തൃശൂർ: ശ്രീ കേരളവർമ കോളജിൽ മുൻ എസ്.എഫ്.ഐ നേതാവിനെ അധ്യാപകനായി നിയമിക്കാനായി ഒന്നാം റാങ്കുകാരിയെ സമ്മർദത്തിലാക്കിയെന്ന് ആരോപണം. പൊളിറ്റിക്കൽ സയൻസിലെ അതിഥി അധ്യാപക നിയമനവുമായി ബന്ധപ്പെട്ടാണ് വിവാദം. പിന്മാറാൻ ഒന്നാം റാങ്കുകാരിയിൽ സമ്മർദം ചെലുത്തിയെന്ന് ഇന്റർവ്യൂ പാനലിലുണ്ടായിരുന്ന അധ്യാപിയാണ് വെളിപ്പെടുത്തിയത്. ഇതോടൊപ്പം മുൻ എസ്.എഫ്.ഐ നേതാവിനെ ഒന്നാമതെത്തിക്കാൻ ഭീഷണിപ്പെടുത്തിയെന്നും അശ്ലീല ആംഗ്യം കാണിച്ചെന്നും ആരോപിച്ച് വകുപ്പ് മേധാവിക്കെതിരെ അധ്യാപിക പൊലീസിൽ പരാതി നൽകി. വിഷയ വിദഗ്ധ കൂടിയായ ഡോ. ജുവൽ ജോൺ ആലപ്പാട്ടാണ് പരാതി നൽകിയത്.
മേയിലായിരുന്നു നിയമന നടപടി പൂർത്തിയാക്കിയത്. നാലുപേരാണ് ഇന്റർവ്യൂ പാനലിൽ ഉണ്ടായിരുന്നത്. പ്രിൻസിപ്പൽ, പൊളിറ്റിക്കൽ സയൻസ് വകുപ്പ് മേധാവി, ജുവൽ ജോൺ ആലപ്പാട്ട്, മറ്റൊരു അധ്യാപകൻ എന്നിവരായിരുന്നു പാനൽ. അഭിമുഖത്തിൽ പാലക്കാട് സ്വദേശിയായ യുവതിക്കാണ് ഒന്നാം റാങ്ക്. രണ്ട് വർഷമായി അതിഥി അധ്യാപകനായി കേരളവർമയിൽ തുടരുന്ന മുൻ എസ്.എഫ്.ഐ നേതാവ് റാങ്ക് പട്ടികയിൽ രണ്ടാമതായി. ഒന്നാം റാങ്ക് ലഭിക്കാതെ വന്നപ്പോൾ വകുപ്പ് മേധാവി ഒപ്പിടാൻ തയാറായില്ലെന്ന് പരാതിയിൽ പറയുന്നു.
ഇതിനിടെ നിയമനം നടക്കാത്തതിനെതിരെ കോളജിൽ എസ്.എഫ്.ഐയുടെ പ്രതിഷേധവുമുയർന്നു. പ്രിൻസിപ്പലിനെയും അടുത്ത ദിവസം സ്റ്റാഫ് കൗൺസിൽ യോഗത്തിൽ അധ്യാപകരെയും തടഞ്ഞുവെച്ച് പ്രതിഷേധിച്ചിരുന്നു. അധ്യാപകരാണ് നിയമനത്തിന് തടസ്സമെന്ന ആക്ഷേപമുയർന്നതിന് പിന്നാലെയാണ് ഡോ. ജുവൽ ജോൺ ആലപ്പാട്ട് വിവരങ്ങൾ വെളിപ്പെടുത്തിയത്. അധ്യാപികയുടെ പരാതിയിൽ സെപ്റ്റംബർ 23ന് വെസ്റ്റ് പൊലീസ് കേസെടുത്തിരുന്നു. കേസ് കോടതിയിലാണ്. അതിനിടെ, ഒന്നാം റാങ്കുകാരിയെ ഭീഷണിപ്പെടുത്തിയതിന്റെ വാട്സ്ആപ് ചാറ്റുകളും പുറത്ത് വന്നു. പിന്മാറാൻ ആവശ്യപ്പെട്ട് നിരന്തരം ഫോൺവിളി ലഭിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നതാണ് വാട്സ്ആപ് ചാറ്റ്. റാങ്ക് പട്ടിക ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. ഒന്നാം റാങ്കുകാരി പാലക്കാട്ടെ മറ്റൊരു കോളജിൽ അതിഥി അധ്യാപികയായി ജോലിയിൽ പ്രവേശിച്ചിട്ടുണ്ട്.
അധ്യാപക നിയമനമാണ് ആവശ്യം -എസ്.എഫ്.ഐ
തൃശൂർ: ഇന്നയാളെ നിയമിക്കണമെന്ന് പറഞ്ഞില്ലെന്നും പൊളിറ്റിക്സ് അധ്യാപകരെ നിയമിക്കുകയാണ് ആവശ്യമെന്നും എസ്.എഫ്.ഐ ജില്ല സെക്രട്ടറി ഹസന് മുബാറക്ക്. യോഗ്യതയുള്ള ആരെയും നിയമിക്കാം. ഏതെങ്കിലും ഒരാളെ അധ്യാപകനാക്കണമെന്ന് പറഞ്ഞിട്ടില്ല. നിയമനം വൈകരുതെന്നതാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.