്തുതാ വിരുദ്ധമാണെന്നും വിദ്യാർഥികളുടെ ജനാധിപത്യ അവകാശം നിഷേധിക്കുകയും , എസ് എഫ് ഐ യുടെ ഫാഷിസ്റ്റ് വാഴ്ച ഉറപ്പാക്കുകയുമാണ് ഇതിലൂടെ സംഭവിച്ചിരിക്കുന്നതെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻറ് ജില്ലാ പ്രസിഡൻറ് നൗഫ ഹാബി ആരോപിച്ചു.

Tags:    
News Summary - Kerala University Election; Complaint that the nomination paper was rejected unreasonably

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.