‘റീ കൗണ്ടിങ്​​ നടത്തി ശ്രീക്കുട്ടനെ തോൽപിച്ചത്​ മനസ്സിൽ ഇരുട്ടുകയറിയവർ’

പത്തനംതിട്ട: തൃശൂർ കേരളവർമ കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ കെ.എസ്.യു ചെയര്‍മാൻ സ്ഥാനാർഥി ശ്രീക്കുട്ടനെ റീ കൗണ്ടിങ്​​ നടത്തി തോൽപിച്ചതായി പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശൻ മാധ്യമങ്ങളോട്​ പറഞ്ഞു. റീ കൗണ്ടിങ് രാത്രിയില്‍ പാടില്ലെന്നും രാവിലത്തേക്ക് മാറ്റണമെന്നും കെ.എസ്.യു അഭ്യർഥിച്ചു. എന്നാൽ, കോളജ് മാനേജറായ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് രാത്രി റീ കൗണ്ടിങ് നടത്തേണ്ടി വന്നെന്നാണ് അധ്യാപകര്‍ പറഞ്ഞത്.

അർധരാത്രി റീ കൗണ്ടിങ്ങിനിടെ രണ്ടുതവണ വൈദ്യുതി പോയി. ഇതിന് പിന്നാലെ എതിർ സ്ഥാനാർഥി വിജയിച്ചതായി പ്രഖ്യാപിച്ചു. ജയിച്ച ശ്രീക്കുട്ടനെ ഇവർ തോൽപിച്ചു. ശ്രീകുട്ടന്റെ കണ്ണിലാണ് ഇരുട്ട്. പക്ഷേ, ഈ ക്രൂരകൃത്യം ചെയ്തവരുടെ മനസ്സിലാണ് ഇരുട്ടെന്ന് കേരളത്തിന് ബോധ്യമായി. ഇതിനെ നിയമപരമായി കെ.എസ്.യു നേരിടും -വി.ഡി. സതീശൻ പറഞ്ഞു.

രൂക്ഷമായ ധനപ്രതിസന്ധിയിലൂടെ സര്‍ക്കാർ കടന്നുപോകുന്നുവെന്നാണ് കോടതിയിൽ പറഞ്ഞത്. എന്നിട്ടും ദാരിദ്ര്യം മറയ്ക്കാൻ പട്ടുകോണകം പുരപ്പുറത്ത് ഉണക്കാൻ ഇട്ടിരിക്കുന്നത് പോലെയാണ് കേരളീയം നടത്തുന്നതെന്നും സതീശൻ പരിഹസിച്ചു. കുഞ്ഞുങ്ങളുടെ ഉച്ചയൂണിനുള്ള പണംപോലും നൽകാൻ ശേഷിയില്ലാത്ത സര്‍ക്കാറാണ് ഈ ആർഭാടം കാട്ടുന്നത്.

കെ.എസ്‌.യുവിന്റെ നിയമ പോരാട്ടത്തിന് കെ.പി.സി.സി പിന്തുണ -കെ. സുധാകരൻ

പത്തനംതിട്ട: കേരളവർമ കോളജിലെ കെ.എസ്.യു ചെയർമാൻ സ്ഥാനാർഥി ശ്രീക്കുട്ടന്റെ തെരഞ്ഞെടുപ്പ് വിജയം റീ കൗണ്ടിങ്ങിലൂടെ എസ്.എഫ്.ഐ അട്ടിമറിച്ച ജനാധിപത്യവിരുദ്ധ നടപടി അംഗീകരിക്കാനാവില്ലെന്നും ഇതിനെതിരായ കെ.എസ്‌.യുവിന്റെ നിയമപോരാട്ടത്തിന് കെ.പി.സി.സി എല്ലാ പിന്തുണയും നല്‍കുമെന്നും പ്രസിഡന്റ് കെ. സുധാകരൻ എം.പി മാധ്യമങ്ങളോട്​ പറഞ്ഞു.

റീ കൗണ്ടിങ് നടത്തിയപ്പോൾ എസ്.എഫ്.ഐക്ക് 11 വോട്ടിന്റെ വിജയം സാധ്യമായതിന്​ പിന്നിലെ ചെപ്പടിവിദ്യയെന്തെന്ന്​ കോണ്‍ഗ്രസിന് വ്യക്തമായി അറിയാമെന്നും സുധാകാരൻ പറഞ്ഞു. ജനാധിപത്യത്തെ സംരക്ഷിക്കാൻ മുഖ്യമന്ത്രിയും ഗവർണറും ഭരണഘടനക്ക്​ വിധേയമായി പ്രവര്‍ത്തിക്കണമെന്നും കെ. സുധാകരൻ പറഞ്ഞു. 

Tags:    
News Summary - Kerala Varma College election re counting issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.